Follow the News Bengaluru channel on WhatsApp

ആണിനും പെണ്ണിനുമിടയിലുള്ള ലോകങ്ങളിൽ മാത്രമല്ല മനുഷ്യർക്കിടയിലുള്ള വലിയ ലോകമാണ് ഈ ‘കാതൽ’

സിനിമ ▪️ ഡോ കീർത്തി പ്രഭ

2023 ലെ സിനിമകളിൽ ഒരുപാട് കാരണങ്ങൾ കൊണ്ട് ഹൃദയത്തോട് ചേർത്തുവച്ച സിനിമയാണ് കാതൽ. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് കാതൽ എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ എല്ലാവരും കാണേണ്ട സിനിമയാണ് കാതൽ എന്ന് നിസംശയം പറയാം. കാരണം അത് പറയുന്ന വിഷയം മനുഷ്യരെല്ലാം ഉൾക്കൊള്ളേണ്ടുന്നതാണ്.

അപൂർണ്ണതകൾ ചികഞ്ഞെടുത്താലും വിമർശനങ്ങൾ ഉണ്ടായാലും ഈ സിനിമയും അത് പറഞ്ഞ വിഷയവും കണ്ടവരെല്ലാം തമ്മിൽ പറഞ്ഞതും സ്വയം പുനർ വിചാരങ്ങളിലൂടെ കടന്നു പോയതും ആവണം. സ്വന്തം ചിന്താഗതികളുടെ ദിശയ്ക്കനുസരിച്ച് മറ്റുള്ളവരെ വിലയിരുത്തുമ്പോൾ മറ്റൊരു ചിന്തയേയോ പൊതുബോധങ്ങൾക്ക് അപ്പുറത്തുള്ള ചിന്തകളെയോ പരിഹസിക്കാതെയോ വിമർശിക്കാതെയോ വിലയിരുത്താൻ മനുഷ്യർക്ക് സാധിക്കില്ല.”എനിക്കിഷ്ടമല്ല” എന്ന ഒറ്റവാക്കിൽ മറ്റൊരാളുടെ വൈകാരികതകളെയും സ്വപ്നങ്ങളെയും തള്ളിപ്പറയുന്നതും അറപ്പോടെ നോക്കി കളിയാക്കുന്നതും എന്തുമാത്രം ക്രൂരതയാണെന്ന് ഒന്നുകൂടി ആഴത്തിൽ കാതൽ ഓർമിപ്പിച്ചിരുന്നു.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് എഴുതി ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനിയാണ് കാതൽ എന്ന സിനിമ നമ്മളിലേക്ക് എത്തിച്ചത്.

സ്വവർഗ പ്രണയം ബഹുമാനത്തോടെ അംഗീകരിക്കപ്പെടണമെന്ന് അതിന്റെ വൈകാരികതകളെ അത്രയേറെ നൈസർഗികമായി ഒപ്പിയെടുത്ത് ഒരു സിനിമയിങ്ങനെ പറയുന്നത് കണ്ടത് ആദ്യമായിട്ടാണ്.ഈ സിനിമ ഇത്രയേറെ അംഗീകരിക്കപ്പെടുന്നത് കണ്ടിട്ടും ഈ സിനിമയെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന മനുഷ്യരെ കണ്ടിട്ടും നെറ്റി ചുളിക്കുന്നവർ ഒരുപാടുണ്ട്. സ്വവർഗ പ്രണയവും ലൈംഗികതയും മാനസിക വൈകല്യമോ പ്രകൃതിവിരുദ്ധതയോ ആയി കാണുന്നവരുണ്ട്. സ്വവർഗ അനുരാഗത്തെ പിന്തുണയ്ക്കുന്ന മനുഷ്യരെ “അവൻ /അവൾ മറ്റതാണ് ” എന്നുപറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. ഇതൊക്കെ സംഭവിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ് എന്ന് ഒരുപാട് മനുഷ്യരെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് കാതൽ എന്ന സിനിമ നൽകിയത്.

