റിമാല്‍ ചുഴലിക്കാറ്റ്; കൊല്‍ക്കത്ത വിമാനത്താവളം അടുത്ത 21 മണിക്കൂര്‍ അടച്ചിടും

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടുത്ത 21 മണിക്കൂറില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. പശ്ചിമ ബംഗാള്‍ തീരത്ത് റിമാല്‍ ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. ഓഹരി ഉടമകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് എൻഎസ്സിബിഐ എയർപോർട്ട് ഡയറക്ടർ സി പട്ടാഭി പ്രസ്താവനയിൽ പറഞ്ഞു.
കൊല്‍ക്കത്തയില്‍ മെയ് 26, 27 തിയ്യതികളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശില്‍ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാള്‍ തീരത്തിനിടയില്‍ തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ ആണ് സാധ്യത. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി. മത്സത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും വടക്കൻ ഒഡീഷയിലും മെയ് 26, മെയ് 27 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാളിൽ, 1.5 മീറ്റർ വരെ ഉയരത്തിലുള്ള കൊടുങ്കാറ്റ് തീരത്തോടടുത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് പ്രവചനം. മെയ് 27 ന് രാവിലെ വരെ വടക്കൻ ബംഗാൾ ഉൾക്കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.