ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ സ്റ്റാറും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകളിലൊരാളുമായ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ കിങ് ഖാനെ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം ചൊവ്വാഴ്ച നഗരത്തിലെത്തിയത്. മത്സരശേഷം ഗ്രൗണ്ടിലെത്തി താരങ്ങളെ അഭിനന്ദിക്കുമ്പോഴും ഷാരൂഖിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില. ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്.