Follow the News Bengaluru channel on WhatsApp

‘ഭാഷയ്ക്ക് അതീതമായ സ്നേഹബന്ധത്തിന്റെ ഊഷ്മളതയാണ് ആയിഷ’ – ആമിർ പള്ളിക്കൽ സംസാരിക്കുന്നു

ആയിഷ അഥവാ നിലമ്പൂർ ആയിഷയുടെ ജീവിതത്തെ രേഖപ്പെടുത്തൽ 

ഒരുപാട് സിനിമകൾ ചെയ്ത് പരിചയമൊന്നും വേണ്ട ഹൃദയഹാരിയായ ഒരു സിനിമ സൃഷ്ടിക്കാൻ. കൂട്ടായ്മയുടെ ഭംഗിയിൽ മനോഹരങ്ങളാകുന്ന സിനിമാക്കാഴ്ചകൾ സത്യത്തിൽ നമ്മളെ അദ്‌ഭുതപ്പെടുത്തുകയാണ്. അങ്ങനെ ഒന്നാണ് ആമിർ പള്ളിക്കലിന്റെ ആയിഷ. അതിരുകളും ഉപാധികളുമില്ലാത്ത ഊഷ്മളമായൊരു സ്നേഹബന്ധത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. മഞ്ജു വാര്യരും മോണയും ആയിഷയും മാമ്മയുമായി ഫ്രെയിമുകളും മനസുകളും നിറച്ച് പ്രണയവും വിരഹവും സ്ത്രീപക്ഷവും വേദനകളും ഒറ്റപ്പെടുത്തലുകളും എല്ലാം ചേർന്ന് കൃത്യമായ രാഷ്ട്രീയം പറഞ്ഞ് ജ്വലിച്ചു നിൽക്കുന്ന സിനിമ. നിലമ്പൂർ ആയിഷ എന്ന വിപ്ലവനക്ഷത്രത്തിന്റെ അധികമാരും പറഞ്ഞ് ആഘോഷമാക്കാത്ത ജീവിതകഥയാണ് ആയിഷ എന്നറിഞ്ഞത് സിനിമയോടും സിനിമയുടെ ഭാഗമായ എല്ലാവരോടും സ്നേഹവും ആദരവും തോന്നിപ്പിച്ചു. ഇതെല്ലാമിങ്ങനെ പറയുമ്പോൾ സിനിമ കാണുന്നതിന് മുമ്പും ശേഷവും എന്ന കഥ പറയാതെ വയ്യ. പുതിയ സംവിധായകൻ, മഞ്ജു വാര്യരുടെ തിരിച്ചു വരവിലെ കഥാപാത്രങ്ങൾ കണ്ണിലെ കണ്ണിലെ എന്ന പാട്ട് ഇതൊക്കെ തീർച്ചയായും കാണേണ്ട സിനിമ എന്ന ലിസ്റ്റിൽ നിന്ന് ഈ സിനിമയെ മാറ്റി നിർത്താൻ കാരണമായിട്ടുണ്ട്. പക്ഷെ അങ്ങനൊരു മുൻധാരണ ഒന്നിനോടും പാടില്ല എന്ന് പഠിപ്പിക്കുക കൂടിയാണ് ആമിർ പള്ളിക്കലും ആയിഷയും മഞ്ജു വാര്യരും ചെയ്തത്. ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ ഒരു സിനിമ, അത് കണ്ട് കഴിഞ്ഞ് ലിസ്റ്റിന്റെ ഏറ്റവും മുകളിൽ കയറി ഇരിക്കുന്ന കാഴ്ച സത്യത്തിൽ ഒരു പ്രത്യേക അനുഭൂതിയാണ്, രോമാഞ്ചം ഉണ്ടാക്കുന്ന ഒരു അവസ്ഥ. ആ അവസ്ഥയിലൂടെ വളരെ അപൂർവമായി മാത്രമാണ് കടന്ന് പോയിട്ടുള്ളത്. അതിനും ഒരവസരമുണ്ടാക്കിയ ആയിഷയെ തന്നവർക്ക് നന്ദി.

നിലമ്പൂർ ആയിഷ / ചിത്രം: തുളസി കക്കട്ട്

 

കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ നിലമ്പൂർ ആയിഷയുടെ കഥ 2023 ൽ കാണുമ്പോൾ അതുപോലെ സ്വയമൊരു വിപ്ലവമാകുന്നതും സ്വന്തം അഭിപ്രായങ്ങൾ സ്വപ്നം മാത്രമായും ചുരുങ്ങിപ്പോകുന്ന പെണ്ണുങ്ങൾ ഇന്നും എത്രയോ ഏറെയാണ് എന്ന യാഥാർത്ഥ്യവും ഓർമ്മിപ്പിക്കപ്പെടുകയാണ്. സ്വന്തം ഇഷ്ടങ്ങളെ സ്നേഹിക്കുന്ന, സ്വയം തീരുമാനങ്ങൾ എടുക്കുന്ന പെണ്ണ് ഇന്നും അഹങ്കാരി തന്നെയാണ്. പെണ്ണിന്റെ സാമൂഹിക ഇടപെടലുകളും അവൾ നടത്തുന്ന യാത്രകളും കലയ്ക്കും പാഷനും പുറകെയുള്ള നടത്തവും പലരുടെയുള്ളിലും ഇന്നും അഴിഞ്ഞാട്ടമാണ്.ഇക്കാര്യങ്ങളൊക്കെ പ്രധാനപ്പെട്ടതാകുന്നത് ആണിന് ഇതൊന്നും ബാധകമല്ലാതാവുകയും അവന്റെ യാത്രകളും സാമൂഹിക ചുറ്റിക്കറങ്ങലുകളും വലിയ തടസ്സങ്ങളും ആരോപണങ്ങളുമില്ലാതെ സാധ്യമായിക്കൊണ്ടേയിരിക്കുകയും അതിനൊക്കെ പെണ്ണിനു മുമ്പിൽ തടസ്സങ്ങൾ ഉണ്ടാക്കുന്ന വിവേചനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ്. പതിമൂന്നാം വയസ്സിൽ 47 കാരനെ കല്യാണം കഴിക്കേണ്ടി വന്ന നിലമ്പൂർ ആയിഷ അവിടെയുള്ള യാതനകൾ സഹിക്കാൻ കഴിയാതെ ഇറങ്ങി വന്നു.1950 കളിൽ ഒരു പെണ്ണ് കാണിച്ച ആത്മധൈര്യം പുരോഗമന നാടകങ്ങൾ അരങ്ങേറി കൊണ്ടിരിക്കുന്ന രണ്ടായിരാമാണ്ടിലും പെണ്ണിന് കിട്ടാത്ത മുന്തിരിയാണ്. വിവാഹാനന്തര ദുരിത ജീവിതങ്ങളിൽ നിന്ന് സമൂഹത്തിൽ ആർക്കൊക്കെയോ ഉള്ള ഇമേജ് നഷ്ടപ്പെടുമെന്ന് ഭയന്ന് ഇറങ്ങിവരാൻ കഴിയാതെ, ഒരു വിസ്മയ ആവാതിരിക്കാൻ ജീവിതത്തോട് യുദ്ധം ചെയ്ത് വീർപ്പുമുട്ടി കഴിയുന്ന പെണ്ണുങ്ങൾ എത്രയെത്രയാണ്. വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങി വരുന്ന വിസ്മയ കൊള്ളരുതാത്തവളും ആ ദുരിത ജീവിതത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന വിസ്മയ പരിശുദ്ധയുമാണ് നമുക്ക്. നിലമ്പൂർ ആയിഷയുടെ ഗദ്ദാമയായ പ്രവാസ ജീവിതമാണ് ആമിർ പള്ളിക്കലും ആസിഫ് കക്കോടിയും ആയിഷ എന്ന ഇൻഡോ അറബ് സിനിമയിലൂടെ പ്രധാനമായും പറയുന്നതെങ്കിലും തിയേറ്ററിനുള്ളിൽ നിലമ്പൂർ ആയിഷ എന്ന പേര് മുഴങ്ങി കേൾക്കുമ്പോൾ തന്നെ അവരെക്കുറിച്ച് ആഴത്തിൽ അറിയാവുന്നവർ ആ വിപ്ലവ ജീവിതത്തിന്റെ ഓർമ്മകളിൽപ്പെട്ട് ഒന്ന് ആടിയുലയും. വെറുമൊരു സിനിമാനടി മാത്രമായി നിലമ്പൂർ ആയിഷയെ ഓർക്കുന്നവർ ഈ സിനിമ കണ്ടാൽ തീർച്ചയായും അവരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കും. അത്രമേൽ ആഴത്തിലാണ് ഈ സിനിമഹൃദയത്തിൽ പിടിമുറുക്കുന്നത്. നിലമ്പൂർ ആയിഷ എന്ന കലാകാരിയുടെ, കമ്മ്യൂണിസ്റ്റിന്റെ ജീവിതം കേരള ചരിത്രത്തിൽ മറക്കപ്പെടാതെ പതിഞ്ഞ് നിന്ന് നമുക്കെല്ലാവർക്കും പ്രചോദനവും ഊർജവുമാകേണ്ട പാഠപുസ്തകം ആണ്.

