മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിലാണിപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ലൈംഗിക അധിക്ഷേപക്കുറ്റം ചുമത്തുന്ന കേസുകളില്‍ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സ്വാഭാവിക നടപടിക്രമമാണ്. ഇതിനായി കന്‍റോണ്‍മെന്‍റ് പോലീസ് നേരത്തെ തന്നെ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, മജിസ്ട്രേറ്റ് മാറിപ്പോയതോടുകൂടിയാണ് മറ്റൊരു കോടതിയിലേക്ക് അപേക്ഷ മാറ്റിയത്. മൊഴി രേഖപ്പെടുത്തുന്നതോടെ പോലീസിന് എത്രയും വേഗം അന്വേഷണ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കേണ്ടി വരും. അതിനുമുമ്പ് നിയമോപദേശം നേടി തുടർനടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം.