Follow the News Bengaluru channel on WhatsApp

അടുക്കളയിലെ ഞാനും അരങ്ങിലെ ഞാനും; സംവിധായകന്‍ ജിയോ ബേബി സംസാരിക്കുന്നു

‘ഒരു പുരുഷന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അടുക്കളയില്‍ ജോലി ചെയ്താല്‍ തീരുന്നതല്ല കുടുംബം എന്ന വ്യവസ്ഥിതിയിലെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളും കുടുംബത്തിനുള്ളിലെ മറ്റു പ്രശ്‌നങ്ങളും’ – ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി പറയുന്നു.

കുലപുരുഷന്‍മാരുടെയും കുലസ്ത്രീകളുടെയും പുരോഗമന നാട്യക്കാരുടെയും ബുദ്ധിശൂന്യമായ സാമൂഹ്യബോധത്തിലേക്ക് എച്ചില്‍ വെള്ളം കോരിയൊഴിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. പുരോഗമന കാലഘട്ടത്തിന്റെ ആവശ്യകതയില്‍നിന്നും സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ സ്വാഭാവികമായും നേരിടേണ്ടിവരുന്ന വെല്ലുവിളികളും വിമര്‍ശനങ്ങളും ഈ സിനിമയ്ക്ക് ഉണ്ടാകുമ്പൊഴും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിച്ച് ജീവിക്കുന്ന ആണിനേയും പെണ്ണിനേയും അടക്കം എല്ലാവരെയും ഒന്നു വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇന്നിന്റെ സമൂഹമനസ്സാക്ഷിയിലേക്ക് പടര്‍ന്നു കയറേണ്ട ഇത്തരം സിനിമകള്‍ ഒരു മാസ്സ് റിലീസിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നുകൊണ്ട് ഒ ടി ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമില്‍ റിലീസ് ചെയ്ത സിനിമ കണ്ടവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞും സിനിമ കണ്ടവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെയും ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. മഹത്തായ ഭാരതീയ അടുക്കളകളെല്ലാം ചൂടന്‍ സംവാദങ്ങളുടെ തിരക്കിലാണിന്ന്. തന്റെ തിരക്കുകള്‍ക്കിടയിലും ന്യൂസ് ബെംഗളൂരുവുമായി അത്തരമൊരു ചൂടന്‍ സംവാദത്തിനായി സംവിധായകന്‍ ജിയോയും തയ്യാറായി.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ സംവിധായകനും എഴുത്തുകാരനുമായ ജിയോ ബേബിയുമായി ഡോ. കീര്‍ത്തി പ്രഭ നടത്തിയ സംഭാഷണം വായിക്കാം.

തുടക്കത്തില്‍ തന്നെ താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ ഇതൊരു വിവാദമാകാന്‍ പോകുന്ന ഒരു സബ്ജക്ട് ആണെന്ന്. ആ വിവാദങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളും ഭീഷണികളും നേരിടാന്‍ അല്ലെങ്കില്‍ അഭിമുഖീകരിക്കാന്‍ താങ്കള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്?

അങ്ങനെ വിവാദമാക്കാന്‍ വേണ്ടി ഒന്നും ചെയ്യുകയായിരുന്നില്ല. സത്യം പറഞ്ഞാല്‍ തിരക്കഥാരചനയുടെ വഴികളിലൂടെ പോകുമ്പോള്‍-അതായത് ഒരു പേനയും പേപ്പറും ഉപയോഗിച്ചിട്ടുള്ള എഴുത്തല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. എന്റെ മനസ്സില്‍ നടക്കുന്ന ഒരു പ്രോസസ് ഉണ്ടല്ലോ അതിന്റെ ഇടയ്ക്ക് വന്നു ചേര്‍ന്ന ഒരു സംഭവമാണ് വിവാദമായേക്കാം എന്ന് നിങ്ങള്‍ പറഞ്ഞ ശബരിമല ഇഷ്യൂ. പക്ഷേ ഇതിനെ വിവാദമാക്കുന്നത് ആരാണ്? വിശ്വാസവും ഒക്കെ പറഞ്ഞു വരുന്ന ഒരു വിഭാഗം മനുഷ്യര്‍ ആണല്ലോ. അവരെ നമ്മള്‍ ഒരിക്കലും മൈന്‍ഡ് ചെയ്യുന്നില്ല. അതൊരു വിവാദമായി പോലും കൂട്ടുന്നില്ല. എന്തെങ്കിലും പ്രോഗ്രസീവ് ആയിട്ടുള്ള ഒരു കാര്യം ഈ രാജ്യത്ത് നടക്കുമ്പോള്‍ അവന്മാരുടെ ഒച്ചയും ബഹളവും ഉണ്ടാവും. ഇതൊന്നും ആരോഗ്യകരമായ ഒരു വിമര്‍ശനം ആയിട്ട് കൂട്ടുന്നേ ഇല്ല. വിവാദം- അതിനെ ഇഗ്‌നോര്‍ ചെയ്യുക എന്ന് ആദ്യം തന്നെ വിചാരിച്ചിരുന്നു.

