അര്‍ജുന് നാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്കരിച്ചു

ഷിരൂര്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുന്‍ ഇനി കേരളക്കരയിലെ ജനഹൃദയങ്ങളില്‍ ജീവിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്നാണ് അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 11.20 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും ജനപ്രതിനിധികളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
കണ്ണാടിക്കല്‍ മൂലാടിക്കുഴിയിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് ഒരുക്കിയ ചിതയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ രാത്രി മുതല്‍ പുലർച്ചെ വരെ കണ്ണാടിക്കല്‍ അങ്ങാടിയില്‍ ആളുകള്‍ ഉറക്കമൊഴിച്ച് കാത്തുനിന്നു. എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതല്‍ തന്നെ ആളുകള്‍ കവലയില്‍ എത്തിയിരുന്നു.
8.15ന് മൃതദേഹം കണ്ണാടിക്കല്‍ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകള്‍ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് കാണാം.
എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളില്‍ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാല്‍പെയും കാർവാർ എംഎല്‍എ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു.
TAGS :
SUMMARY : Arjun is now in people’s hearts; The body was cremated