ഷാജി എൻ കരുൺ; വിട പറഞ്ഞത് മലയാള സിനിമയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തിയ പ്രതിഭ

തിരുവനന്തപുരം: പ്രമേയപരതകൊണ്ടും ദൃശ്യപരതകൊണ്ടും മലയാള സിനിമയെ അന്തർദേശീയ തലത്തിലേക്ക് അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുണിന്റെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്. നിരവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടിയ നേടുകയും ചെയ്ത ഒരുപിടി ചലച്ചിത്രാഖ്യാനങ്ങൾ ബാക്കി വെച്ചാണ് ഷാജി യാത്രയാകുന്നത്.
തന്‍റെ ചിത്രങ്ങളിലൂടെ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകുകയായിരുന്നു അദ്ദേഹം. 1988ൽ സംവിധാനം ചെയ്ത ‘പിറവി'യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. ആദ്യചിത്രത്തിന് തന്നെ ദേശീയ അംഗീകാരം. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ‘പിറവി'. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌കാരങ്ങൾ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും ലൊക്കാർണോയിലെ സിൽവർ ലെപ്പേഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും, ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു.
സംവിധായകൻ എന്ന നിലയിൽ പിറവിയിലെക്കെത്തുമ്പോള്‍ നാല്പതോളം ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം കരസ്ഥമാക്കിയ ഷാജി എൻ. കരുൺ, പ്രസിഡന്റിന്റെ സുവർണ്ണ മെഡലോടു കൂടിയാണ് പഠനം പൂർത്തിയാക്കിയത്. അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അടൂരിന് മങ്കട രവിവർമ്മ എങ്ങനെയോ, അതായിരുന്നു അരവിന്ദന് ഷാജി. തമ്പ്, കാഞ്ചനസീത, എസ്തപ്പാൻ, കുമ്മാട്ടി, പോക്കുവെയിൽ, മാറാട്ടം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ എന്നി അരവിന്ദചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.
കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം', കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം' സ്വപാനം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി.
കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാള ചലച്ചിത്രമേഖലയിലെ സംഭാവനകള്‍ക്ക് 2023ലെ ജെ.സി ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു. നിലവില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍റെ ചെയര്‍മാനാണ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമാണ്.
ചൊവ്വാഴ്ച വെെകിട്ട് നാല് മണിക്ക് തെെക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. രാവിലെ പത്ത് മുതൽ 12 വരെ വഴുതക്കാട് കലാഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും, തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും.
ഡോ. പി. കെ. ആർ. വാരിയരുടെ മകൾ അനസൂയ വാര്യര്‍ ആണ് ഭാര്യ. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി).
TAGS ; SHAJI N KARUN
SUMMARY : Shaji N Karun; The talent who elevated Malayalam cinema to the international level



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.