കമേര്‍ഷ്യല്‍ സിനിമകളും ആര്‍ട്ട് സിനിമകളും തമ്മിലുള്ള ഒരു അന്തരത്തില്‍ താങ്കളുടെ നിലപാട് എന്താണ്? അല്ലെങ്കില്‍ അങ്ങനെ ഒരു അന്തരമുണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഇതിനു മുന്നെയും പറഞ്ഞിട്ടുള്ള ഒരു ഉദാഹരണം ഉണ്ട്. ആ ഉദാഹരണം പറഞ്ഞാല്‍ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകും. മലയാളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപത്തായം എന്നൊരു സിനിമയുണ്ട്. എനിക്ക് വളരയധികം ഇഷ്ടമുള്ള മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂടെ ഞാന്‍ വെക്കുന്ന സിനിമയാണ് എലിപത്തായം. വേറെയും സിനിമകള്‍ ഉണ്ട്. എങ്കിലും എലിപ്പത്തായം ഒരു ഉദാഹരണത്തിന് പറയാം അതൊരു മികച്ച സിനിമയാണെന്ന്. അതുപോലെ എനിക്ക് മലയാളത്തില്‍ സിദ്ദിഖ്-ലാല്‍ ചെയ്ത ഗോഡ്ഫാദറും ഒരുപാട് ഇഷ്ടമാണ്. ഈ രണ്ട് സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. എലിപ്പത്തായം ഒരു മാധ്യമം എന്ന രീതിയില്‍ സിനിമയുടെ കലാപരമായ രീതികളോടൊക്കെ നീതിപുലര്‍ത്തി അതിനോട് അടുത്തു നില്‍ക്കുമ്പോള്‍ ഗോഡ്ഫാദര്‍ സിനിമയുടെ entertainment സാധ്യതകള്‍ ഏറ്റവും മനോഹരമായി ഉപയോഗിച്ചിരിക്കുന്ന ഒരു സിനിമയാണ്. തീയറ്ററില്‍ ഇരുന്ന് ആള്‍ക്കാര്‍ ചിരിക്കുക, കുറേയധികം നേരം നമ്മള്‍ നമ്മളെ മറന്നു മറ്റൊരു തരത്തില്‍ ഒരു ജീവിതം കണ്ട് ആസ്വദിക്കുക, ചിന്തിക്കുക എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഈ രണ്ട് ഫിലിം മേക്കര്‍സിനെയും അവരുടെ ഈ രണ്ട് സിനിമ എടുത്തിട്ട് ഞാന്‍ ഒരേപോലെ വാല്യൂ ചെയ്യുന്നു. അതാണ് എനിക്ക് ഈ ഒരു കാര്യത്തില്‍ പറയാനുള്ളത്. പിന്നെ എന്റെ പേഴ്‌സണല്‍ കാര്യം വരുമ്പോള്‍ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള സിനിമകളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അതില്‍ നല്ല എന്റര്‍ടൈനേര്‍സ് ആയിട്ടുള്ള സിനിമകള്‍ എനിക്ക് ഉണ്ടാക്കാന്‍ പറ്റിയാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ സന്തോഷമുള്ള കാര്യമാണ്. ആള്‍ക്കാര്‍ തീയേറ്ററില്‍ ഇരുന്ന് ചിരിക്കുക അല്ലെങ്കില്‍ ത്രില്ലടിക്കുക എന്നിവ കാണുമ്പോള്‍ ആരാണ് സന്തോഷിക്കാത്തത്. അത്തരം സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അതോടൊപ്പം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ചെയ്യാനും ഇഷ്ടമാണ്.

താങ്കള്‍ താങ്കളെ തന്നെ ഭയമില്ലാത്ത ഒരു സംവിധായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാകുമോ?

