പൂനെ പോര്‍ഷെ അപകടം; പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റില്‍

മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റിൽ. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. പ്രതിയുടെ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാല്‍ അഗര്‍വാളിനെയും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ രക്തസാമ്പിൾ കൃത്രിമം കാണിച്ചതിന് സസൂണ്‍ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കല്‍ ഓഫീസർ ഡോ. ശ്രീഹരി ഹല്‍നോർ, അതുല്‍ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.