കലയിലൂടെ വിപ്ലവം എന്ന ഇടതുചിന്തയ്ക്ക് കരുത്തു പകർന്ന കെപിഎസി എന്ന നാടക പ്രസ്ഥാനം തെക്കൻ കേരളത്തിൽ ശക്തി പ്രാപിച്ചപ്പോൾ വടക്കൻ കേരളത്തിൽ അങ്ങനെയൊരു നീക്കം അന്ന് സാധ്യമായിരുന്നില്ല. പിന്നീട് കെപിഎസിയുടെ പിന്തുണയോടെ മലബാറിൽ വന്ന വിവിധ നാടക സംഘങ്ങൾ കമ്മ്യൂണിസ്റ്റ് നവോത്ഥാന ആശയങ്ങൾ ആളുകളിലേക്ക് എത്തിക്കുകയും പുരുഷൻ തന്നെ സ്ത്രീയായി കെട്ടിയാടുന്ന നാടകങ്ങളിൽ ഒരു സ്ത്രീക്ക് എന്തുകൊണ്ട് പങ്കെടുക്കാൻ സാധിക്കുന്നില്ല എന്ന ചിന്തകൾക്ക് തുടക്കമാവുകയും ചെയ്തു. ഇ കെ അയമുവിന്റെ നാടകം കാണാനിടയായ ഇ എം എസ് നമ്പൂതീരിപ്പാട് നാടകങ്ങളിൽ സ്ത്രീകളെ അഭിനേതാക്കളാക്കുവാൻ നിർദ്ദേശിച്ചു. അങ്ങനെ തന്റെ പതിനഞ്ചാം വയസ്സിൽ സമൂഹത്തിന്റെയും സമുദായത്തിന്റെയും എതിർപ്പുകളെ ധീരമായി നേരിട്ട് കൊണ്ട് 1953 ൽ ഇ കെ അയ്മുവിന്റെ ‘ഇജ്ജ് നല്ലൊരു മനുഷ്യനാവാൻ നോക്ക് ‘ നല്ലൊരു മനുഷ്യനാവാൻ നോക്ക് ‘എന്ന നാടകത്തിലെ ജമീല എന്ന നായിക കഥാപാത്രമായി അഭിനയിച്ചുകൊണ്ട് ആയിഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. കേരളത്തിന്‌ അകത്തും പുറത്തുമായി 2500 ഓളം വേദികളിൽ ആ നാടകം പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് കെ ടി മുഹമ്മദ്‌, ബഷീർ ഉൾപ്പെടെയുള്ള നിരവധി നാടക ആചാര്യന്മാരുടെ നാടകങ്ങളിൽ ആയിഷ ഭാഗമായി.വിലക്കുകളെ അതിജീവിക്കേണ്ട അധിക ബാധ്യത ഇന്നും പെണ്ണിന് മുകളിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. അന്ന് മുതൽ ഇന്ന് വരെ പുരോഗമനം സാധ്യമായി എന്ന് പറയുന്ന നമ്മൾ എവിടെയാണ് എത്തി നിൽക്കുന്നത്, ഇനിയും എത്ര ദൂരമാണ് നടക്കാനുള്ളത് എന്നൊക്കെ ആയിഷ എന്ന സിനിമ നിങ്ങളെ ഓർമ്മിപ്പിക്കും.1961ൽ  ദി എലഫന്റ് ക്യൂൻ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി.അതേ വർഷം തന്നെ അവരുടെ ആദ്യത്തെ മലയാള സിനിമയായ കണ്ടം ബച്ച കോട്ടിലും അഭിനയിച്ചു. അന്ന് നാടകങ്ങളിലൂടെ ആശയങ്ങൾ കൊണ്ട് ഉണ്ടാക്കിയ പ്രതിരോധങ്ങളും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും മലബാറിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും നവോത്ഥാന ആശയങ്ങൾ പടർത്തിയുണ്ടാക്കിയ മാറ്റത്തിന്റെ തീക്കനലിന്റെ അതേ തീവ്രത ആയിഷ എന്ന സിനിമയ്ക്കും പകരനാവുന്നുണ്ട്, അത് നമുക്ക് കാലങ്ങൾക്കിപ്പുറവും ആവശ്യമായുണ്ട് എന്നതും വിസ്മരിക്കാനാവില്ല. എല്ലാ കാലത്തും കലയിലൂടെ സ്നേഹവും വിപ്ലവവും മനുഷ്യരിൽ മാറ്റങ്ങളുണ്ടാക്കാൻ ഇതുപോലെ ഉണ്ടായിക്കൊണ്ടേയിരിക്കണം. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും സ്ത്രീ ആയതുകൊണ്ട് മാത്രം സ്ത്രീയുടെ അരങ്ങത്തേക്കുള്ള വഴികളിൽ പുരുഷനില്ലാത്ത ഒരുപാട് തടസ്സങ്ങൾ മാറാല പോലെ കിടക്കുന്നുണ്ട് എന്ന് ഓർമ്മിപ്പിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

ഒരുപക്ഷേ നിലമ്പൂർ ആയിഷയുടെ വിവാഹ ജീവിതം ഒരു വിജയമായിരുന്നെങ്കിൽ ഇതുപോലൊരു വിമോചന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ എന്ന് ഒരു നിമിഷം ആലോചിച്ചു പോയി.സ്ത്രീകളെ സംബന്ധിച്ച് വിവാഹം എന്നത് പങ്കാളിത്തം എന്നതിനപ്പുറം പുതിയ പൊരുത്തപ്പെടൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളും അവകാശങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രങ്ങളും കൂടി ചേരുന്നു. ഒരു സ്ത്രീയുടെ വിവാഹ ജീവിതത്തിന്റെ അവസാനം വിപ്ലവ ജീവിതത്തിന്റെ ആരംഭമാകുന്നത് 1950കളിൽ കാണിച്ചുതന്ന ഒരു പെണ്ണിന്റെ ഉള്ളിലെ അഗ്നി എന്തു മാത്രം പൊള്ളുന്നതാണെന്ന് ഇന്ന് ഓർമിപ്പിക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു. അതാണ് ആയിഷയിലൂടെ സംഭവിച്ചത്.

1982 ൽ ഇറങ്ങിയ മൈലാഞ്ചി എന്ന സിനിമ വരെ ഒരുപാട് സിനിമകളിൽ കഥാപാത്രമായ, അരങ്ങിൽ വെടി ഉണ്ടകളെ വരെ നേരിടേണ്ടി വന്ന നിലമ്പൂർ ആയിഷ പിന്നീട് എല്ലാത്തിൽ നിന്നും മാറി നിന്ന് കൊണ്ട് 20 വർഷം സൗദി അറേബ്യയിൽ ഗദ്ദാമയായി ജോലി ചെയ്തു. കലയിലൂടെയും രാഷ്ട്രീയത്തിലൂടെയും ഒരു കാലഘട്ടത്തിന്റെ ആവേശമായ അവിടുന്നിങ്ങോട്ട് എല്ലാ സ്ത്രീകൾക്കും ഊർജമാവേണ്ട ജീവിതം സ്വയം തിരഞ്ഞെടുത്ത ആ ധീരയായ സ്ത്രീയുടെ അറേബ്യൻ ജീവിതമാണ് ആയിഷ എന്ന സിനിമ. നായകനും വില്ലനും അതിനെ ഒന്ന് മോടി പിടിപ്പിക്കാൻ വേണ്ടി മാത്രമായ നായികയും എന്ന ആണിന്റെ പകർന്നാട്ടങ്ങൾ കൊണ്ട് സമ്പുഷ്ടമായ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒന്ന് മാറി നിന്നുകൊണ്ട് പെൺ മനസുകളിൽ തുടങ്ങിയും നീങ്ങിയും അവസാനിച്ചും പെണ്ണാട്ടങ്ങൾ കൊണ്ട് പ്രേക്ഷകനെ കൊളുത്തി വലിക്കുന്ന, പിടിച്ചിരുത്തുന്ന, ആർദ്രമാക്കുന്ന, മനസുകളെ നേർത്തതാക്കുന്ന നമ്മൾ കണ്ട് പരിചയിച്ച ബയോപിക് മാതൃകകളിൽ നിന്നും വേറിട്ട് നിൽക്കുന്ന സിനിമയാണ് ആയിഷ.ദേശത്തിനും ഭാഷയ്ക്കും പ്രായത്തിനും എല്ലാം അതീതമായി അതിർ വരമ്പുകളില്ലാതെ, ബന്ധനങ്ങളിൽ വീർപ്പുമുട്ടുന്നതല്ലാത്ത ഊഷ്മളമായ ബന്ധങ്ങൾ വരച്ചിടുന്ന സിനിമ.

