ഉത്തരാഖണ്ഡ് ട്രക്കിംഗ് അപകടം; മരിച്ചവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു മലയാളി കൂടി

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു കൊത്തന്നൂർ ആശാ ടൗൺഷിപ്പിൽ താമസിക്കുന്ന സിന്ധു വി.കെ (45) മരിച്ചത്. ഹിമാലയൻ വ്യൂ ട്രെക്കിംഗ് ഏജൻസി സംഘടിപ്പിച്ച ട്രക്കിംഗ് സംഘത്തിൽ അംഗമായിരുന്നു സിന്ധു. അപകടത്തിൽ ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയും തിരുവനന്തപുരം സ്വദേശിനിയുമായ ആശാ സുധാകര്‍ (71), ബെംഗളൂരുവില്‍ നിന്നുള്ള സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരും മരിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡും അടക്കമുള്ള 22 പേരടങ്ങിയ സംഘമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിൽ അപകടത്തിൽപ്പെട്ടത്.
ഡെല്ലിൽ സോഫ്റ്റ് വെയർ എഞ്ചിനിയറാണ് സിന്ധു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ വി. കെ. ചന്ദ്രന്‍ സരസ്വതി ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളോളമായി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. ഭര്‍ത്താവ്: വിനോദ് കെ.നായര്‍. മക്കള്‍ : നീല്‍, നീഷ്,
എസ്.ബി.ഐയിൽ നിന്ന് സീനിയർ മാനേജരായ വിരമിച്ച ആശ സുധാകര്‍ യലഹങ്കക്ക് സമീപം ജക്കൂരിലായിരുന്നു താമസം. ഭർത്താവ്: എസ്. സുധാകർ. മകൻ: തേജസ് മരുമകൾ: ഗായത്രി
കനത്ത മഞ്ഞു വീഴ്ചയും കൊടും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കർണാടക സർക്കാർ, ഇന്ത്യൻ എയർഫോഴ്‌സ്, ഉത്തരകാശി ജില്ലാ ഭരണകൂടം, ഉത്തരാഖണ്ഡ് സർക്കാർ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തരാഖണ്ഡിലെത്തിയിരുന്നു. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ട്രക്കിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ ബെംഗളൂരുവിൽ എത്തിക്കുമെന്നാണ് വിവരം.