എന്നെത്തന്നെ അങ്ങനെ ഭയമില്ലാത്ത ഒരു സംവിധായകന്‍ എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. പക്ഷേ എനിക്ക് ഒരു സബ്ജക്ട് മനസ്സിലേക്ക് വരുമ്പോള്‍ അല്ലെങ്കില്‍ ഒരു സിനിമ മനസ്സിലേക്ക് വരുമ്പോള്‍ അയ്യോ ഇത് ചെയ്യേണ്ട, ചെയ്‌താല്‍ കുറേ  പേടിക്കേണ്ടതുണ്ട് എന്നിങ്ങനെയൊന്നും വിചാരിക്കാറില്ല. ഒരുദാഹരണം പറഞ്ഞാല്‍ 2007 ല്‍ ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. അത് ഹോമോസെക്ഷ്വല്‍ ആയിട്ടുള്ള ആള്‍ക്കാരുടെ കഥയായിരുന്നു. അഞ്ച് മിനിറ്റ് ഉള്ള ഒരു ഷോര്‍ട്ട് ഫിലിം. അത് ഞാന്‍ ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ പഠിക്കുമ്പോളാണ് ചെയ്തത്. അത് ചെയ്തു എന്ന കാരണം കൊണ്ട് ഞാനും അതില്‍ അഭിനയിച്ച മൂന്ന് പേരും കോളേജില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. ഏറ്റവും ആസ്വാദ്യകരമായി എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു സിനിമ ചെയ്തത് കാരണം അവിടുന്ന് ഡിസ്മിസ്ഡ് ആവുന്നു. കോളേജിലെ ആള്‍ക്കാര്‍ ഞാന്‍ കുറെ തെറ്റുകളൊക്കെ ചെയ്‌തെന്ന് പറയുന്നുണ്ട്. പ്രിന്‍സിപ്പാളിനെ കബളിപ്പിച്ച് ആ സിനിമ ഏതോ ഫെസ്റ്റിവലിനു അയച്ചു എന്നൊക്കെ. അതൊക്കെ ഞാന്‍ സമ്മതിക്കുന്നു. സമ്മതിച്ചാല്‍ പോലും എന്തിനാണൊരു സിനിമ ചെയ്തതിനു എന്നെയും അതില്‍ അഭിനയിച്ച ആള്‍ക്കാരെ ഉള്‍പ്പെടെ കോളേജില്‍ നിന്നും പുറത്താക്കുന്നത്? ഞാന്‍ പറഞ്ഞു വരുന്നത് ഇത്തരം സബ്ജക്ടുകള്‍ നമ്മള്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത് ചെയ്യുന്നതല്ല. തുടക്കത്തില്‍ തന്നെ നമ്മള്‍ സിനിമയിലേക്ക് ഒക്കെ വരുന്നതിനുമുമ്പ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളില്‍ പോലും നമ്മള്‍ ഇത്തരം സബ്ജക്ടുകള്‍ ചൂസ് ചെയ്തിരുന്നു. 2016 ല്‍ സെന്‍സര്‍ ചെയ്ത സിനിമയാണ് കുഞ്ഞുദൈവം. വളരെ വലിയ അളവില്‍ തന്നെ ക്രിസ്ത്യന്‍ മതവിമര്‍ശനം ഉള്ള സിനിമയാണ് കുഞ്ഞു ദൈവം. അങ്ങനെ ഞാന്‍ ഭയക്കാറില്ല.

ഒരു സിനിമയെടുക്കുമ്പോള്‍ അതിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം എന്നത് താങ്കളെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ്? അങ്ങനെ സിനിമയില്‍ കൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യപ്രകടനം നിരുപാധികമാണോ? അതോ അങ്ങനെ ചെയ്യുമ്പോള്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കുകയോ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ടതുണ്ടോ?

ഒരു കലാകാരനെ സംബന്ധിച്ച് ഏതുതരം കലാപ്രവര്‍ത്തനം ആണെങ്കിലും അയാള്‍ക്ക് അയാളുടെ കലാപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം വേണം. നമ്മുടെ രാജ്യത്തെ പല ഭരണ സംവിധാനങ്ങളും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്. നമുക്കറിയാം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പല സിനിമകളും സെന്‍സര്‍ ചെയ്യപ്പെടുന്നതിന് തടസ്സം വരുന്നുണ്ട്. ഇതൊക്കെ നല്ലൊരു സൂചന ആയിട്ട് കാണാന്‍ പറ്റുന്നില്ല. ഈ സിനിമ തന്നെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പോയപ്പോള്‍ എനിക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. പക്ഷേ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഒരു തടസ്സങ്ങളും ഇല്ലാതെ തന്നെ സിനിമയ്ക്ക് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് കിട്ടി.

രാജ്യത്ത് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ ഈ സിനിമയ്ക്ക് യാതൊരു തടസ്സങ്ങളും ഇല്ലാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ ഒരുപാട് സന്തോഷിക്കുന്നുമുണ്ട്. സെന്‍സര്‍ ബോര്‍ഡില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ അതുകൊണ്ടാവാമെന്ന് എനിക്ക് തോന്നുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ ഒരു കലാകാരന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഏതൊക്കെ രീതിയില്‍ ഭരണകൂടം അതിനെതിരെ പ്രവര്‍ത്തിച്ചാലും ഒരു കലാകാരന്‍ കലാപ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ അതിനെ അതിജീവിക്കും. ഭരണകൂടം വിലക്കിയാല്‍ പോലും ഒരു യഥാര്‍ത്ഥ കലാകാരന് അല്ലെങ്കില്‍ കലാകാരന്മാരുടെ കൂട്ടായ്മയ്ക്ക് വിലക്കുകളെ മറികടന്ന് അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും.

ഇനിയങ്ങോട്ട് സിനിമയുടെ ഭാവി ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ ആണോ അതോ തീയേറ്ററുകളിലാണോ? താങ്കള്‍ എന്താണ് വിശ്വസിക്കുന്നത്? ഒരു സിനിമ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകനും ഒപ്പം ആ സിനിമയുടെ സൃഷ്ടാക്കള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്?