മഞ്ജുവിനോളം അല്ലെങ്കിൽ അതിനേക്കാൾ ഏറെ ഒരു അറബ് നടിയായ മോണയുടെ ഭാവപ്പകർച്ചകൾ കണ്ട് അതിശയിച്ചു പോയി. പ്രണയത്തിന്റെ കൊഞ്ചലുകളും വിരഹത്തിന്റെ വേദനകളും എല്ലാമുണ്ടായിട്ടും ഉള്ളിന്റെയുള്ളിൽ ഇരച്ചു കയറുന്ന ഒറ്റപ്പെടലുണ്ടാക്കുന്ന ഗദ്ഗദങ്ങളും ഒരു കൊച്ചു കുഞ്ഞിന്റെതുപോലുള്ള പിടിവാശികളും പിണക്കങ്ങളും ദേഷ്യവും വാത്സല്യവും കരുണയും എല്ലാം പറയുന്ന ഭാഷയ്ക്ക് അതീതമായി മലയാളികളെ സ്പർശിച്ചത് മോണയുടെ അഭിനയ മികവ് കൊണ്ടാവണം.എല്ലാറ്റിനുമുപരി ആയിഷ എന്ന പെണ്ണിനെ, കലാകാരിയെ, അവളുടെ പോരാട്ടങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്ത മാന്യത ആ കഥാപാത്രത്തിന്റെ മികവ് കൂട്ടി. മാമ്മ സംസാരിക്കുന്നത് അറബിയിലും ഇംഗ്ലീഷിലും ആണെങ്കിലും അത് ഒരു മലയാളിക്ക് മാതൃഭാഷ പോലെ തന്നെ മനസിലാക്കാൻ കഴിയുന്നുണ്ട്. അഭിനേതാക്കളുടെ ഭാവങ്ങൾ എല്ലാം അതേ തീവ്രതയിൽ ഒപ്പിയെടുത്ത വിഷ്ണു ശർമയുടെ ക്യാമറയും വികാരങ്ങൾക്കും അതിന് ചുറ്റുമുള്ള കാഴ്ചകൾക്കും തീക്ഷണമായ നിറങ്ങൾ നൽകിയ അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിങ്ങും ഓരോ ചലനങ്ങളെയും സാന്ദ്രമാക്കിയ എം ജയചന്ദ്രന്റെ സംഗീതവും ഭാഷയ്ക്കതീതമായി ആയിഷയെ ഹൃദയത്തോട് അടുപ്പിച്ചു.ആയിഷയും മാമ്മയും തമ്മിലുള്ള ബന്ധം ഒരു പാഠപുസ്തകമാക്കാം നമുക്ക്. മറ്റൊരാളുടെ വികാരങ്ങൾ മനസ്സിലാക്കണമെങ്കിൽ, അവരെ സന്തോഷിപ്പിക്കാനും സ്നേഹിക്കാനും കഴിയണമെങ്കിൽ സ്വന്തം വ്യക്തിത്വത്തിന്റെ അന്തസത്ത എന്താണെന്ന് തിരിച്ചറിയുകയും അതിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആനന്ദിപ്പിക്കുകയും വേണം എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നുണ്ട് ആയിഷയും മാമ്മയും അവരുടെ സ്നേഹബന്ധവും. രാഷ്ട്രീയവും സ്ത്രീപക്ഷവും സ്നേഹബന്ധങ്ങളും സഹവർതിത്തവും പ്രണയവുമെല്ലാം കാതുകൾ പ്രകമ്പനം കൊള്ളിക്കാതെ കണ്ണു മിഴിപ്പിക്കാതെ ആർദ്രമായി പറയാൻ സാധിക്കുമെന്ന് ആയിഷയോളം മറ്റാരും പറഞ്ഞിട്ടില്ല.

ആദ്യസിനിമ സ്വീകാര്യത നേടിയതിന്റെ സന്തോഷവും തന്റെ സിനിമാ സ്വപ്നങ്ങളിലേക്കുള്ള യാത്രയെ ക്കുറിച്ചും ആമിർ പള്ളിക്കൽ ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പങ്കുവെക്കുന്നു

ടോക് ടൈം 

🟡

ആമിർ പള്ളിക്കൽ  | ഡോ. കീർത്തി പ്രഭ

 

 

ആയിഷ എന്ന കഥാപാത്രത്തെ എഴുതിയതിനു ശേഷം മഞ്ജു വാര്യരിലേക്ക് എങ്ങനെയാണ് എത്തിയത്?

