ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍

കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതി പിടിയിൽ. ആന്ധ്രയില്‍ നിന്നാണ് 35 കാരനായ കുടക് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ മാസം 15-ാം തീയതി പുലർച്ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചത്.
ഇന്ന് രാത്രിയോട് കൂടി പ്രതിയെ കാസറഗോഡ് എത്തിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയുടെ ഫോണില്‍ നിന്ന് ഭാര്യക്ക് ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍കോളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി ആന്ധ്രയിലാണെന്ന സൂചന പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
നാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പോലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്സോ, പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.