സത്യം പറഞ്ഞാല്‍ ഇത്തരം പഠനങ്ങള്‍ ഒന്നും നടത്താന്‍ അറിയാത്ത ഒരു മനുഷ്യനാണ് ഞാന്‍. ചിലപ്പോള്‍ വ്യക്തമായൊരു ഉത്തരം ഒന്നും പറയാനുണ്ടാവില്ല. ഒ ടി ടി വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നം എന്ന് പറയുന്നത് പൈറസി ആണ്. കാരണം പൈസ കൊടുത്തു കാണുന്നതിനേക്കാള്‍ ഒരുപാട് ഇരട്ടി ആള്‍ക്കാര്‍ പൈസ ഇല്ലാതെ കാണുന്നവരാണ്. സബ്‌സ്‌ക്രൈബേര്‍സ് ആണ് ഒരു ഒ ടി ടി പ്ലാറ്റ്‌ഫോമിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. പൈറേറ്റഡ് ആയിട്ടുള്ള അല്ലെങ്കില്‍ ഇല്ലീഗല്‍ ആയിട്ടുള്ള പ്രിന്റുകള്‍ വരുമ്പോള്‍ അതിന്റെ നിലനില്‍പ്പിനെ ബാധിക്കും. ആ പ്രശ്‌നം ക്ലിയര്‍ ആയി കഴിഞ്ഞാല്‍ ഒ ടി ടി ബിസിനസിന് ഒരുപാട് സാധ്യതകളുണ്ട്. പ്രേക്ഷകനെ സംബന്ധിച്ചുള്ള നേട്ടം എന്ന് പറയുന്നത് അവന് ഇഷ്ടമുള്ളപ്പോള്‍ അവന്റെ സൗകര്യത്തിനു സിനിമ കാണാം എന്നുള്ളതാണ്. പക്ഷേ എന്റെ അഭിപ്രായത്തില്‍ സിനിമ എന്നത് അതിന്റെ ശബ്ദം, അതിന്റെ ദൃശ്യം ഒക്കെ പരിഗണിക്കുമ്പോള്‍, തിയേറ്റര്‍ എക്‌സ്പീരിയന്‍സ് വേണ്ട ഒരു കലാരൂപം തന്നെയാണ്. എന്നെ സംബന്ധിച്ച് എനിക്ക് സിനിമകള്‍ തിയേറ്ററില്‍ വലിയ സ്‌ക്രീനില്‍ കാണുന്നത് തന്നെയാണ് ഇഷ്ടം. എന്റെ കഴിഞ്ഞ രണ്ടു സിനിമകളും ഒ ടി ടി അല്ലെങ്കില്‍ ചെറിയ സ്‌ക്രീനില്‍ ആണ് വന്നത്. പക്ഷേ അങ്ങനെ വരുമ്പോള്‍ ഒരുപാട് കലാ പ്രവര്‍ത്തകരുടെ പ്രത്യേകിച്ച് ശബ്ദം, ദൃശ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചവരുടെ കലാപ്രവര്‍ത്തനങ്ങള്‍ കാണുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. തീയേറ്ററുകള്‍ നേരിടുന്ന കൊറോണയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണ്. അത് കുറച്ചു കഴിയുമ്പോള്‍ ശരിയാകും. നമ്മള്‍ പഴയപോലെ തീയേറ്ററില്‍ പോയി സിനിമ കാണാനും തുടങ്ങും. സിനിമകള്‍ക്ക് വേണ്ടിയിട്ടുള്ള മറ്റൊരു ഇടം ആയിട്ട് ഒ ടി ടി യും ഉണ്ടാകും. അങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകും എന്നാണ് ഞാന്‍ കരുതുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയെപ്പറ്റിയുള്ള താങ്കളുടെ പല ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കടിയിലും കമന്റുകള്‍ കണ്ടിട്ടുണ്ട്, ഹിന്ദു മത വിശ്വാസങ്ങള്‍ക്കെതിരെ അല്ലാതെ മറ്റു മതങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു സിനിമയെടുക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ എന്നൊക്കെ. അത്തരം ചോദ്യങ്ങള്‍ക്കൊക്കെ താങ്കളുടെ മറുപടി എന്താണ്?

അത് ഓള്‍റെഡി ചെയ്തിട്ട് ആണല്ലോ ഞാന്‍ ഇരിക്കുന്നത്. എന്റെ കുഞ്ഞു ദൈവം എന്ന സിനിമ ക്രിസ്ത്യന്‍ മത വിശ്വാസങ്ങളെ അതിഭയങ്കരമായി ചോദ്യം ചെയ്യുന്ന ഒരു സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്തിരിക്കുന്നതിനാൽ ഇത്തരം ചോദ്യങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ല. രണ്ടു പെണ്‍കുട്ടികള്‍ എന്ന് പറയുന്ന സിനിമയിലും ഇതൊക്കെ തന്നെ ഉണ്ട്. വളരെ ലൈറ്റ് ആയിട്ടാണെങ്കിലും. അത്തരം ചോദ്യങ്ങളില്‍ വലിയ കാര്യങ്ങള്‍ ഒന്നും ഞാന്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ ഒരു കാമ്പും ഇല്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു വരുന്ന വര്‍ഗ്ഗത്തെ ഞാന്‍ പൂര്‍ണ്ണമായും അവഗണിക്കുന്നു.