മഞ്ജു വാര്യറിലേക്ക് ഞാൻ ആദ്യം എത്തുന്നത് ആയിഷയുമായിട്ടല്ല മറ്റൊരു സിനിമയുടെ കഥയുമായിട്ടാണ്.ആ കഥ പറയുമ്പോൾ തന്നെ ആയിഷയുടെ ഒരു സൂചന മഞ്ജു ചേച്ചിക്ക് കൊടുത്തിട്ടുണ്ടായിരുന്നു.ആദ്യം പറഞ്ഞ സിനിമ പല കാരണങ്ങൾ കൊണ്ടും നടന്നില്ല.ആ ഒരു മുൻപരിചയത്തിന്റെ പുറത്താണ് പിന്നീട് ആയിഷയുടെ കഥ മഞ്ജു ചേച്ചിയുടെ മുന്നിൽ അവതരിപ്പിക്കുകയും കേട്ട ഉടനെ തന്നെ ചേച്ചി അത് സമ്മതിക്കുകയും ചെയ്യുന്നത്.

ആമിർ പള്ളിക്കൽ അടക്കം ഒരുപാട് പുതിയ സംവിധായകരും പുതിയ അഭിനേതാക്കളും കടന്നു വന്ന് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കുന്നത് നമ്മൾ ഒരുപാട് കണ്ടു.ആമിറിന്റെ അഭിപ്രായത്തിൽ എക്സ്പീരിയൻസിനാണോ കൂട്ടായ്മക്കാണോ ഒരു സിനിമ സൃഷ്ടിക്കുന്നതിൽ കൂടുതൽ പ്രാധാന്യം.?

എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ സിനിമ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞതിൽ തന്നെ വളരെ സന്തോഷമുണ്ട്. ഒരാൾക്ക് സിനിമ ഉണ്ടാക്കാൻ എക്സ്പീരിയൻസ് വേണം എന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ അയാളുടെ ഉള്ളിൽ സിനിമാസ്വപ്നങ്ങൾക്ക് ഒരു എക്സ്പീരിയൻസ് ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഒരുപാട് കാലത്തെ സ്വപ്‌നങ്ങൾ ഉണ്ടാക്കുന്ന അനുഭവങ്ങൾ ആണ് ഒരു നല്ല സിനിമ സൃഷ്ടിക്കുക.ആ സ്വപ്നത്തിലേക്ക് ഒരു നല്ല കൂട്ടായ്മ കൂടി വരുമ്പോൾ സ്വാഭാവികമായും നല്ലോരു സൃഷ്ടി ഉണ്ടാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രാക്ടിക്കലി കൂട്ടായ്മയ്ക്കാണ് സിനിമയിൽ പ്രാധാന്യം. നല്ലോരു ടീം ഉണ്ടാക്കിയെടുക്കുക, അതിലൂടെ നമ്മൾ സ്വപ്നം കാണുന്ന സിനിമയെ യഥാർഥ്യമാക്കിഎടുക്കുക എന്നതിനാണ് പ്രാധാന്യം.

ആയിഷയ്ക്ക് മുമ്പുള്ള ആമിറിന്റെ സിനിമ പരിചയങ്ങൾ എന്തൊക്കെയാണ്

സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി ഈ രണ്ടു സിനിമകളിലും ഡയറക്ഷൻ ടീമിൽ ഞാൻ ഉണ്ടായിരുന്നു. മോമോ ഇൻ ദുബായ് എന്ന സിനിമയുടെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയിരുന്നു. ഇത്രയുമാണ് സിനിമ മേഖലയിലുള്ള എന്റെ മുൻപരിചയങ്ങൾ.

പല ഭാഷകളിൽ നിന്നുള്ള താരങ്ങളെ കണ്ടുപിടിക്കാനുള്ള യാത്ര, അവരുമായുള്ള കമ്മ്യൂണികേഷൻസ് എങ്ങനെയായിരുന്നു?ഭാഷ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?

ആയിഷയുടെ ആലോചനയിൽ തന്നെ ഇതൊരു ബഹുഭാഷാ ചിത്രമായിരിക്കും എന്നുള്ളതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.കാരണം ഈ സിനിമയുടെ കഥാപാശ്ചാത്തലവും കഥാതന്തുവും മുഖ്യ കഥാപാത്രങ്ങളും എല്ലാം തന്നെ മലയാളത്തിനപ്പുറത്തുള്ള സാഹചര്യങ്ങളിൽക്കൂടി കടന്നു പോകുന്നവയായിരുന്നു. അതിനനുസരിച്ചുള്ള ഒരു സ്ക്രിപ്റ്റാണ് സിനിമയ്ക്ക് ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ അഭിനേതാക്കളെ കണ്ടെത്തുക, കഥാപരിസരത്തിന് അനുയോജ്യമായിട്ടുള്ള ലൊക്കേഷൻ കണ്ടെത്തുക, അതിനേക്കാൾ ഏറെ ഇതൊരു പിരിയോഡിക് സിനിമ ആയതുകൊണ്ട് തന്നെ കാലഘട്ടം പുനസൃഷ്ടിക്കുക എന്നതൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ വെല്ലുവിളികളെയൊക്കെ എൻജോയ് ചെയ്തു കൊണ്ട് തന്നെ മറികടക്കാൻ സാധിച്ചത് വ്യക്തമായ പ്ലാനിങ്ങും കൃത്യമായ സ്ക്രിപ്റ്റും ഉചിതമായ പ്രീപ്രൊഡക്ഷൻ വർക്കുകളും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരർത്ഥത്തിൽ ചാലഞ്ചിങ് തന്നെ ആണ് പക്ഷെ അത് വളരെ പ്ലാൻട് ആയും ആസ്വദിച്ചും മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

കണ്ണിലെ കണ്ണിലെ എന്ന പാട്ട് ഈ സിനിമയിൽ ഒരു അധികപ്പറ്റാണ് എന്ന് ചിലരുടെ അഭിപ്രായങ്ങൾ കണ്ടിരുന്നു. അതുപോലെ ആ പാട്ട് ഇറങ്ങിയപ്പോൾ പല രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. സിനിമയുടെ ഒഴുക്കുമായി നേരിട്ട് ബന്ധമില്ലാഞ്ഞിട്ടു പോലും അത്തരം ഒരു പാട്ട് ഈ സിനിമയിൽ ഉൾക്കൊള്ളിക്കാനുള്ള സാഹചര്യം എന്തായിരുന്നു?

