റിമാല്‍ ചുഴലിക്കാറ്റ്; താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകള്‍ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സർവീസുകള്‍ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇൻഡിഗോയുടെ കൊല്‍ക്കത്ത-പോർട്ട് ബ്ലെയർ വിമാനം രാവിലെ 8.59 ന് പുറപ്പെട്ടു.
കൊല്‍ക്കത്തയില്‍ ആദ്യം ഇറങ്ങിയത് സ്പൈസ് ജെറ്റിൻ്റെ ഗുവാഹത്തിയില്‍ നിന്നുള്ള വിമാനമായിരുന്നു. രാവിലെ 09.50നാണ് വിമാനം ലാൻഡ് ചെയ്തതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മറ്റ് ചില വിമാനങ്ങള്‍ക്കായി ചെക്ക്-ഇൻ ഓണായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.16നായിരുന്നു അവസാന വിമാനം. വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റിമാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഉച്ച മുതല്‍ 21 മണിക്കൂർ വിമാന സർവീസുകള്‍ നിർത്തിവയ്ക്കാൻ കൊല്‍ക്കത്ത വിമാനത്താവള അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു. ശനിയാഴ്ച നടന്ന വിമാനത്താവള ഓഹരി ഉടമകളുടെ യോഗത്തിന് ശേഷമാണ് മുൻകരുതല്‍ എന്ന രീതിയില്‍ സർവീസുകള്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്.