തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ രാഷട്രീയ പ്രചാരണങ്ങൾക്കും ആരോപണ – പ്രത്യാരോപണങ്ങൾക്കും പിന്നാലെ ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിൽ ജനം ആർക്കൊപ്പം നിന്നുവെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെ 2,71,42,952 വോട്ടർമാരിൽ 79.63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്.
വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റൽ വോട്ടുകള്‍ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റൽ വോട്ടുകള്‍ക്ക് ശേഷമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിതുടങ്ങുകയുള്ളൂ.
ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടേയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ രാവിലെ ഏഴോടെ തുറക്കും. തത്സമയ വീഡിയോ റെക്കോര്‍ഡിങ് ഉണ്ടാകും. വോട്ടെണ്ണല്‍ കഴിഞ്ഞ് 48 മണിക്കൂര്‍വരെ പെരുമാറ്റ ചട്ടം നിലനില്‍ക്കും. മെയ് ആറുവരെയാണ് നിലവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ മാറ്റംവരുത്താന്‍ അധികാരമുണ്ട്. ആഹ്ലാദ പ്രകടനത്തില്‍ നിയന്ത്രണംവരുത്താന്‍ ജില്ലാ ഭരണസംവിധാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. അതേസമയം 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി തിരികെ ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം 79.70 ശതമാനം ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപടിക്രമത്തിന്റെ ഭാഗമായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 1.36 ശതമാനം വരുന്ന പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. ഇതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും പരമാവധി 14 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ എണ്ണും. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഇവിഎമ്മിലെ കണക്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 25 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്,. 17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
SUMMARY: Kerala Election-Only hours left for vote counting







