Follow the News Bengaluru channel on WhatsApp

നിനയ്ക്കാതെ ബെംഗളൂരുവില്‍; മാറുന്ന ജീവിതം

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : പതിനെട്ട് 
🔵

കണ്ടുവെച്ചിരുന്ന ജോലികളൊന്നും എനിക്ക് കിട്ടില്ലെന്ന് കണ്ടപ്പോഴാണ് ഇനി ജോലി സ്വയം കണ്ടെത്തിക്കൊള്ളണമെന്ന് എന്നെ ബെംഗളുരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന ചെറിയമ്മാമന്‍ പറഞ്ഞത്. രണ്ട് അമ്മാമന്മാരെപ്പറ്റി മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഇത് ഏറ്റവും ചെറിയ അമ്മാമനാണ് (മൂന്നുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല). എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ ജീവനക്കാരനായിരുന്നു ഈ അമ്മാമന്‍. ലീവില്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെ കാര്യങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി മനസ്സിലാക്കി. പാരലല്‍ കോളേജില്‍ പോകുന്നുണ്ട്. ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പരിശീലിക്കുന്നുണ്ട്. അതോടൊപ്പം പോസ്റ്റുമാനായ വലിയമ്മാമന്റെ നാട്ടുമ്പുറത്തെ പീടിക നോക്കിനടത്തുന്നതും ഞാനാണ്. അതൊന്നും ചെറിയമ്മാമന് അത്ര തൃപ്തികരമായി തോന്നിയില്ല. അച്ഛനോ അമ്മയോ എന്റെ കാര്യം അമ്മാമനോട് പറഞ്ഞിട്ടുമില്ല. എന്നിട്ടും അദ്ദേഹം പറഞ്ഞു ‘ഞാന്‍ മടങ്ങുമ്പോള്‍ നീയും പോരൂ. ബംഗ്ലൂരില്‍ എന്തെങ്കിലും പണി കിട്ടോന്ന് നോക്കാം ‘.ബാംഗ്ലൂര്‍ കാണാലോ എന്ന സന്തോഷമാണ്. തീരെ ചെറുപ്പത്തില്‍ ഗുരുവായൂരില്‍ പോയിട്ടുണ്ടെന്നല്ലാതെ കോഴിക്കോടോ കൊച്ചിയോ പോലും കണ്ടിട്ടില്ലാത്ത എനിക്ക് തോന്നിയത്. ജോലിയെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചില്ല. അങ്ങനെ ബംഗ്ലൂരില്‍ എത്തി.

എന്നെ എയര്‍ഫോഴ്‌സില്‍ ചേര്‍ക്കാനാണ് അമ്മാമന്‍ ഉദ്ദേശിച്ചത്. മെഡിക്കല്‍ ഓക്കേയായാല്‍ സംഗതി ശരിയാക്കാമെന്ന് പരിചയക്കാരനായ ഓഫീസര്‍ അമ്മാമനോട് പറഞ്ഞിട്ടുണ്ടായിരുന്നു. എംജി റോഡിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു റിക്രൂട്ട്‌മെന്റ്. ശിവാജിനഗറിലെ സെലക്റ്റ് ഹോട്ടലില്‍ നിന്ന് വയറുനിറയെ ഇഡ്ഡലിയും സാമ്പാറും പഴവും വാങ്ങിത്തന്നു.  തൂക്കം വര്‍ധിക്കാനാണ്!. പക്ഷെ നെഞ്ചളവില്ലാത്ത,കൃശഗാത്രനായ ഞാന്‍ മെഡിക്കലിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഔട്ടായി. അങ്ങനെ എയര്‍ഫോഴ്‌സ് കഥ കഴിഞ്ഞു!. പിന്നീട് ഏതോ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ശരിയാക്കുന്നതിനായി അമ്മാമന്‍ എന്നെയും കൂട്ടി പീന്യയിലെ ഗോവിന്ദരാജ് എന്ന പ്രമുഖനെ കാണാന്‍ പോയി. കുറച്ചു പണവും അയാള്‍ക്ക് കൊടുത്തു. ഗോവിന്ദരാജ് ഞങ്ങളെ വസന്തനഗറിലെ ഒരു സര്‍ക്കാര്‍ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി ഒന്നുരണ്ടുപേരെ പരിചയപ്പെടുത്തി. ജോലി പെട്ടെന്നു ശരിയാക്കാമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചു.  അന്നും അയാള്‍ അമ്മാമനോട് പണം വാങ്ങി. പിന്നെ പീന്യയിലെ വീട്ടില്‍ ചെന്നാല്‍ അയാളെ കാണാതെയായി. ഞങ്ങളെ കാണുമ്പോള്‍ അയാള്‍ മുങ്ങുന്നതാണെന്നു വഴിയേ മനസ്സിലായി. ഒരു ദിവസം അതിരാവിലെ ചെന്നിട്ടും അയാളെ കാണാനായില്ല .’നിനക്ക് നല്ലതൊന്നും വിധിച്ചിട്ടില്ലെടാ. എനിക്കിനി അലയാന്‍ വയ്യ. നീ തന്നെ അന്വേഷിച്ച് എന്തെങ്കിലും ജോലി കണ്ടുപിടിക്ക് ‘ഗോവിന്ദരാജിനെ കാണാതെ മടങ്ങുമ്പോള്‍ അമ്മാമന്‍ ദേഷ്യത്തോടെ പറഞ്ഞു. താമസിച്ചിരുന്ന ദാസറഹള്ളിയിലെ സഞ്ജീവപ്പ കോംപൗണ്ടിലെ അയല്‍വാസിയായ മേനോന്‍ സാറിനോടും അമ്മാമന്‍ എന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹം എച്ച്.എം.ടി എസ്‌റ്റേറ്റിലെ ഒരു ചെറിയ ഫാക്ടറിയില്‍ ഹെല്‍പ്പറുടെ ജോലി ശരിയാക്കിത്തന്നു.

