കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ; റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഐ.സി.എം.ആർ ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെ ഉണ്ടെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ വ്യക്തമാക്കി. ഐ.സി.എം.ആറിനെ പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകർക്കും, ജേർണൽ എഡിറ്റർക്കും ഐ.സി.എം.ആർ കത്തയച്ചു.
ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലില്‍ പഠന റിപോര്‍ട് പ്രസിദ്ധീകരിച്ചു.
കോവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍, 635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു. 30 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. പ്രധാനമായും ശ്വസനനാളിയുടെ മുകള്‍ഭാഗത്ത് ഇന്‍ഫെക്ഷനുണ്ടാവുകയാണ് ചെയ്തത്. 304 കൗമാരക്കാര്‍ക്കും 124 മുതിര്‍ന്നവര്‍ക്കും ഈ അസുഖം അനുഭവപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതരമായ പാര്‍ശ്വഫലം കണ്ടെത്തിയത്. പക്ഷാഘാതം, ഗില്ലന്‍ബാരി സിന്‍ഡ്രോം എന്നിവയാണ് ഒരു വര്‍ഷത്തിനിടെ ഇവര്‍ക്കുണ്ടായത്. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ ഒരു വര്‍ഷത്തിനുള്ളില്‍ മുതിര്‍ന്നവരിലുമുണ്ടായതായി പഠനത്തില്‍ കണ്ടെത്തി. 4.6 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവപ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും പഠനത്തില്‍ പറഞ്ഞിരുന്നു.