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം ഇപ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇങ്ങനെ ആദ്യത്തെ സിനിമ മുതല്‍ ഇപ്പോഴുള്ള സിനിമ വരെ എത്തി നില്‍ക്കുമ്പോള്‍ ഒരു വ്യക്തി എന്ന നിലയിലും സംവിധായകനെന്ന നിലയിലും താങ്കളുടെ വളര്‍ച്ചയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞാന്‍ നാല് സിനിമകള്‍ ഇപ്പോള്‍ ചെയ്തു. ഈ സിനിമകളൊക്കെ സംഭവിച്ചത് ആ സമയത്ത് ഉണ്ടായിരുന്ന ഒരു സാമൂഹ്യ ബോധത്തില്‍ നിന്നാണ്. 2014 ല്‍ ചിന്തിച്ചതു പോലെയല്ല ഞാന്‍ 2020 ലോ 2021 ലോ ചിന്തിക്കുന്നത്. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍. കാരണം നമുക്കുള്ളില്‍ എപ്പോഴും ഒരു ഫൈന്‍ ട്യൂണിംഗ് നടക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇത്രമാത്രം ഏറ്റെടുക്കല്‍ ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ച ഒരു സിനിമ അല്ല. ഒരു വളര്‍ച്ച എന്നൊന്നും ഞാന്‍ അതിനെ കാണുന്നില്ല. നമ്മള്‍ ഏറ്റവും ആഗ്രഹിച്ച് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഒരു പ്രൊഫഷണിലേക്ക് വരുന്നു, അവിടെ വന്നിട്ട് നിലനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതും നല്ല കലാസൃഷ്ടികള്‍ കൊണ്ട് നിലനില്‍ക്കുക എന്നതാണ് പ്രധാനം. അതിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്. നമുക്ക് ഉള്ളിലെ ബോധ്യങ്ങള്‍ ആണല്ലോ പലപ്പോഴും കലാസൃഷ്ടികള്‍ ആയിട്ട് വരുന്നത്. കാലഘട്ടം മാറുന്നതിനനുസരിച്ച് നമ്മുടെ ബോധ്യങ്ങളും മാറും. അതുകൊണ്ടുതന്നെ ഞാന്‍ മുന്നേ ചെയ്ത സിനിമകളില്‍ ഒക്കെ എനിക്കിപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. ചിലപ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയോടും എനിക്ക് ആ വ്യത്യാസം ഉണ്ടായേക്കാം. അത് കാലഘട്ടത്തിനനുസരിച്ച് നമ്മുടെ ഉള്ളിലെ ബോധ്യങ്ങള്‍ മാറുന്നതു കൊണ്ടാണ്. ഇതൊരു വലിയ വളര്‍ച്ചയോ അച്ചീവ്‌മെന്റോ ആയിട്ട് ഒന്നും കാണുന്നില്ല. നമ്മുടെ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയില്‍ സന്തോഷിക്കുന്നു എന്നല്ലാതെ അത് എന്റെ വലിയൊരു വളര്‍ച്ചയോ എന്റെ അച്ചീവ്‌മെന്റ് ആയിട്ടോ ഒന്നും കാണുന്നില്ല.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ കണ്ടിട്ട് ഇത് ഈ കാലത്തിന്റെ അല്ല, ഇങ്ങനത്തെ അടുക്കളയും ആചാരങ്ങളും ഒക്കെ കാണാന്‍ മൂന്ന് നാലുവര്‍ഷം ഒക്കെ പുറകോട്ട് പോകേണ്ടി വരും എന്നു പറഞ്ഞവര്‍ ഒരുപാടുണ്ടല്ലോ. അവരോടൊക്കെ എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുന്നില്ല. പക്ഷെ അവരൊക്കെ ഏതൊക്കെ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ ആയിരിക്കും എന്നാണ് താങ്കള്‍ ചിന്തിക്കുന്നത്? ഞാന്‍ ഉദ്ദേശിച്ചത് അവരൊക്കെ പുരോഗമന ചിന്താഗതിക്കാരും സ്ത്രീ വിമോചനത്തിലും സമത്വത്തിലും ഒക്കെ വിശ്വസിക്കുന്നവരായിരിക്കും എന്ന് താങ്കള്‍ ചിന്തിക്കുന്നുണ്ടോ എന്നാണ്?

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പഴയകാലത്തെ സിനിമയാണ് എന്ന് പറയുന്നത്, പുരോഗമന നാട്യക്കാരുടെ ഒരു അഭിപ്രായം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങളായ സുരാജും അയാളുടെ അച്ഛനെയും ഒക്കെ പോലെ മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി ചില പുരോഗമനങ്ങള്‍ ഒക്കെ ഉണ്ടെന്നു നടിക്കുന്ന ചിലരുടെ അഭിപ്രായങ്ങള്‍. അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഒന്ന് ഇറങ്ങി അന്വേഷിച്ചാല്‍ ഇതൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് മനസ്സിലാവും. ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ ജാതകം എഴുതുക, ആ ജാതകത്തിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുക, അതുമായി ബന്ധപ്പെട്ട് ഒരുപാട് ആള്‍ക്കാര്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ജീവിക്കുന്നുണ്ട്. അതിനെയൊന്നും ഞാന്‍ അന്ധവിശ്വാസത്തില്‍ കൊണ്ടു ചെന്ന് കെട്ടിയിടുന്നില്ല. ആള്‍ക്കാര്‍ക്ക് ജീവിക്കണം ജോലി വേണം. പക്ഷേ ഇതെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. ഇതു മാത്രമല്ല ഏതാണ് ഇല്ലെന്ന് ഇവര്‍ പറയുന്നത്..? പിരീഡ്‌സ് ആവുമ്പോള്‍ അടുക്കളയില്‍ കയറാതിരിക്കുന്നതോ..?

