നിയമസഭാ തിരഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹി ആംആദ്മിയിൽ പൊട്ടിത്തെറി; ഏഴ് എംഎൽഎമാർ രാജിവെച്ചു

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയിൽ നിന്ന് ഏഴ് സിറ്റിങ് എംഎൽഎമാർ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പിന്നാലെയാണ് രാജി.
ത്രിലോക്പുരിയിൽ നിന്നുള്ള രോഹിത് മെഹ്‌റൗലിയ, കസ്തൂർബാ നഗറിൽ നിന്നുള്ള മദൻലാൽ എന്നിവരും ജനക്പുർ, പാല, ബിജ്വാസൻ, ആദർശ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരുമാണ് രാജി വെച്ചത്.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ രാജി. ഭൂപീന്ദർ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ആറുപേരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
രണ്ട് ദിവസം മുമ്പാണ് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക എഎപി പുറത്തിറക്കിയത്. ഇപ്പോൾ രാജിവെച്ചവരുടെ സീറ്റിൽ മറ്റുള്ളവർക്ക് അവസരം നൽകിയതോടെയാണ് എംഎൽഎമാർ പാർട്ടിവിടാൻ തീരുമാനിച്ചത്.
ഫെബ്രുവരി അഞ്ചിന് ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയേക്കും. എഎപി നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൈവിടുകയാണെന്നും അഴിമതി ഇല്ലാതാക്കുമെന്ന പ്രതിജ്ഞ മറന്നെന്നും നരേഷ് യാദവ് രാജിക്കത്തിൽ ആരോപിച്ചു.