സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ?; ഇന്ന് മോദിയുമായി കൂടിക്കാഴ്ച

ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചരിത്രവിജയം സ്വന്തമാക്കിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സുരേഷ് ഗോപി നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗം ഡൽഹിയിൽ എത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്നും സുരേഷ് ഗോപി. പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണമാണ് നൽകിയത്. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തിയത്.
പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല. ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
SUMMARY : Suresh Gopi to Union Cabinet; Meeting with Modi today