രാമേശ്വരം കഫെ സ്ഫോടനം; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബള്ളി സ്വദേശിയായ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് (35) പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയാണ് പിടിയിലായ ചോട്ടുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
2012-ലെ ലഷ്കറെ തൊയ്ബയുടെ ഭീകരവാദപ്രവർത്തനത്തിലെ ഗൂഢാലോചന കേസിൽ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ ഉൾപ്പെട്ട അഞ്ചുപേരുടെ അറസ്റ്റാണ് എൻഐഎ രേഖപ്പെടുത്തിയത്. കഫെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. രാജ്യത്ത് 29 -ഓളം പ്രദേശങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ എൻഐഎ കസ്റ്റഡിയിൽ എടുക്കുന്നത്. ലഷ്‌കർ ഭീകരരുമായി ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നു.
ജയിൽ മോചിതനായ ശേഷവും ഭീകരരുമായി ഗൂഢലോചന നടത്തിയതായി എൻഐഎ കണ്ടെത്തി. ഇതോടെ ഷോയിബ് അഹമ്മദ് മിർസയ്‌ക്കായുള്ള അന്വേഷണം ശക്തമാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹമ്മദ് താഹ എന്നിവരെ സംഭവം നടന്ന് 40 ദിവസങ്ങൾക്കുള്ളിൽ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹയാണെന്നാണ് വിവരം.