ആളൊഴിഞ്ഞ പ്രദേശത്ത് വയോധികൻറെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; അന്വേഷണം

കോട്ടയം തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സമീപവാസിയായ വീട്ടമ്മയാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയൻറഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശവാസിയായ ഒരു വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ മൃതദേഹവശിഷ്ടങ്ങള്‍ ഇയാളുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിയിട്ടുണ്ട്. ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്.
രണ്ടു പുരയിടങ്ങളുടെ ഇടവഴിയില്‍ ആണ് ശരീര അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. ആത്മഹത്യയാണോ മറ്റേതെങ്കിലും തരത്തില്‍ അപായപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ശേഷമേ പറയാൻ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.