മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി
2021-22ലെ ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിനലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ മാർച്ച് 15 നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബി ആർ എസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിനു പുറമേ സിബിഐയും കെ കവിതയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെയാണ് കെ കവിതയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കുന്നതിനായി കെ കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്ക് നൂറുകോടി രൂപ കൈമാറിയെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.