മികേല്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചു. ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മിക്കേല്‍.
വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. 48 കാരനായ സ്റ്റാറേ സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെയാണ് പരിശീലക രംഗത്തേക്കെത്തിയത്. 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെൻസ്കാൻ സ്റ്റാറേ സ്വന്തമാക്കിയിട്ടുണ്ട്.
സ്വീഡനിലെ എഐകെ, ഐഎഫ്കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്സ്, നോര്‍വെ ടീം സാര്‍ബ്സ്ബര്‍ഗ്, തായ്ലന്ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മിക്കേല്‍ നേരത്തെ പരിശീലിപ്പിച്ചത്.