കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ, 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തില്‍ കാലവർഷം ഇന്ന് എത്തിച്ചേരും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെ ഫലമായി വരും ദിവവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.
ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ എറണാകുളത്തും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിശക്തമായ മഴയായിരുന്നു ഈ ജില്ലകളിൽ ലഭിച്ചത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്ചവരെ യെല്ലോ അലർട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.