ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണി- സണ്ണി എം കപിക്കാട്


ബെംഗളൂരു: ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണിയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ജാതി ചിലര്‍ക്ക് പ്രിവിലേജാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും' എന്ന വിഷയത്തില്‍ നെക്കാബ് മാറ്റിനി ഇന്ദിരാനഗര്‍ ഇസിഎയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെ ഒരു പ്രധാന പ്രത്യേകത എന്നത് അത് സമൂഹത്തെ വിവിധ തട്ടുകളായി വിഭജിച്ചിരിക്കുന്നു എന്നതാണ്. ജാതിയെ നമുക്ക് ഒരു പിരമിഡിനോട് ഉപമിക്കാമെങ്കില്‍ ജാതിയില്‍ ഉന്നതരെന്ന് വിളിക്കപ്പെടുന്നവര്‍ ഇതിന്റെ മേല്‍തട്ടിലും അധമരെന്ന് വിളിക്കപ്പെടുന്നവര്‍ ഇതിന്റെ ഏറ്റവും താഴെത്തട്ടിലും ആണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഒരു പ്രശ്‌നം ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയിലേക്ക് പോകാന്‍ പറ്റില്ല എന്നതാണ്. ജാതിയില്‍ നിന്നും മറ്റൊരു ജാതിയിലേക്ക് ഒരു മനുഷ്യനും പ്രവേശനമില്ല. മാറാന്‍ പറ്റാത്ത, സ്റ്റാറ്റിക് ആയ, ജന്മം കൊണ്ട് കിട്ടുന്നതും മരണം കൊണ്ട് വിട്ടു പോകുന്നതുമായ ഒരു കാര്യമാണ് ജാതിയെന്നും ഈ പിരമിഡിന്റെ പ്രത്യേകത അത് മുകളിലേക്ക് എത്തും തോറും അതിന്റെ ആഢ്യത്വം വര്‍ദ്ധിക്കുന്നു എന്നതും ഏറ്റവും അടിത്തട്ടിലേക്ക് എത്തുമ്പോള്‍ ആദരവര്‍ഹിക്കാത്ത മനുഷ്യക്കൂട്ടങ്ങളായി മാറുന്നു എന്നത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ മൂല്യബോധവുമായി ബന്ധപ്പെട്ടാണ് സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത്. ചില മനുഷ്യരെ കാണുമ്പോള്‍ അവര്‍ ഉന്നതരാണ്, ശേഷി ഉള്ളവരാണ് എന്ന് തോന്നുകയും ചില മനുഷ്യരെ കാണുമ്പോള്‍ അവര്‍ കഴിവില്ലാത്തവരാണ്, പരാന്നഭോജികളാണ് എന്നത് പോലുള്ള തോന്നലുകള്‍ അതുകൊണ്ടാണ് നമുക്കുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും ജാതീയ വിവേചനം ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ജാതീയതയെ ഊട്ടിയുറപ്പിക്കുന്നത് തലമുറകളായി കൈമാറി വരുന്ന വിശ്വാസസംഹിതകളാണ്. മുജ്ജന്മപാപം കൊണ്ടാണ് ഒരാള്‍ക്ക് താഴെത്തട്ടില്‍ ജനിക്കേണ്ടിവരുന്നതെന്നും അതുകൊണ്ടുതന്നെ ഇത് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒന്നാണെന്നുമുള്ള വിശ്വാസം രാജ്യത്ത് എല്ലായിടത്തും ആഴത്തിലുള്ളതാണ്.

വിദ്യാഭ്യാസം നേടിയാല്‍ അന്ധവിശ്വാസവും ജാതിബോധവും കുറയുമെന്ന ഒരു വിശ്വാസം നമുക്കുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു എംബിബിഎസ് ബിരുദധാരിയായ ഡോക്ടര്‍ക്ക് ആര്‍ത്തവമുള്ള സ്ത്രീ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ അശുദ്ധമാകും എന്ന് പറയാന്‍ സാധിക്കുന്നത് അതുകെണ്ടാണ്. ശാസ്ത്രം പഠിച്ചതുകൊണ്ട് മാത്രം നാം ജാതീയതയേയോ അന്ധവിശ്വാസത്തെയോ ഒഴിവാക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം കൂടിയാണ് ഭൂമിയുമായി ബന്ധപ്പെട്ടത്. ഭൂമിയുടെ വിതരണവും അത് ജാതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഭൂമിയെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഭൂമിയെ കണ്‍സീവ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ അവന്റെ തന്നെ വ്യക്തിത്വത്തിന്റെ ഭാഗമായിട്ടാണ്. അതല്ലാതെ നമുക്ക് നമ്മുടെ സ്ഥലത്ത് കപ്പയോ, വാഴയോ നടാനോ, നെല്ല് വിതയ്ക്കാനോ ഉള്ള ഇടം ആയിട്ടല്ല ഭൂമിയെ സമൂഹജീവിയായ മനുഷ്യന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സാഹിത്യ ഭാവനയില്‍ പോലും ഭൂമി പ്രധാനപ്പെട്ട കാര്യമായി വരുന്നു. ഒരു തുണ്ട് ഭൂമി എനിക്കുണ്ടായിരിക്കണം, മരിക്കുമ്പോള്‍ ആറടി മണ്ണ് എനിക്ക് സ്വന്തമായി ഉണ്ടായിരിക്കണം, സ്വന്തമായി ഒരു ഭൂമി കണ്ടെത്തി സ്‌നേഹിച്ച പെണ്ണിനെ കൊണ്ടുവരണം തുടങ്ങിയ ഭാവനകള്‍ മനുഷ്യനില്‍ ഉണ്ടാകുന്നത് ഭൂമിയെന്നത് അവന്റെ ആന്തരിക സ്വത്ത്വത്തെ നിര്‍ണ്ണയിക്കുന്ന ഒന്നായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആര്‍ വി ആചാരി, ടി. എം. ശ്രീധരന്‍, സ്‌നേഹ പ്രഭ, എഎ മജീദ്, മുക്ത പ്രേംചന്ദ്, എന്നിവര്‍ സംസാരിച്ചു. 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ' സമര പശ്ചാത്തലത്തില്‍ ഒരുക്കിയ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘മണ്ണ്' Sprouts of Endurance' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. ചിത്രത്തിന്റെ സംവിധായകന്‍ രാംദാസ് കടവല്ലൂര്‍ പ്രേക്ഷകരുമായി അനുഭവങ്ങള്‍ പങ്കിട്ടു.

TAGS : |


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!