അത് എത്രയോ വീടുകളില്‍ ഉണ്ട്. ഇങ്ങനെ വലിയ തറവാടുകളില്‍ മാത്രമല്ല ന്യൂക്ലിയര്‍ ഫാമിലികളില്‍ പോലും ഇത്തരം അന്ധവിശ്വാസങ്ങള്‍ പേറി നടക്കുന്നവരുണ്ട്. എല്ലാവരെയും ജനറലൈസ് ചെയ്തു പറയുകയല്ല. വീട്ടില്‍ മാറി നില്‍ക്കാനുള്ള സാഹചര്യങ്ങളുള്ള ഇത്തരം അന്ധവിശ്വാസങ്ങള്‍ പേറി നടക്കുന്ന എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ട്. പിരീഡ്‌സ് ആയി കഴിഞ്ഞാല്‍ സ്ത്രീ അടുക്കളയില്‍ കയറാതെ ജോലികള്‍ ചെയ്യാന്‍ വേണ്ടി മറ്റൊരു സ്ത്രീയെ ഏല്‍പ്പിക്കുക, അല്ലെങ്കില്‍ ആ സ്ത്രീയുടെ അമ്മ കുറച്ചുദിവസത്തേക്ക് അവിടെ വന്ന് നില്‍ക്കുക, അലമാരിയില്‍ തൊടാതിരിക്കുക ഇതൊക്കെ ഉണ്ട്. ഇതൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ്. എന്റെ ഭാര്യ ബീന ഹിന്ദു കുടുംബപശ്ചാത്തലം ഉള്ള ഒരാളാണ്. ബീനയുടെ ഒക്കെ പല റിലേറ്റീവ്‌സിന്റെ വീടുകളില്‍ ഞാന്‍ ഇത് കണ്ടിട്ടുണ്ട്. ഇതുമാത്രമല്ല മറ്റൊന്ന് ശബരിമലയ്ക്ക് പോകുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടക്കാന്‍ പാടില്ല എന്ന് പറയുന്നതാണ്. അതും ഇപ്പോഴത്തെ കുടുംബങ്ങളില്‍ ഇല്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഏത് സ്വാമിക്കാണ് ആണ് അത്തരം ചിട്ടകള്‍ ഇല്ല എന്ന് ഇവരൊക്കെ പറയുന്നത്? ആരുമില്ല. ഇതൊക്കെ വെറുതെ എന്തെങ്കിലും പറയാനായി പറയുന്നതാണ്. അവരുടെ മുഖത്ത് ചെളിവെള്ളം വീണിട്ടുണ്ട്. അതുകൊണ്ട് പറയാതിരിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. അങ്ങനെ പറയുന്നതാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടിയായ മറിമായത്തിലും അതുപോലെ ഹാസ്യത്തിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ എം 80 മൂസ എന്ന പരിപാടിയിലും താങ്കള്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടല്ലോ. ഈ അനുഭവങ്ങള്‍ എങ്ങനെയാണ് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുള്ളത്? ഒരു രചയിതാവായി നില്‍ക്കുമ്പോള്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മോഹം ഉള്ളില്‍ ഉണ്ടായിരുന്നോ?

മറിമായം, എം 80 മൂസ അതിനുശേഷം ഉപ്പും മുളകും ഈ മൂന്നു പരിപാടികളിലും ഞാന്‍ എഴുതിയിട്ടുണ്ട്. ഈ എഴുത്ത് സിനിമയിലെ ജോലികള്‍ക്ക് സഹായകരമായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നത് ഇല്ല എന്നാണ്. കാരണം ഇതു രണ്ടും രണ്ടു തരത്തിലാണ്. എം 80 മൂസ ഒരു മാസം എട്ടെണ്ണം ഉണ്ടായിരുന്നു. മറിമായവും ഏതാണ്ട് അതുപോലെ തന്നെ. അതില്‍ എപ്പിസോഡുകള്‍ നമ്മള്‍ എഴുതിയേ പറ്റുള്ളൂ. ചിലപ്പോള്‍ നമ്മള്‍ അവസാന മൊമെന്റില്‍ ഒക്കെയാണ് ഇരുന്ന് എഴുതുക. സ്വതവേ ഒരു മടി ഉള്ളതുകൊണ്ട് എഴുത്തെപ്പോഴും വൈകിയേ നടക്കുകയുള്ളൂ(ചിരിക്കുന്നു). എങ്കിലും ആ പരിപാടികളൊക്കെ ജനങ്ങള്‍ സ്വീകരിച്ച പരിപാടികളാണ്.

