ബെംഗളൂരു : ഐ.എൻ.എൽ. സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ നവംബർ മൂന്നിന് ബെംഗളൂരുവിൽ നടക്കും.
കാമരാജ് റോഡിലെ കച്ചി മേമൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, ഭവന-വഖഫ് വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ, ഐ.എൻ.എൽ. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ജോൺ ബ്രിട്ടാസ് എം.പി., ഡോ. കെ.ടി. ജലീൽ എം.എൽ.എ., മുൻ കേന്ദ്രമന്ത്രിമാരായ ആർ. റഹ്‌മാൻ ഖാൻ, സി.എം. ഇബ്രാഹിം, ഗുൽബർഗ എം.എൽ.എ. കനീസ് ഫാത്തിമ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., ടി.പി. ചെറൂപ്പ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേഠ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽനിന്ന് 600 പേരുൾപ്പെടെ 1500 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ശിവജിനഗറിലെ ഗുലിസ്ഥാൻ കൺവെൻഷൻ സെന്ററിൽ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനംചെയ്യും. പോഷക ഘടകങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കും. വനിതാവിഭാഗം കൗൺസിൽ ചേർന്ന് ദേശീയ കമ്മിറ്റി വിപുലീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടേറിയറ്റ് അംഗം ശോഭ അബൂബക്കർ, സ്വാഗതസംഘം ചെയർമാൻ എ.എം. ഷാജഹാൻ സേട്ട്, തസ്‌നീം ഇബ്രാഹിം, ടി.ടി. സാലിഹ്, നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.