പാർട്ടിവിരുദ്ധ പ്രവർത്തനം; നാല് നേതാക്കൾക്ക് നോട്ടീസ് അയച്ച് ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് നേതാക്കൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നോട്ടീസ് അയച്ചു. ഉഡുപ്പി ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മഹേഷ് താക്കൂർ, കാപ്പു മണ്ഡലം വൈസ് പ്രസിഡൻ്റ് ഉപേന്ദ്ര നായക്, ജില്ലാ യുവമോർച്ച വൈസ് പ്രസിഡൻ്റ് ഡോ. റോഷൻ ഷെട്ടി, ജില്ലാ ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി. ഡോ. ജുനൈദ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്‌സ്, സൗത്ത് വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലേക്കുള്ള പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ചുവെന്ന ആരോപണമാണ് നേതാക്കൾക്കെതിരെ ഉള്ളത്. നോട്ടിസിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. നോട്ടിസിന് 48 മണിക്കൂറിനകം ജില്ലാ പ്രസിഡൻ്റിന് മുന്നിൽ വിശദീകരണം നൽകണമെന്നും കമ്മിറ്റി അറിയിച്ചു.