ശക്തി സൗജന്യ യാത്ര പദ്ധതി മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി സ്കീം മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി. യാത്രക്കാരുടെ എണ്ണത്തെയോ വരുമാനത്തെയോ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കി മന്ത്രി പറഞ്ഞത്.
സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് പ്രധാന നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ മഹാലക്ഷ്മി സൗജന്യ ബസ് യാത്രാ പദ്ധതി മെട്രോയെ ബാധിക്കുമെന്ന് വ്യക്തമാക്കി എൽ ആൻ്റ് ടി കമ്പനി ഹൈദരാബാദ് മെട്രോ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ വിമർശനം.
കർണാടക സർക്കാരിന്റെ ശക്തി പദ്ധതിയെയും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. കഴിഞ്ഞ ജൂൺ 11-നാണ് കർണാടക സർക്കാർ ശക്തി പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ കീഴിൽ 67 കോടി ടിക്കറ്റുകളാണ് സൗജന്യമായി നൽകിയത്. 879 കോടി രൂപ ഇതിനായി ബിഎംടിസി ചെലവഴിച്ചു. ഈ കാലയളവിൽ ബെംഗളുരു മെട്രോയിലെ യാത്രക്കാർ വർധിച്ചതായി മന്ത്രി പറഞ്ഞു.
2023 ജനുവരിയിൽ മെട്രോ യാത്രക്കാരുടെ എണ്ണം 1.7 കോടി രൂപയായിരുന്നെങ്കിൽ 2024 ഏപ്രിലിൽ ഇത് 2 കോടിയാണ്. മെട്രോയുടെ വരുമാനം 39 കോടി രൂപയിൽ നിന്ന് 52 കോടിയായി വർധിക്കുകയും ചെയ്തു.
ശക്തി പദ്ധതി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചിട്ടില്ല, യാത്രക്കാരുടെ എണ്ണത്തിൻ്റെ കാര്യത്തിലും വരുമാനത്തിൻ്റെ കാര്യത്തിലും വർധനവുണ്ടായി. സ്ത്രീകൾക്കിടയിൽ വലിയ വിജയമായി മാറിയ ഒരു പദ്ധതിയെ പ്രധാനമന്ത്രി വിമർശിക്കുന്നത് ശരിയല്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
ബിഎംടിസി ബസുകളിലെ ആകെ യാത്രക്കാരുടെ എണ്ണം 33 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി വർധിച്ചിട്ടുണ്ട്. വരുമാനം ഒന്നര കോടി വർധിക്കുകയും ചെയ്തു. ദിവസവും 5.85 കോടി രൂപയാണ് ദിനംപ്രതിയുള്ള ബസുകളിൽ നിന്ന് വരുമാനമായി ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.