കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 25 പേർ അറസ്റ്റിൽ

ബെംഗളൂരു: കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ ആക്രമിച്ച 25 പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളെല്ലാം ചന്നഗിരിയിലും സമീപ നഗരങ്ങളിലും താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആദിൽ (30) കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 25ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിക്കുകയായിരുന്നു.
ചന്നഗിരി ടൗൺ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ശനിയാഴ്ച കത്തിച്ചത്. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞെങ്കിലും മരണ വാര്‍ത്ത അറിഞ്ഞതോടെ ആള്‍ക്കൂട്ടം രോഷാകുലരായി സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ആദിൽ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചുവെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് നേരെ ആദ്യം കല്ലേറ് നടത്തുകയാണുണ്ടായത്. പിന്നീട് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയതായി ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചതായും പട്രോളിങ് നടത്തുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
യുവാവിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നും മജിസ്ട്രേറ്റിന് മുമ്പില്‍ വെച്ച് മൃതദേഹം പരിശോധിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു. യുവാവിനെ കസ്ഡറ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം നാലോ അഞ്ചോ മിനിറ്റിനുള്ളില്‍ മരണപ്പെട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.