ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ നഗരത്തിൽ നിന്ന് 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. നോർത്ത് ഡിവിഷനിൽ രജിസ്റ്റർ ചെയ്ത 2,647 കേസുകളിൽ നിന്നാണ് പിഴയിനത്തിൽ 15,99,900 രൂപ പിരിച്ചെടുത്തത്. മെയ് 16 നും മെയ് 23 നും ഇടയിലാണ് ട്രാഫിക് പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കൽ, ഫുട്പാത്ത് പാർക്കിംഗ്, റാഷ് റൈഡിംഗ്, നമ്പർ പ്ലേറ്റുകൾ മറച്ചുള്ള യാത്ര എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാത്രി നഗരത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 386 വാഹന ഉപയോക്താക്കൾക്കെതിരെ പോലീസ് കേസെടുത്തു. നഗരത്തിലുടനീളം 17,361 വാഹനങ്ങളാണ് വെള്ളിയാഴ്ച മാത്രം ട്രാഫിക് പോലീസ് പരിശോധിച്ചത്.
സൗത്ത് ഡിവിഷനിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ 136 കേസുകൾ രജിസ്റ്റർ ചെയ്തു. ജയനഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതുമായി ബന്ധപ്പെട്ട് 19 രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റിയിൽ 15 കേസുകളും, ബെല്ലന്ദൂരിലും, അഡുഗോഡിയിലും13 കേസുകൾ വീതാവും രജിസ്റ്റർ ചെയ്തു.