കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തനിക്കെതിരേ തെളിവുകളില്ലെന്ന് രേവണ്ണ

ബെംഗളൂരു: തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എം.എൽ.എയുമായ എച്ച്.ഡി രേവണ്ണ. 40-വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നും ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകൽ കേസും കെട്ടിച്ചമച്ചതാണെന്നും രേവണ്ണ ആരോപിച്ചു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ രേവണ്ണയെ മേയ്-8 വരെ കസ്റ്റഡിയിൽ വിട്ടു.

തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. 40-വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിൽ 28-നാണ് പരാതി കൊടുക്കുന്നത്. കേസിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. തന്നെ അറസ്റ്റ് ചെയ്യുക എന്ന ദുരുദ്യേശത്തോടെ ഒരു തട്ടിക്കൊണ്ടുപോകൽ കേസുണ്ടാക്കി അറസ്റ്റ് ചെയ്തതാണെന്ന് രേവണ്ണ പറഞ്ഞു.

ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അച്ഛനും ജെ.ഡി.എസിന്റെ നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here