ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ജാമ്യം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. യു.എ.പി.എ, രാജ്യദ്രോഹ കേസുകളാണ് ഷർജീല്‍ ഇമാമിനെതിരെ ചുമത്തിയത്. ഡല്‍ഹിയിലെ ജാമിഅ, അലിഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളുടെ പേരിലായിരുന്നു കേസ്.
ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്, മനോജ് ജെയിൻ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കാത്ത കീഴ്ക്കോടതി വിധിക്കെതിരെ ഷർജീല്‍ ഇമാം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. താൻ നാലര വർഷമായി ജയിലില്‍ തുടരുകയാണെന്നും കേസില്‍ തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വർഷം തടവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി തെറ്റായാണ് ജാമ്യം നിഷേധിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയില്‍ വാദിച്ചിരുന്നു. 2020 ജനുവരി 16ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പോലീസാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്.
ദേശദ്രോഹം, യുഎപിഎ, ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന എന്നിങ്ങനെ നിരവധി വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഒരെണ്ണം പോലും തെളിയിക്കപ്പെട്ടിരുന്നില്ല. ആകെയുള്ള എട്ടുകേസുകളില്‍ അഞ്ചെണ്ണത്തില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, യു എ പി എ കേസുകളുടെ അടിസ്ഥാനത്തിലാണ് ജയിലില്‍ കഴിയേണ്ടി വരുന്നത്.