നാലഞ്ചു ലെയ്ത്തും മില്ലിങ് മെഷീനും മാത്രമുള്ള വര്‍ക്ക് ഷോപ്പായിരുന്നു അത്. രാവിലത്തേയും വൈകീട്ടത്തേയും ഷിഫ്റ്റുകളിലായി ഇരുപതോളം ജോലിക്കാറുണ്ടായിരുന്നു. മലയാളിയായി ഞാന്‍ മാത്രം!. എന്നാല്‍ രണ്ടുമാസം തികച്ച് അവിടെ ജോലിചെയ്യാനായില്ല. പണിയില്ലെന്ന് പറഞ്ഞു നാലഞ്ചുപേരെ പറഞ്ഞുവിട്ട കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ‘അവിടേം പ്രശ്‌നായോ ?’വിവരമറിഞ്ഞപ്പോള്‍ അമ്മാമന് ശരിയ്ക്കും അരിശം വന്നു. അതിനുശേഷം പീന്യയിലെ രണ്ടുമൂന്നു കമ്പനികളില്‍ ഒരാഴ്ച , രണ്ടാഴ്ച എന്നിങ്ങനെ താത്കാലികമായി ജോലി ചെയ്തു. അതുകഴിഞ്ഞാണ് ഒരു അപരിചിതന്റെ ശുപാര്‍ശയില്‍ മൈനി പ്രിസിഷന്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സാമാന്യം വലിയൊരു ഫാക്ടറിയില്‍ ജൂണിയര്‍ ട്രെയിനിയായി ചേരുന്നത്. പീന്യ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പേരുകേട്ട ഫാക്ടറിയായിരുന്നു അത്. പല ഭാഷ സംസാരിക്കുന്ന മുന്നൂറിലേറെ തൊഴിലാളികള്‍ . ഓട്ടോമാറ്റിക് മെഷീനുകളുടെ നിലക്കാത്ത മുരളിച്ച. എന്‍ജിന്‍ ഓയിലിന്റെയും കൂളന്റിന്റെയും ഗന്ധം. മൂന്നു ഷിഫ്റ്റുകളിലായി ഫാക്ടറി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും . വലിയ ഓഫീസ്. നിരവധി സൂപ്പര്‍വൈസര്‍മാര്‍. മൈനി പ്രിസിഷന്‍ പ്രൊഡക്ട്‌സ് എനിക്ക് ഇഷ്ടമായി. ഫാക്ടറി തുടങ്ങിയിട്ട് ആറുവര്‍ഷമേ ആയിട്ടുള്ളു. തൊഴിലാളികളില്‍ മിക്കവരും അഞ്ചും ആറും വര്‍ഷത്തെ സര്‍വീസ് ഉള്ളവരാണ്. എന്നെപോലെ ഏതാനും ജൂനിയേഴ്‌സുമുണ്ട്. കന്നഡക്കാരും തമിഴരുമാണ്  കൂടുതല്‍.  മുപ്പതോളം മലയാളികളുമുണ്ട്. പലരും വിവിധ ഷിഫ്റ്റുകളിലാണ്. വല്ലപ്പോഴുമേ ഒന്നിച്ചുകാണൂ. കുറച്ചുനാളുകള്‍ കൊണ്ട് ഞാന്‍ എല്ലാവരേയും പരിചയപ്പെട്ടു. കോഴിക്കോട് ജില്ലക്കാര്‍ മറ്റാരുമുണ്ടായിരുന്നില്ല; നാദാപുരക്കാരനായ ഞാന്‍ മാത്രം. കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ഏറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് മിക്കവാറും. ജില്ലകളില്‍ അവര്‍ പറഞ്ഞ സ്ഥലങ്ങളെക്കുറിച്ചൊന്നും എനിക്കറിവുണ്ടായിരുന്നില്ല.(ഞാന്‍ കേരളം മുഴുവനായി കാണുന്നതും  സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതും പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്)

