കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. തൃശൂർ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റൻഡ് കൃഷ്‌ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ആർഒആർ സർട്ടിഫിക്കറ്ര് ശരിയായി നല്‍കാനായി 2000 രൂപയാണ് കൃഷ്‌ണകുമാർ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വില്ലേജ് ഓഫീസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സർട്ടിഫിക്കറ്റ് വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് കൃഷ്‌ണകുമാർ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്‌ണകുമാർ പണം ആവശ്യപ്പെട്ട സമയത്ത് തന്നെ പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടു. ഉടൻ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി.
പരാതിക്കാരൻ കൃഷ്‌ണകുമാറിന് പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം ഓഫീസിനുള്ളിലേക്ക് എത്തുകയും പരാതിക്കാരൻ നല്‍കിയ പണത്തിനൊപ്പം കൃഷ്‌ണകുമാറിനെ കയ്യോടെ കസ്റ്രഡിയിലെടുക്കുകയും ചെയ്‌തു. കൃഷ്‌ണകുമാറിന്റെ കയ്യിലുണ്ടായിരുന്ന പണം കൈക്കൂലിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.