ഒരു സിനിമയിൽ പലവിധ അഭിപ്രായങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്.കണ്ണില് കണ്ണില് ഔട്ട്‌ ഓഫ് ഫോക്കസ് ആയിട്ടുള്ള ഒരു ഡ്രീം സോങ് ആണ്. ആ പാട്ടിന്റെ സ്വഭാവം ഏത് രീതിയിലായാലും അത് ആ സിനിമയുടെ ഒഴുക്കിനെ ബാധിക്കില്ല എന്ന പൂർണമായ വിശ്വാസത്തിലാണ് ആ പാട്ട് ഉൾപ്പെടുത്തിയത്. രണ്ട് തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്ന് ആ പാട്ട് അവിടെ വേണ്ടിയിരുന്നില്ല എന്നത്. മറ്റൊന്ന് ആ പാട്ട് സിനിമയിലല്ലാതെ കേൾക്കുമ്പോൾ ഇഷ്ടക്കേട് തോന്നിയിരുന്നെങ്കിലും സിനിമയ്ക്കകത്ത് ആ പാട്ട് വരുമ്പോൾ അത് ആ സന്ദർഭത്തിന് ഉചിതമായി തോന്നി എന്നതാണ്. അതിൽ പ്രധാനപ്പെട്ട ഒരു അഭിപ്രായം നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ബെന്യാമിന്റെതായിരുന്നു.ആ പാട്ടു മാത്രമായി കേൾക്കുമ്പോൾ എനിക്കൊരു ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും സിനിമയ്ക്ക് അകത്ത് ആ പാട്ട് വന്നപ്പോൾ ആ സാഹചര്യത്തിന് അത് ഉചിതമായിട്ട് തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പാട്ട് അവിടെ വേണ്ടിയിരുന്നില്ല സിനിമയുടെ ഒഴുക്ക് നഷ്ടപ്പെട്ടുപോയി എന്നുള്ള അഭിപ്രായങ്ങളും വന്നിരുന്നു. വ്യത്യസ്ത രുചികൾ ഉള്ള പ്രേക്ഷകരുടെ പല രീതിയിലുള്ള അഭിപ്രായങ്ങൾ ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്. സിനിമയ്ക്ക് അകത്ത് ആ പാട്ട് ഒരു മൂഡ് ഷിഫ്റ്റ്‌ അല്ലെങ്കിൽ ഇമോഷണൽ ചേഞ്ചിന്റെ ഭാഗമായിട്ടാണ് ഉൾപ്പെടുത്തിയത്. വിമർശനങ്ങളെ വിമർശനങ്ങൾ ആയി തന്നെ ഉൾക്കൊള്ളുകയും ആ പാട്ട് ഇറങ്ങിയപ്പോൾ ഉണ്ടായ ട്രോളുകളെ ആസ്വദിക്കുകയും ചെയ്തിരുന്നു. ആളുകളുടെ മനസ്സിൽ ഈ സിനിമ രജിസ്റ്റർ ചെയ്യാൻ ആ പാട്ട് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

റാസൽഖൈമയിലെ ആ വീടിനെക്കുറിച്ച്?

ഒരുപാട് കൊട്ടാരങ്ങളും വീടുകളും തിരഞ്ഞു നടന്നതിനു ശേഷമാണ് റാസൽഖൈമയിലെ വീട്ടിലേക്കെത്തുന്നത്.സ്ക്രിപ്റ്റിൽ ആഷിഫ് കക്കോടി എഴുതി വച്ച ക്യാൻവാസും കഥാപശ്ചാത്തലവും പാലസ് സ്വഭാവവും ഒക്കെ ഒത്തിണങ്ങുന്ന പ്രേതഭവനം എന്നറിയപ്പെടുന്ന ഒരു വലിയ വീടായിരുന്നു അത്. അത് നമ്മുടെ സിനിമാ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ആ വീടിനെ ഒരുക്കിയെടുക്കുകയും റിക്രിയേറ്റ് ചെയ്യുകകയും ചെയ്തു. സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്ത ഒരു ലൊക്കേഷൻ കൂടിയായിരുന്നു ആ വീട്.

മലയാളത്തേക്കാൾ കൂടുതൽ മറ്റു ഭാഷകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. എങ്കിൽപോലും മലയാളി പ്രേക്ഷകർക്ക് ഈ സിനിമ ഇത്രയേറെ ഹൃദയസ്പർശിയാവാൻ കാരണം എന്തായിരിക്കും എന്നാണ് ആമിർ ചിന്തിക്കുന്നത്