ഒരു സിനിമ കണ്ടതുകൊണ്ടോ സ്വവർഗാനുരാഗികളായ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടോ സ്വവർഗ പ്രണയം നിയമ വിധേയമാക്കുന്നത് കൊണ്ടോ ഇവിടെയാരും സ്വവർഗ്ഗപ്രണയികളായി മാറുന്നില്ല.അത് ജന്മനാ ഉണ്ടാകുന്ന മറ്റൊരാളിൽ നിന്ന് അനുകരിക്കാൻ സാധിക്കാത്ത ഒരു സവിശേഷതയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ മാത്രമേ അത്‌ അംഗീകരിക്കാൻ സമൂഹത്തിനു സാധിക്കുകയുള്ളൂ.

ഭ്രൂണാവസ്ഥ മുതൽ പല ഘട്ടങ്ങളിലായി ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായിട്ടാണ് സ്വവർഗ്ഗത്തോട് തന്നെ പ്രണയം തോന്നുന്ന ഒരു മനുഷ്യജീവൻ ഉണ്ടാകുന്നത്. കുഞ്ഞ് ഇടങ്കയ്യനായാൽ അസ്വസ്ഥരാവുന്ന മാതാപിതാക്കളുണ്ട്.അതെന്തിനെന്ന് പോലും അറിയില്ലെങ്കിലും അതുപോലെ തന്നെ ഏറ്റവും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് സ്വവർഗ്ഗ അനുരാഗവും. അതൊരു മാനസിക വൈകല്യമോ ചികിത്സിച്ചു മാറ്റേണ്ട രോഗാവസ്ഥയോ പാശ്ചാത്യ ശീലങ്ങളെ അനുകരിക്കുന്നതോ പ്രകൃതി വിരുദ്ധതയോ ഒന്നുമല്ല എന്ന് മനസിലാക്കുക.

പൊതു സദാചാര ബോധ്യങ്ങൾക്കപ്പുറം ഒന്നും അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ഇന്നും നമ്മുടെ സമൂഹം എന്ന ബോധ്യമുള്ളവരാണ് ഓമനയും മാത്യൂസും തങ്കനുമെല്ലാം.ജനാധിപത്യത്തെ അതിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് ചേർത്തുപിടിച്ചവർ എന്ന ഖ്യാതിയുള്ള ഇന്ത്യൻ സമൂഹം എത്രമാത്രം സാമൂഹിക വിരുദ്ധമാണ് കാണിച്ചുതരുന്ന കാതൽ പോലെയുള്ള സിനിമകൾ കുറച്ചുകാലം മാത്രം തമ്മിൽ പറഞ്ഞ് മറന്നു കളയേണ്ടതല്ല. ചുരുക്കം ചില സിനിമകൾക്ക് മാത്രമേ സമൂഹത്തെ ഒന്നടങ്കം സ്വാധീനിച്ച് വലിയ സാമൂഹിക പരിഷ്കരണങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. അതിലൊന്നാണ് കാതൽ. സമൂഹത്തെ ഭയന്ന് വ്യത്യസ്ത ലൈംഗിക ചായ്‌വുകളുള്ള രണ്ട് പേർ വിവാഹസമ്പ്രദായങ്ങളുടെ കുരുക്കിൽ പെട്ട് ഇതൊരു കുടുംബമാണെന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്തി വർഷങ്ങളോളം വീർപ്പുമുട്ടി കഴിയേണ്ടി വന്ന അവസ്ഥ ഏറ്റവും തീവ്രമായി കാതൽ പറഞ്ഞിട്ടുണ്ട്.ഇതുപോലെ പല കാരണങ്ങൾ കൊണ്ടും സമൂഹത്തെ ഭയന്ന് നിർദോഷകരമായ വൈകാരികതകളും ഇഷ്ടങ്ങളും പുറത്ത് പറയാനാവാതെ കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും അഭിമാനസംരക്ഷകരായി മാനസിക സംഘർഷങ്ങളെല്ലാം ഉള്ളിലൊതുക്കി സമൂഹത്തിന്റെ സദാചാരബോധ്യങ്ങളുടെ മുന്നിൽ അഭിനയിച്ച് ജീവിതം ഹോമിക്കേണ്ടി വരുന്നവർ ഒരുപാടുണ്ടാവും.

