ഭവാനിപൂർ: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂലിനെ ഞെട്ടിച്ച്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജിക്ക്സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയം. ബിജെപി നേതാവ് സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമതയെ പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മമത ബാനർജി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ സുവേന്ദു അധികാരി അപ്രതീക്ഷിത മുന്നേറ്റം നടത്തുകയായിരുന്നു. ആറാം റൗണ്ട് പൂർത്തിയായപ്പോൾ 19,000 വോട്ടുകൾക്കും പത്താം റൗണ്ടിൽ 12,000 വോട്ടുകൾക്കും മമത മുന്നിലായിരുന്നുവെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ സുവേന്ദു ലീഡ് തിരിച്ചുപിടിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ഭവാനിപൂരിന് പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു.
തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ക്യാമ്പ് വലിയ ആവേശത്തിലാണ്. ബംഗാളിലെ ജനങ്ങൾ തൃണമൂൽ സർക്കാരിനെ തള്ളിക്കളഞ്ഞുവെന്നും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഭവാനിപൂരിലെയും നന്ദിഗ്രാമിലെയും ജനവിധി ബിജെപിക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജിയും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ജനങ്ങൾ വിജയിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പ്രതികരിച്ചത്.
അതേസമയം പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തിനിടയിലും കോണ്‍ഗ്രസ്സിന് രണ്ടും സി പി എമ്മിന് ഒന്നും സീറ്റ് നേടാനായി. കോണ്‍ഗ്രസ്സിന്റെ മുതാബ് ശേഖ് ഫറഖ മണ്ഡലത്തില്‍ 8,193 വോട്ടിനും സുല്‍ഫിക്കര്‍ അലി 2,701 വോട്ടിന് റാണിനഗറില്‍ നിന്നുമാണ് ജയിച്ചത്. ഡോംകല്‍ മണ്ഡലത്തിലാണ് സി പി എമ്മിന്റെ ജയം. മുസ്തഫിസുര്‍റഹ്മാന്‍ 16,204 വോട്ടിനാണ് വിജയിച്ചത്.
സി പി എം സഖ്യ കക്ഷിയായ ആള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് ഭംഗര്‍ മണ്ഡലത്തിലും വിജയിച്ചു. കഴിഞ്ഞ തവണ സഖ്യമായി മത്സരിച്ചപ്പോള്‍ സി പി എമ്മിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു.







