ലോക്സഭ തിരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാർ-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകൾ, ജമ്മു കശ്മീർ-ഒന്ന്, ഝാർഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാൾ-എട്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ 20 സ്ഥാനാർഥികളുണ്ട്. നേരത്തെ, മേയ് ഏഴിന് നിശ്ചയിച്ച അനന്ത്നാഗിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ. കനയ്യ കുമാർ, മനേക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. ജൂൺ ഒന്നിനാണ് ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിനാണ് എല്ലായിടത്തേയും വോട്ടെണ്ണൽ.