ചൂടുപിടിപ്പിക്കുന്ന, ഉന്മത്തരാക്കുന്ന, അമിതമായ രോഷം കൊള്ളിക്കുന്ന ആവേശം കൊള്ളിക്കുന്ന കാഴ്ചകൾ കൊണ്ട് നിറഞ്ഞതല്ലെങ്കിലും നോട്ടങ്ങൾ കൊണ്ടും ചലനങ്ങൾ കൊണ്ടും വെറും നിൽപ് കൊണ്ടുപോലും മനസ്സിൽ പിടച്ചിൽ ഉണ്ടാക്കുന്ന കഥാപാത്രങ്ങളുണ്ട് കാതലിൽ.മമ്മൂക്കയുടെ കണ്ണാടിയിലേക്കുള്ള നോട്ടവും ചായക്കടയ്ക്ക് മുന്നിലെ നിൽപ്പും ഓമനയെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള കരച്ചിലും അഭിനയ താണ്ഡവത്തിന്റെ അങ്ങേയറ്റമെന്ന് വിശേഷിപ്പിക്കേണ്ടതല്ല. കണ്ണുകളുടെ അനക്കം മതി ആ രംഗത്തിലൂടെ കൈമാറാൻ ഉദ്ദേശിക്കുന്ന വികാരങ്ങൾ മുഴുവൻ അതേ തീവ്രതയിൽ പ്രേക്ഷകനെ അനുഭവിപ്പിക്കാൻ എന്ന ബോധ്യമുള്ള ഒരു വലിയ നടന്റെ പാകതയും മിതത്വവും ആണ് നമുക്കിവിടെ കാണാൻ കഴിയുക.

മമ്മൂട്ടിയുടെ മാത്യൂസിനെക്കാളും ജ്യോതികയുടെ ഓമനയേക്കാളും സുധി എന്ന നടന്റെ തങ്കൻ എന്ന കഥാപാത്രമാണ് ഒരു വേദനയായി ഉള്ളിലുണ്ടായിരുന്നത്. മാത്യൂസിന്റെ അത്രയും പ്രീവിലേജ് ഇല്ലാത്ത ആൾബലമില്ലാത്ത മൃദുവായ ഒരു മനസ്സും പേറി മറ്റാരോടും ഒന്നും പറയാനാകാതെ താൻ ആശ്വസിക്കുന്നുവെന്ന് തന്റെ മുഖത്തെ എങ്കിലും വിശ്വസിപ്പിക്കാൻ മോണാലിസച്ചിരിയുമായി നടന്നു നീങ്ങുന്ന ആ മനുഷ്യൻ പറയുന്നുണ്ട് ഈ സിനിമ ഉദ്ദേശിക്കുന്നത് മുഴുവൻ.

കഥാപാത്രങ്ങളെ ഇതുപോലെ പാകത്തിൽ വാർത്തെടുത്ത എഴുത്തുകാരായ ആദർശും പോൾസണും സംവിധായകൻ ജിയോ ബേബിയും ഈ സിനിമയുടെ നിർമ്മാണത്തിലുടനീളം കടന്നുപോയ ചിന്തകളെയും നിമിഷങ്ങളെയും കുറിച്ചോർത്ത് അഭിമാനമാണ്. അവർ മൂന്നു പേർക്കും ഈ സിനിമയെക്കുറിച്ച് ഇനിയും പറയാനുണ്ട്.

