സേലത്ത് നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: മലയാളികളുൾപ്പെടെ 82 നഴ്സിങ് വിദ്യാർഥികൾ ആശുപത്രിയിൽ

തമിഴ്നാട് സേലത്ത് നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 82 വിദ്യാര്‍ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ വിദ്യാര്‍ഥികൾക്കാണ് അവശത അനുഭവപ്പെട്ടത്. നിലവില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തിങ്കളാഴ്ച 20 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കോളേജിൽ പരിശോധന നടത്തിയപ്പോൾ വിദ്യാര്‍ഥികളിൽ ചിലർക്ക് നിർജലീകരണം ബാധിച്ചതായി കണ്ടെത്തി. തുടർന്ന് 82 വിദ്യാര്‍ഥികളെ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംകെഎംസിഎച്ച്) എത്തിച്ചു. അഞ്ച് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ 24 മണിക്കൂർ വാർഡിൽ നിരീക്ഷണത്തിലാക്കി.