കേരളത്തില്‍ അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലും എറണാകുളം ജില്ലയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തോരാത്ത മഴയാണ് എറണാകുളം ജില്ലയിലും കോട്ടയം ജില്ലയിലും അനുഭവപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കൊല്ലത്തും തിരുവനനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗത തടസ്സം സൃഷ്ട്ടിച്ചു. ആലപ്പുഴയില്‍ തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രാത്രി മുതല്‍ പെയ്ത കനത്ത മഴ ദുരിതം സൃഷ്ടിക്കുകയാണ്. ആലപ്പുഴ മാവേലിക്കര കൊയ്പ്പള്ളിക്കാരാഴ്മ ചിറയില്‍ കുളങ്ങര സ്വദേശി അരവിന്ദാണ് തെങ്ങ് വീണ് മരണപ്പെട്ടത്.