‘ചാന്തുപൊട്ട്’ എന്ന വാക്ക് കൊച്ചു കുട്ടികൾ പോലും പരിഹസിക്കാൻ ഉപയോഗിക്കുന്നത് കാണുമ്പോൾ ക്വിയർ മനുഷ്യർക്ക് കാലങ്ങളായി മലയാളസിനിമ ഉണ്ടാക്കിക്കൊണ്ടിരുന്ന ആഘാതങ്ങൾ എത്ര വലുതാണ് എന്ന് അറിയാൻ കഴിയും. അത്‌ ഇന്നും തുടരുന്നുമുണ്ട്. ബൈസെക്ഷ്വൽ ആയ മനുഷ്യരെപ്പറ്റി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അത്തരം മനുഷ്യർക്ക് സിംപതി നേടി കൊടുക്കാനുള്ള ശ്രമങ്ങൾ ആയിട്ടാണ് തോന്നിയിട്ടുള്ളത്.അല്ലെങ്കിൽ അതിലൊക്കെയും സംഭാഷണങ്ങൾ കൊണ്ടും പ്രവർത്തികൊണ്ടും അവരെ വേദനിപ്പിക്കുന്ന, പരിഹാസപാത്രമാക്കുന്ന ഘടകങ്ങൾ തീക്ഷണമായിത്തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.എന്നാൽ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വുകളെല്ലാം സ്വാഭാവികമാണെന്ന് അവരും അവർക്ക് ചുറ്റുമുള്ളവരും അനുഭവിക്കുന്ന എല്ലാ സംഘർഷങ്ങളും പ്രേക്ഷകരെ അനുഭവിപ്പിച്ചു കൊണ്ട് തന്നെ കാതൽ പറഞ്ഞുവയ്ക്കുകയാണ്.യാഥാർത്ഥ്യമാണെങ്കിലും സമൂഹവും ഇക്കാലം അത്രയും വന്ന സിനിമകളും ക്വിയർ പൊളിറ്റിക്സിനോട് ചെയ്ത അത്തരം ദ്രോഹങ്ങൾക്ക് ഒരു പ്രായശ്ചിത്തം പോലെയാണ് കാതൽ എന്ന സിനിമ അനുഭവപ്പെട്ടത്.ക്വിയർ മനുഷ്യരുടെ ഇമോഷൻസ് പറയുന്നതിനോടൊപ്പം തന്നെ സിനിമയിലൂടെ അവർക്ക് വേണ്ടി സംസാരിക്കുകയും ചെയ്യണം എന്ന ചിന്ത ആദ്യത്തെ ആലോചനകളിൽ തന്നെ ഉണ്ടായിരുന്നു എന്ന് കാതലിന്റെ എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും പറയുന്നു.സ്വവർഗ പ്രണയിയായ ഒരാളുടെ ലൈംഗിക താൽപര്യങ്ങൾ പങ്കാളിയാവാൻ പോകുന്ന വ്യക്തിയിൽ നിന്ന് മറച്ചുപിടിച്ച് നിർബന്ധിത വിവാഹ ജീവിതത്തിലേക്ക് നയിക്കപ്പെടുമ്പോൾ ആ കുടുംബത്തിൽ ക്രമേണ
വളർന്നുവരുന്ന വീർപ്പുമുട്ടലുകൾ അതിശയോക്തികളുടെയും വ്യക്തിനിന്ദകളുടെയും കലർപ്പില്ലാതെ സ്വാഭാവികമായ ഒഴുക്കിൽ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന വ്യക്തമായ തീരുമാനം ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.

ക്വിയർ പൊളിറ്റിക്സിനോടുള്ള സമൂഹത്തിന്റെ വിമുഖതയും പിന്നീട് അതിനെ സ്വാഭാവികമെന്നപോലെ സ്വീകരിച്ചു കൊണ്ടുള്ള ഒരു ഉത്കൃഷ്ട സമൂഹത്തിലേക്കുള്ള യാത്രയുമായിരുന്നു സിനിമ കാണുന്ന സ്ക്രീനിൽ. അതേസമയം സിനിമയുടെ അവസാനം കയ്യടിച്ചു എങ്കിലും “തങ്കൻ ചേട്ടോ” എന്ന് വിളിച്ചുകൊണ്ടുള്ള പരിഹാസധ്വനിയോടെയുള്ള കമന്റടികൾ പുറപ്പെടുവിച്ച ഓഡിയൻസ് അതിനേക്കാൾ വലിയൊരു പാഠമായിരുന്നു. സിനിമ കൊള്ളാം, സിനിമയിൽ ഇതൊക്കെ ഞങ്ങൾ അംഗീകരിക്കും,പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇത് പരിഹസിക്കപ്പെടേണ്ടതാണ് എന്നുള്ള ബോധ്യങ്ങളിൽ അടിയുറച്ചു പോയ ഒരു സമൂഹത്തെയാണ് ഈ കമന്റടികളിൽ നിന്നും വേർതിരിച്ചെറിഞ്ഞത്.കാതലിന് കിട്ടിയ പ്രതികരണങ്ങളെ കുറിച്ചും തിയേറ്റർ അനുഭവങ്ങളെക്കുറിച്ചും പറയാനുണ്ട് സംവിധായകൻ ജിയോ ബേബിക്കും എഴുത്തുകാർക്കും.

“പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും മാറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മൾ.അതുകൊണ്ടുതന്നെ സമ്മിശ്ര പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കൂടുതലും അനുകൂലവും സിനിമയെ അംഗീകരിച്ചും കൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു എന്നത് തന്നെ ഞങ്ങളെ സംബന്ധിച്ച് വലിയ വിജയമാണ്”

പുതിയ തലമുറ ഇത്തരം വിഷയങ്ങളെ പ്രോഗ്രസീവായി സമീപിക്കുന്നു എന്ന് തിരിച്ചറിഞ്ഞതായി മൂവരും പറഞ്ഞുവെങ്കിലും പുതിയ തലമുറ കൂടി ഉൾപ്പെടുന്ന ക്വിയർ വിരുദ്ധരായ മനുഷ്യരുടെ ഒരു സമാന്തര ലോകം ഇവിടെയുണ്ടെന്ന് സോഷ്യൽ മീഡിയകളിലെ കമന്റുകളിലും നിലപാടുകളിലും തന്നെ കാണാൻ സാധിക്കുന്നുണ്ട്.പക്ഷെ ഇത്തരം പിന്തിരിപ്പൻ ചിന്തകളിൽ നിന്നൊക്കെ സമൂഹം മാറും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ജിയോ ബേബി പറയുന്നു.

ഒരുപക്ഷേ മമ്മൂട്ടിയെ പോലെ താരമൂല്യമില്ലാത്ത മറ്റൊരു നടനാണ് ഈ ഒരു കഥാപാത്രം ചെയ്തിരുന്നത് എങ്കിൽ സിനിമ ഉദ്ദേശിക്കുന്നത് പോലെ ഈ സിനിമയുടെ പ്രേക്ഷകർ ഒന്നടങ്കം ക്വിയർ പൊളിറ്റിക്സ് ഇത്രയും ബഹുമാനത്തോടെ അംഗീകരിക്കും (ചിലതൊക്കെ നാട്യം എങ്കിൽ പോലും) എന്ന് തോന്നുന്നില്ല.മമ്മൂട്ടി എന്നൊരു ഘടകമാണ് ഈ സിനിമ അംഗീകരിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം എന്നത് നിഷേധിക്കുന്നില്ല എന്ന് തന്നെയാണ് സംവിധായകനും എഴുത്തുകാരും പറഞ്ഞത്.

“സമൂഹത്തിന് മാതൃക ആവേണ്ടവരാണ് കലാകാരന്മാർ,സാമൂഹിക പ്രതിബദ്ധതയിലും മറ്റെല്ലാ രീതിയിലും മമ്മൂക്ക അതിന് ശ്രമിക്കുകയും തയ്യാറാവുകയും ചെയ്യുന്നത് മനോഹരമായ കാര്യമാണ്.ഒരു താരം എന്നതിലുപരി ഒരു മികച്ച അഭിനേതാവായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. അഭിനയത്തിന്റെ തുടക്കകാലം മുതൽ തന്നെ മമ്മൂക്ക സമാന്തര സിനിമകളുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അത്തരം കഥാപാത്രങ്ങൾ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഈ സിനിമയുടെ പ്രധാന ഘടകമായി മമ്മൂക്ക ഉണ്ടെങ്കിൽ പോലും സിനിമ പറഞ്ഞ വിഷയത്തെയും മറ്റ് കഥാപാത്രങ്ങളെയും പ്രേക്ഷകർ അംഗീകരിക്കുന്നതും ഏറ്റെടുക്കുന്നതും വലിയ സന്തോഷം തന്നെയാണ്.”

ആദർശ് സുകുമാരന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ എഴുതിയ തിരക്കഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാട് പ്രകടമാണ്. സ്വവർഗപ്രണയി എന്ന ഐഡന്റിറ്റി പ്രതിസന്ധികളില്ലാതെ അംഗീകരിക്കപ്പെട്ട് അല്ലെങ്കിൽ അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്നൊരു പൊളിറ്റിക്കൽ ശരി മുന്നോട്ടുവച്ച് വളരെ സന്തോഷകരമായ ഒരു ജീവിതം അവർക്ക് സാധ്യമാണ് എന്ന ഒരു പ്രതീക്ഷ നൽകുന്നുണ്ട് കാതൽ.സിനിമ അവസാനിക്കുമ്പോൾ വളരെ ഐഡിയൽ ആയ അത്തരം ഒരു സമൂഹത്തെ കാണിച്ചത് കുറച്ച് കടന്നു പോയില്ലേ എന്ന അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു .

