മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബി ജെ പി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്. ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മുതൽ വിലക്ക് നിലവിൽ വന്നു. ഗംഗോപാധ്യ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ അദ്ദേഹത്തിന്റെ പരാമർശം വ്യക്തിഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ 15ന് ഹാൽദിയയിലെ പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ മോശം പരാമർശം നടത്തിയത്. “മമതാ ബാനർജി, നിങ്ങളെ എത്ര രൂപക്കാണ് വിൽപ്പന നടത്തിയത്? നിങ്ങളുടെ നിരക്ക് പത്ത് ലക്ഷമാണ്, എന്തുകൊണ്ട്? കേയാ സേത് നിങ്ങൾക്ക് മേക്കപ്പ് ഇട്ടതിനാലാണ് ഇത്ര തുക. മമത, നിങ്ങളൊരു സ്ത്രീയാണോ?- ഇതാണ് ബി ജെ പി നേതാവ് പറഞ്ഞത്. ബംഗാളിലെ സന്ദേശ്ഖലിയിലെ ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണ ആയുധമാക്കുമ്പോഴാണ് പാർട്ടി സ്ഥാനാർഥിയുടെ സ്ത്രീവിരുദ്ധ പരാമർശം. ബി ജെ പി സ്ത്രീവിരുദ്ധമാണെന്ന ടാഗ് സാമൂഹിക മാധ്യമത്തിൽ തൃണമൂൽ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, ഗംഗോപാധ്യായയുടെ പരാമർശം വന്ന വീഡിയോ വ്യാജമാണെന്ന അവകാശവാദത്തിലാണ് ബി ജെ പി. അത്തരമൊരു വീഡിയോ നിലനിൽക്കുന്നുവെന്നത് സമ്മതിച്ചുതരില്ല. ഇത് തൃണമൂലിന്റെ കളിയാണ്. ബി ജെ പിയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ ഇറക്കുകയാണ് അവർ. എന്നാൽ, അതൊന്നും തിരഞ്ഞെടുപ്പിനെ തെല്ലും ബാധിക്കില്ലെന്നും ബി ജെ പി വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.