ഒരു വ്യക്തിയുടെ ജീവിതകഥയിൽ നിന്നെടുത്ത ഏട് ആണെങ്കിൽ പോലും രണ്ടു വ്യക്തികൾ തമ്മിലുള്ള അതിരുകളില്ലാത്ത സ്നേഹമാണ് ഈ സിനിമ പറയുന്നത്. ആത്യന്തികമായി ജാതിമത വർഗ്ഗദേശാന്തരങ്ങൾ ഇല്ലാതെ എല്ലാത്തിനെയും മറികടക്കാൻ പറ്റുന്നതും എല്ലാ വീഴ്ചകളിൽ നിന്നും കരകയറ്റാൻ പറ്റുന്നതും സ്നേഹത്തിലൂടെയാണ്. ആ സ്നേഹമാണ് ആയിഷ എന്ന സിനിമ പറഞ്ഞുവെക്കുന്നത്.സ്നേഹം കൈമാറാൻ ഒരു ഭാഷയുടെ ആവശ്യമുണ്ട് എന്ന് ഞാൻ കരുതുന്നില്ല.അങ്ങനെയുള്ള ഒരു കഥ പറച്ചിൽ രീതിയാണ് ഈ സിനിമയ്ക്കുള്ളത്.അടിമ ഉടമ ബന്ധത്തിനപ്പുറത്തേക്ക് രണ്ടു ധ്രുവങ്ങളിൽ ഉള്ള രണ്ട് സ്ത്രീകൾ തമ്മിലുള്ള ഹൃദയബന്ധമാണ് ഇവിടെ പറയുന്നത്. സമ്പത്തും വലിയ കുടുംബവും എല്ലാമുണ്ടായിട്ടും ഭർത്താവ് നഷ്ടപ്പെട്ട് അയാളുടെ പ്രണയകാല ഓർമ്മകളിൽ ജീവിക്കുകയും മറ്റൊന്നും ആ ഓർമ്മകൾക്ക് പകരമാവില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ, ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കപ്പെട്ട ആ വിവാഹജീവിതം വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്ന് സ്വന്തം കാലിൽ ചങ്കൂറ്റത്തോടെ ജീവിക്കാൻ കരുത്ത് കാണിച്ച തന്റെ നിശ്ചയദാർഢ്യം കൊണ്ട് കഴിവ് തെളിയിക്കുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാരിയായ മറ്റൊരു സ്ത്രീ ഇവർ രണ്ടുപേരും തമ്മിലുള്ള സ്നേഹമാണ് ആയിഷ എന്ന സിനിമ. ലോകത്തിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് സ്ത്രീകളുടെ സ്നേഹബന്ധത്തിന്റെ ഊഷ്മളതയാണ് ഭാഷയ്ക്ക് അതീതമായി ഈ സിനിമയെ ഇത്രയേറെ ഹൃദയസ്പർശിയാക്കിയത്.

ആദ്യ സിനിമ നിലമ്പൂർ ആയിഷയെ കുറിച്ച് ആവണം എന്ന തീരുമാനം ഉണ്ടായതിനെക്കുറിച്ച്?

നേരത്തെ പറഞ്ഞത് പോലെ ഇതായിരുന്നില്ല ആദ്യത്തെ സിനിമയാക്കാൻ കരുതിയത്. ഞാൻ സിനിമയാക്കാൻ ശ്രമിച്ച ഏഴാമത്തെയോ എട്ടാമത്തെയോ കഥയാണ് ആയിഷ. അതിനുമുമ്പ് ഒരുപാട് സിനിമകൾ പലരീതിയിൽ നടത്താൻ ശ്രമിച്ചിട്ടുണ്ട്.നിലമ്പൂർ ആയിഷയെ പോലെയുള്ള ഒരു വ്യക്തിയുടെ ജീവിതകഥ സിനിമയാക്കാൻ കഴിയും എന്ന ഒരു തീരുമാനം ആയതിനുശേഷം പിന്നീട് ഈ സിനിമ മാത്രമായിരുന്നു മനസ്സിൽ. ഈ സിനിമ ചെയ്താൽ ഒരു സംവിധായകൻ എന്നുള്ള രീതിയിൽ എന്നെ അടയാളപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നുള്ള ഒരു ഉറപ്പ് ഉണ്ടായിരുന്നു.

സിനിമറ്റോഗ്രാഫർ, എഡിറ്റർ, തിരക്കഥകൃത്ത്, സംവിധായകൻ നിങ്ങളെല്ലാം തമ്മിലുള്ള കെമിസ്ട്രി എങ്ങനെയാണ് ഈ സിനിമ ഒരു നല്ല അനുഭവമാക്കുന്നതിൽ പങ്കു വഹിച്ചത്?

ഒരു സിനിമ എഴുത്തുകാരന്റെ ഭാവനയിൽ ഉണ്ടാകുമ്പോൾ അത് തന്റെ സിനിമയിലേക്ക് എങ്ങനെ കൊണ്ടുവരാം അല്ലെങ്കിൽ തന്റെ ഉള്ളിലെ സിനിമ എങ്ങനെ ഒരു തിരക്കഥാകൃത്തിനെ കൊണ്ട് എഴുതിപ്പിക്കാം എന്നാണ് ഒരു സംവിധായകൻ ചിന്തിക്കുക. പിന്നീട് തന്റെ മനസ്സിലുള്ള സിനിമ ഒരു സിനിമറ്റൊഗ്രാഫറെ ബോധ്യപ്പെടുത്തേണ്ടതും സംവിധായകന്റെ ചുമതലയാണ്.സിനിമയുടെ സ്വഭാവം, കളർ ടോൺ,മൂവ്മെന്റ് ഇവയൊക്കെ ഇങ്ങനെയായിരിക്കണം എന്നത് ഒരു സിനിമാറ്റോഗ്രാഫർക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരു സിനിമ സൃഷ്ടിക്കുന്നതിൽ പകുതി ജോലി കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ സിനിമയുടെ മോഡും സ്പീഡും ഇങ്ങനെയൊക്കെ ആണ് എന്ന് ഒരു എഡിറ്റർക്ക് മനസ്സിലാവുകയും ഇതൊന്നും കൂടാതെ മറ്റെല്ലാ ഡിപ്പാർട്ട്മെന്റുകളും തമ്മിലുള്ള ഒരു കെമിസ്ട്രി നല്ല രീതിയിൽ വർക്കാവുമ്പോഴാണ് ഒരു സിനിമ മികച്ച രീതിയിൽ പുറത്തേക്ക് വരുന്നത്. അതിന് എല്ലാ ഡിപ്പാർട്ട്മെന്റ്കൾക്കും തുല്യമായ പ്രാധാന്യം ഉണ്ട്. ഒരു സിനിമ പ്രേക്ഷകനോട് സംവദിക്കുന്നത് എഡിറ്റിങ്ങിലൂടെയും സിനിമറ്റൊഗ്രാഫിയിലൂടെയും ഒക്കെ ആയതുകൊണ്ട് അതിന് കുറച്ചധികം പ്രാധാന്യമുണ്ട് എന്ന് നമുക്ക് വേണമെങ്കിൽ പറയാം.