അത് വേറൊരു തരം പ്രോസസ് ആയിരുന്നു. പെട്ടെന്ന് ഒരു വിഷയം കണ്ടെത്തുന്നു, പിന്നെ ആ വിഷയത്തിലൂടെയുള്ള ഇരുപത്തഞ്ച് മിനിറ്റ് യാത്രയായിരുന്നു അത്. വേറൊരു തരം അനുഭവമായിരുന്നു അത്. എന്റെ ‘രണ്ടു പെണ്‍കുട്ടികള്‍’ ഒക്കെ ഷൂട്ടിങ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ ഞാന്‍ മറിമായമോ അല്ലെങ്കില്‍ എം 80 മൂസയോ ഒക്കെ എഴുതിയതിനു ശേഷം ആണ് ചിലപ്പോള്‍ ഷൂട്ടിങ് സ്ഥലത്തേക്ക് പോകാറ്. രാവിലെ ആറ് മണിക്കും അഞ്ച് മണിക്കും ഒക്കെ എഴുന്നേറ്റ് എഴുതും. സിനിമയുടെ എഴുത്ത് രീതികള്‍ വേറെയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കുഞ്ഞുദൈവം ഒക്കെ എഴുതുമ്പോള്‍ സീന്‍ ഓര്‍ഡറുകള്‍ പ്ലാന്‍ ചെയ്യുക മാത്രമാണ് ചെയ്യാറ്. അവിടെ എന്താണ് പറയേണ്ടത് എന്നുള്ളത് നമുക്ക് ഒരു വ്യക്തത ഉണ്ടാകും എന്നല്ലാതെ ഡയലോഗുകള്‍ ആയിട്ട് എഴുതാറില്ല.

പേപ്പറും പേനയും എടുത്തിട്ടുള്ള ഒരു തിരക്കഥയെഴുത്ത് എന്നു പറയുമ്പോള്‍ സീന്‍ ഓര്‍ഡര്‍, ആ സ്ഥലത്ത് എന്താണ് പറയേണ്ടത്, ചെയ്യേണ്ടത്, ഡയലോഗ് എന്നതിന്റെ ഒക്കെ ഒരു മാര്‍ക്കിംഗ് ആണ്. അപ്പോ സിനിമയിലെയും സിറ്റ് കോമുകളിലെയും തിരകഥാ രചനകള്‍ രണ്ടും രണ്ടായിട്ടാണ് എനിക്ക് തോന്നിയത്. തീര്‍ച്ചയായും അത്തരം രചനകള്‍ ചെയ്യുന്ന സമയത്ത് ഒക്കെ നമ്മുടെ മോഹം എന്ന് പറയുന്നത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെയാണ്. അതിലേക്കുള്ള യാത്രയില്‍ നമുക്ക് വരുമാനം ആയിട്ട് നിന്ന പ്രധാന പരിപാടികള്‍ ആയിരുന്നു ഇവയൊക്കെ. സിനിമ ആയിരുന്നു എന്നും മനസ്സില്‍. എനിക്ക് തോന്നുന്നു എട്ടാം ക്ലാസിനു ശേഷം സിനിമ തന്നെ ആയിരുന്നു മനസ്സില്‍.

ആധുനിക കാലഘട്ടത്തിന്റെ മഹത്തായ അടുക്കളകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

