മൈസൂരുവില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. ഭർത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.
ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ നന്ദിഷ് വിദ്യയെ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ട നടപടികള്‍ക്കായി മൃതദേഹം മൈസൂരു കെആർ ആശുപത്രിയിലേക്ക് മാറ്റി.