തന്റെ സ്വപ്നമായ ഒരു സിനിമ ഉണ്ടാക്കാൻ ഒരു പുതുമുഖ സംവിധായകന് എന്തൊക്കെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായിട്ടുണ്ട്. ഒരു സംവിധായകനാകാനുള്ള മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന സാമ്പത്തികമായും അല്ലാതെയും ഉള്ള പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി നിരാശപ്പെട്ടിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. അവരോടൊക്കെ ഇത്രയും മികച്ച രീതിയിൽ ആദ്യ സിനിമ അടയാളപ്പെടുത്തിയ ഒരു സംവിധായകൻ എന്ന രീതിയിൽ ആമിറിന് എന്താണ് പറയാനുള്ളത്?

ഒരാൾ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചാൽ,അയാളുടെ ഉള്ളിൽ ആത്മവിശ്വാസത്തോട് കൂടിയുള്ള ആത്മാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായിട്ടും അയാൾക്ക് ആ സിനിമ ചെയ്യാൻ പറ്റിയിരിക്കും. കാരണം ഞാൻ സിനിമയിലേക്കെത്തിയതും സിനിമ ചെയ്തതും ഒക്കെ ഏറ്റവും അവസാന നിമിഷം കിട്ടിയ പിടിവള്ളിയിൽ പിടിച്ചിട്ടാണ്.സിനിമയാണ് ലക്ഷ്യമെങ്കിൽ ഒരു പിടിവള്ളിയും ഇല്ലാതാവുന്ന അവസാന നിമിഷം പോലും നമ്മൾ പിന്തിരിഞ്ഞു പോകരുത്. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ സിനിമ നമുക്ക് വേണ്ടി അവിടെ തന്നെ ഉണ്ടാകും.പ്രതിസന്ധികളെക്കുറിച്ച് പറയുമ്പോൾ, നമ്മൾ ഒരു സിനിമാക്കാരനാവാൻ മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ സിനിമയല്ലാതെ മറ്റൊന്നും നമ്മുടെ മനസ്സിലുണ്ടാവില്ല, മറ്റു പ്രശ്നങ്ങളിൽ ഇടപെടാനോ മറ്റ് ജോലികൾ ചെയ്യാനോ പറ്റിയെന്ന് വരില്ല.അതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും സാമ്പത്തികമായ പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകും.ഒരു ജീവിത ഉപാധി കണ്ടെത്താൻ കഴിയാതെ വരും.അതിനെ തരണം ചെയ്യാൻ നമുക്ക് കഴിയണം എന്നുള്ളത് തന്നെയാണ് ഒരു പ്രധാന പ്രതിസന്ധി. സിനിമ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുമ്പോൾ തന്നെ പ്രാരാബ്ധങ്ങളും മറ്റു പല പ്രശ്നങ്ങളും നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കും. അപ്പോഴും ഒരു പ്ലാൻ ബി പോലുമില്ലാതെ നമ്മുടെ ഉള്ളിലുള്ളത് സിനിമ മാത്രം ആണ് എങ്കിൽ ഉറപ്പായിട്ടും അതിനൊരു റിസൾട്ട് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനോടൊപ്പം തന്നെ നമ്മുടെ മനസ്സിനെ പോസിറ്റീവ് ആക്കി നിലനിർത്തുന്ന സൗഹൃദങ്ങൾ സൂക്ഷിക്കുക, നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക, ഈ സിനിമ എനിക്ക് ചെയ്യാൻ കഴിയും എന്ന് മനസ്സിനോട് പറഞ്ഞു കൊണ്ടേയിരിക്കുക, അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുക ഇക്കാര്യങ്ങളൊക്കെയും പ്രധാനമാണ്. ഏതൊരു സ്വപ്നത്തെയും തേടി പോകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ തന്നെയാണ് സിനിമയ്ക്കും ഉണ്ടാകുന്നത്. രണ്ടു ചുവടു മുന്നോട്ട് വയ്ക്കുമ്പോൾ എന്തെങ്കിലും കാരണത്താൽ ഒറ്റ നിമിഷം കൊണ്ട് പത്തു ചുവട് പുറകോട്ട് മാറേണ്ടി വരും എന്നൊരു പ്രതിസന്ധി മറ്റെന്തിനെക്കാളും സിനിമയിലുണ്ട് എന്നത് ഉൾക്കൊണ്ടുകൊണ്ട് അതിനെ മറികടക്കാനുള്ള മാനസികമായ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് പ്രതിസന്ധികൾ മറികടക്കാനുള്ള പ്രധാന വഴി. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ മുതൽമുടക്ക് നമ്മുടെ സമയം തന്നെയാണ്. അതുകൊണ്ടുതന്നെ ആ സമയത്തിന് മറ്റെന്തിനേക്കാളും മൂല്യം ഉണ്ടെന്ന് മനസ്സിലാക്കുകയും ഞാൻ ഈ സിനിമ ചെയ്തേ അടങ്ങൂ എന്നുള്ള ഒരു ആവേശം മനസ്സിൽ ഉണ്ടാവുകയും ചെയ്താൽ ഏതു പ്രതിസന്ധിയും നമുക്ക് മറികടക്കാൻ കഴിയും, കഴിയേണ്ടതാണ്, കഴിഞ്ഞിട്ടുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.