പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് 2 പേർ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയില്‍ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച ആഡംബരകാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാർ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനായ വിദ്യാർഥിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. പൂനെ പോലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരനായ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ 17-കാരനെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽനിന്ന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾപ്രകാരമാണ് അറസ്റ്റുചെയ്തത്.
അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ പ്രതിയായ 17-കാരന് ജാമ്യം നല്‍കുകയും ഉപന്യാസം എഴുതാന്‍ വ്യവസ്ഥ വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴ് നിര്‍ദേശങ്ങള്‍ വെച്ചാണ് ജുവനൈല്‍ കോടതി ജാമ്യം നല്‍കിയത്. നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കുട്ടിയുടെ മുത്തച്ഛന് നല്കിയ ഉറപ്പും പരിഗണിച്ചാണ് ജാമ്യം നല്‍കികൊണ്ട് ഉത്തരവിട്ടത്.
അതേ സമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു. പ്രതിയ്ക്ക് മദ്യം നൽകിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയിൽ വിട്ടിരിന്നു. അപകടത്തിന് മുൻപ് പുണെയിലെ രണ്ട് പമ്പുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.