അതിനകത്ത് രണ്ട് കാര്യങ്ങളാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്. ഒന്ന് നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഉള്ള ഒരു മാറ്റം. അതായത് ഒരു വീട്ടിനുള്ളില്‍ ഉണ്ടാകേണ്ട ചര്‍ച്ചകളെ പറ്റിയാണ് പറയുന്നത്. ഞാന്‍ ഒരു മാതൃക മുന്നോട്ടുവയ്ക്കുന്നൊന്നുമില്ല. വീട്ടില്‍ ഉള്ള ആള്‍ക്കാര്‍ തീരുമാനിക്കട്ടെ. രണ്ട് രീതിയില്‍ ചെയ്യാം. ഒന്നു ഭക്ഷണ രീതിയിലുള്ള മാറ്റം ആണ്. നമ്മുടെ സിനിമയിലെ ഒരു സീനില്‍ സുരാജിന്റെ വിദേശത്തുള്ള പെങ്ങള്‍ നാട്ടിലുള്ള അമ്മയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ബ്രെഡ് ടോസ്റ്റ് ചെയ്യാന്‍ തുടങ്ങുന്ന ഒരു സീനുണ്ട്. ആ സീന്‍ എന്ന് പറഞ്ഞാല്‍ അതില്‍, ആ ഫോണ്‍ കോളിനുള്ളില്‍ അവിടെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു. സുരാജിന്റെ പെങ്ങള്‍ നടന്നു വരുന്നു..ബ്രഡ് എടുക്കുന്നു…ഫ്രിഡ്ജില്‍ നിന്ന് ചീസ് എടുക്കുന്നു. ഒരു കോഫീ മേക്കറോ എന്തോ അടുത്തിരിപ്പുണ്ട്. കോഫീ ആകുന്നു.. അപ്പോഴേക്കും പരിപാടി കഴിഞ്ഞു. അപ്പോ വളരെ സിമ്പിളായി ഒരു ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു. അതേസമയത്ത് ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ ചക്ക വെട്ടിക്കൊണ്ടിരിക്കുന്ന നിമിഷയും അമ്മയുമാണ്. ഒന്നുകില്‍ അങ്ങനെയുള്ള ബ്രേക്ക്ഫാസ്റ്റ് അതായത് ഈ ദോശയും ഇഡ്ഡലിയും ചക്കയും ഒക്കെ കഴിക്കേണ്ടവര്‍ സ്ത്രീകളുടെ കൂടെ ഫുള്‍ടൈം നില്‍ക്കുക. രണ്ടുപേരും രാവിലെ എണീക്കുക. ഒരു സ്ത്രീ മാത്രം രാവിലെ എഴുന്നേറ്റ് അഞ്ചു മണി മുതല്‍ ആറോ ഏഴോ മണി വരെ ഒക്കെ പണിയെടുത്താല്‍ ആണ് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാവുക. അവിടെ രണ്ടുപേരും കൂടുക. മക്കളുണ്ടെങ്കില്‍ മക്കളെയും കൂട്ടുക. അടുക്കള ജോലികള്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ അവിടെ ചിലപ്പോള്‍ ഹാപ്പിനസ് കൂടെ ഉണ്ടാകും. ഈ രണ്ടു രീതികളാണ് എനിക്ക് പറയാനുള്ളത്. കമ്മ്യൂണിറ്റി കിച്ചന്‍ എന്നൊക്കെ പറഞ്ഞ് ഓരോ പരിപാടികള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. അതിലൊക്കെ നമുക്ക് ഭക്ഷണത്തിന്റെ സേഫ്റ്റി, ഹൈജീന്‍ അങ്ങനെയുള്ള കുറെ കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.

ഡോ. കീര്‍ത്തി പ്രഭ
ഈ സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്‌സ് എങ്കിലും നടന്നാല്‍ സന്തോഷം എന്ന രീതിയിലുള്ള താങ്കളുടെ പ്രസ്താവനകള്‍ കണ്ടിരുന്നു. കുടുംബം എന്ന ഒരു സങ്കല്‍പത്തില്‍ സമ്പൂര്‍ണമായ ഒരു വ്യക്തിസ്വാതന്ത്ര്യം എന്ന ആശയം എത്രമാത്രം പ്രായോഗികമാണ് എന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?

കുടുംബം എന്ന് പറയുന്ന ഒരു സിസ്റ്റം സ്വാതന്ത്ര്യത്തിലെ ലംഘനത്തോടു കൂടിയേ മുന്നോട്ട് പോവുകയുള്ളൂ. അവിടെ ഒരാളുടെ സ്വാതന്ത്ര്യം മാത്രം നിരന്തരം എത്രയോ തരത്തില്‍ ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്നും സ്വതന്ത്രരാവേണ്ടതുണ്ട്. കുടുംബം എന്ന് പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ഒക്കെ സ്വാതന്ത്ര്യം ലംഘിക്കുന്നുണ്ട്. മക്കളുടെ സ്വാതന്ത്ര്യത്തിന് ലംഘനം വരുന്നുണ്ട്. എല്ലാവരുംകൂടി ചേര്‍ന്നിട്ടുള്ള ഇടപെടലുകളാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ സ്ത്രീയുടെ മാത്രം സ്വാതന്ത്ര്യം കൂടുതല്‍ ലംഘിക്കപ്പെടുന്നു. അത് അടുക്കളയില്‍ എന്നുള്ള ഒരു കാര്യം മാത്രമല്ല. ഒരു പുരുഷന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അടുക്കളയില്‍ ജോലി ചെയ്താല്‍ തീരുന്നതല്ല കുടുംബത്തിലെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളും കുടുംബത്തിനുള്ളിലെ മറ്റു പ്രശ്‌നങ്ങളും. അത്തരം പ്രശ്‌നങ്ങളില്‍ നില്‍ക്കുന്നവര്‍ ഡൈവോഴ്‌സ് ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് പത്തല്ല നൂറല്ല കൂടുതല്‍ നടക്കട്ടെ. ഇത്തരം ജീവിതങ്ങളില്‍ നിന്ന് വഴിമാറി നടക്കാന്‍ കഴിയട്ടെ. ഇങ്ങനെ കലുഷിതമായ ഒരു അന്തരീക്ഷത്തില്‍ മക്കള്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അല്ലാതെ ഉള്ള ഒരു ജീവിതമാണ്. ഇത് പുരുഷന്മാര്‍ക്കും ബാധകമാണ്. സ്ത്രീകളോട് മാത്രമല്ല ഞാന്‍ ഇറങ്ങിപ്പോകാന്‍ പറയുന്നത്. ഇത്തരം ഒപ്പോസിറ്റ് സാഹചര്യങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരും ഉണ്ടാകാം. അവരോടു കൂടിയാണ് പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.