വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

ഹൈദരാബാദ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. ഒറ്റമുറിമാത്രമുള്ള വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.
ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്.പ്രദേശത്തെ താമസക്കാരാണ് പതിവായി നായക്ക് ഭക്ഷണം നൽകിയിരുന്നത്. സംഭവത്തിന് പിന്നാലെ നായയെ പ്രദേശവാസികൾ ചേർന്ന് അടിച്ചുകൊന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 14ന് ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെയാണ് തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. ഏപ്രിൽ 13നായിരുന്നു മറ്റൊരു സംഭവം. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. 2022 മുതൽ 2023 വരെ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ 26.5 ശതമാനം വർധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.