ഭാഷ അറിയില്ലെങ്കിലും മറ്റു ഭാഷക്കാരായ സഹപ്രവര്‍ത്തകരുമായും ഞാന്‍ സൗഹൃദം സ്ഥാപിച്ചു. മലയാളത്തുകാരനായ മെലിഞ്ഞ പയ്യനെ മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ഇഷ്ടമായത് വിനയവും അനുസരണശീലവും കൊണ്ടാണെന്ന് തോന്നുന്നു!. ഒരുപക്ഷെ പാവത്താന്‍ ലുക്കും എളിമയോടുകൂടിയ പെരുമാറ്റവുമായിരിക്കാം അവരെ ആകര്‍ഷിച്ചത്!. ഫാക്ടറി തുടങ്ങിയിട്ട് ആറാമത്തെ വര്‍ഷമായിരുന്നു എന്നുപറഞ്ഞല്ലൊ. മറ്റു ഫാക്ടറികളെക്കാള്‍ ഉയര്‍ന്ന ശമ്പളവും വേറെ ചില അനുകൂല്യങ്ങളും അവിടെ ഉണ്ടായിരുന്നു. അതിനാല്‍ ജോലി ഒഴിവുണ്ടോ എന്നന്വേഷിച്ച് ദിവസവും ഗേറ്റില്‍ പത്തിരുപതു പേരുണ്ടാകും. ദിവസവും നാലഞ്ചുപേരെ പുതുതായി ജോലിയ്‌ക്കെടുക്കുകയും ചെയ്യും. ആ കൊല്ലം ആയുധപൂജയ്ക്ക് തീര്‍ച്ചയായും ബോണസ് കിട്ടുമെന്ന് മുതിര്‍ന്ന തൊഴിലാളികള്‍ കരുതിയിരുന്നു. ആയുധപൂജ ഗംഭീരമായി ആഘോഷിക്കുന്ന ഫാക്ടറിയാണ്. ആയുധപൂജക്കാണ് മറ്റു കമ്പനികളില്‍ ബോണസ് കൊടുക്കുക. വലിയ ഫാക്ടറിയായിട്ടും ആയുധപൂജ ഗംഭീരമായി ആഘോഷിച്ചിട്ടും മൈനിയില്‍ അതുവരെ ബോണസ് കൊടുത്തിട്ടില്ല. അതുകൊണ്ട് തൊഴിലാളികള്‍ നിരാശരായിരുന്നു.

ആയുധപൂജയ്ക്ക് രണ്ടുദിവസം മുമ്പ് ഏറ്റവും മുതിര്‍ന്ന തൊഴിലാളികള്‍ ജിഎമ്മിനെ പോയി കണ്ടെങ്കിലും ബോണസ് തരാന്‍ പറ്റില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിരാശരും ക്ഷുഭിതരുമായ തൊഴിലാളികള്‍ പിറ്റേന്ന് കൂട്ടംകൂട്ടമായി പുറത്തിറങ്ങി ഒരു പ്രാദേശിക നേതാവിന്റെ സഹായത്തോടെ യൂണിയനുണ്ടാക്കി സമരം ചെയ്തു. അഭിമാനിയായിരുന്നു ഫാക്ടറി ഉടമ. അമേരിക്കയിലൊക്കെ പഠിച്ച വടക്കെ ഇന്ത്യക്കാരന്‍. തൊഴിലാളികള്‍ പൊടുന്നനെ സമരത്തിനിറങ്ങിയതറിഞ്ഞു അദ്ദേഹം വിഷമിച്ചു. സ്വന്തം ഫാക്ടറിയിലെ തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ഓടിയെത്തി. അപ്പോള്‍ തന്നെ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ചു. യൂണിയന്‍ അംഗീകരിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുവദിച്ചു. സമരം അന്നു തന്നെ തീര്‍ന്നു. എല്ലാവരും ജോലിയ്ക്കുകയറി. ഞാന്‍ ചേര്‍ന്ന് എട്ടോ ഒമ്പതോ മാസമാകുമ്പോഴാണ് ഈ സമരം നടക്കുന്നത്. യൂണിയനില്‍ എനിക്കും അംഗത്വം കിട്ടി. അതിലേക്ക് കടക്കും മുമ്പ് അതിനു മുമ്പുണ്ടായ ചില കാര്യങ്ങളുണ്ട്. അത് പറയാം.

പോക്കറ്റില്‍ റെഡ് ഫ്‌ലാഗ് ഉണ്ടോടാ …..?
അടുത്ത ലക്കത്തിൽ വായിക്കാം..

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.