ചരിത്രത്തിൻ്റെ ഭാഗമായി ആര്‍എല്‍വി രാമകൃഷ്ണൻ; കലാമണ്ഡലത്തിൻ്റെ ആദ്യത്തെ നൃത്താധ്യാപകൻ

തൃശൂർ: ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചു. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
‘വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭകാലത്ത് ചെന്നൈയില്‍ നിന്നുള്ള എആർആർ ഭാസ്‌കർ, രാജരത്‌നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താദ്ധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുക എന്നത് സൗഭാഗ്യകരമായ കാര്യമായാണ് കരുതുന്നത്’- ആർഎല്‍വി രാമകൃഷ്ണൻ പറഞ്ഞു.
1996 മുതല്‍ തൃപ്പൂണിത്തുറ ആർഎല്‍വി കോളജില്‍ മോഹിനിയാട്ടം പഠിച്ച രാമകൃഷ്ണൻ നാലു വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടി. എംജി സർവകലാശാലയില്‍ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കില്‍ പാസായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെർഫോമിംഗ് ആർട്സില്‍ എംഫിലില്‍ ഒന്നാം സ്ഥാനവും നേടി. നെറ്റ് യോഗ്യത നേടിയ ശേഷം കലാമണ്ഡലത്തില്‍ നിന്നാണ് പിഎച്ച്‌ഡി പൂർത്തിയാക്കിയത്.
15 വർഷത്തിലധികം കാലടി സംസ്കൃത സർവകലാശാലയിലും ആർഎല്‍വി കോളജിലും മോഹിനിയാട്ടം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് ഭരതനാട്യത്തില്‍ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ അടുത്തിടെ ഏറെ വിവാദമായിരുന്നു.
TAGS : RLV RAMAKRISHNAN
SUMMARY : RLV Ramakrishnan as part of history; Kalamandalam’s first dance teacher