വളരെ ഐഡിയലായ ഒരു സമൂഹത്തെ അവിടെ കാണിച്ചില്ലെന്നും അങ്ങനെ ആവണം എന്നൊരു പ്രതീക്ഷ ഞങ്ങളിൽ ഉണ്ടെന്നും പ്രേക്ഷകർക്കും അങ്ങനെയൊരു പ്രതീക്ഷ അനുഭവപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നുമാണ് കാതലിന്റെ എഴുത്തുകാരനായ പോൾസൺ സ്കറിയ പറഞ്ഞത്. ക്വിയർ വ്യക്തികൾക്ക് നേരെയുള്ള സമൂഹത്തിന്റെ പരിഹാസങ്ങൾക്കും വാക്കുകൾ കൊണ്ടുള്ള പീഡനങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ട് സിനിമ മുന്നോട്ട് കൊണ്ടുപോയാൽ അതിരുകളില്ലാതെ അതിനെയങ്ങനെ നീട്ടിക്കൊണ്ടുപോകാൻ കഴിയും. പക്ഷേ അത്തരം രംഗങ്ങൾ ഈ വിഭാഗത്തിൽപ്പെട്ട മനുഷ്യരെ പിന്നെ പിന്നെയും വേദനിപ്പിക്കുകയും പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയുമാണ് ചെയ്യുക എന്ന തിരിച്ചറിവ് ഉണ്ടായതുകൊണ്ട് സിനിമയിൽ കൂടുതൽ പ്രാധാന്യം നൽകിയത് കഥാപാത്രങ്ങൾക്കുള്ളിലും അവർക്കിടയിലുമുള്ള വൈകാരികതകൾക്കായിരുന്നു. പോൾസൺ സ്കറിയുടെ ഈ വാക്കുകളിൽ നിന്ന് അവർ ഈ സിനിമയെ എത്രമാത്രം ആത്മാർത്ഥമായാണ് സമീപിച്ചത് എന്ന് മനസ്സിലാകുന്നു.ഇത്രയധികം സാമൂഹികമായ പരിഷ്കരണത്തിന്റെ സാദ്ധ്യതകൾ നിറഞ്ഞ് നിൽക്കുന്ന കാതലിന്റെ വിഷയം ഒരു സുഹൃത്ത് പറഞ്ഞ സന്ദർഭത്തിൽ നിന്ന് വളരെ ആകസ്മികമായി വികസിപ്പിച്ചെടുത്ത കഥയാണ് എന്നാണ് എഴുത്തുകാർ പറഞ്ഞത്.

ഒരു ക്വിയർ വ്യക്തിയെ സമൂഹത്തിൽ ആ ഐഡന്റിറ്റി തുറന്നു കാണിച്ചുകൊണ്ട് ജീവിക്കാൻ നിർബന്ധിക്കുന്ന ഒരു അവസ്ഥ സിനിമയിൽ അനുഭവപ്പെട്ടു എന്ന അഭിപ്രായങ്ങളുണ്ട്.തന്റെ സോഷ്യൽ സ്റ്റാറ്റസ്, സ്വപ്നങ്ങൾ, സമാധാനപൂർണമായി നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന ജീവിതം അതിൽ നിന്നൊക്കെ പുറത്തേക്ക് വരാൻ ഒരു വിമുഖത കാണിക്കുന്നുണ്ട് മമ്മൂട്ടിയുടെ കഥാപാത്രം. ക്വിയർ എന്നൊരു ഐഡന്റിറ്റിയിൽ ജീവിക്കാൻ മടിച്ചു നിൽക്കുന്ന ഒരാളെ അത്തരത്തിലുള്ള മനുഷ്യർ ഉൾപ്പെടുന്ന സംഘടനകളിലൂടെയും ചുറ്റുമുള്ള മറ്റു മനുഷ്യരാലും പുഷ് ചെയ്യുന്നു എന്നത് ക്വിയർ വിരുദ്ധമാണ് എന്ന വിമർശനങ്ങൾ കാതൽ നേരിട്ടിട്ടുണ്ട്. അതേക്കുറിച്ചും എഴുത്തുകാർക്കും സംവിധായകനും വ്യക്തമായ ഉത്തരമുണ്ട്.

“പുഷ് ചെയ്യുന്നു എന്നുള്ളത് ഒരുപക്ഷേ അനുഭവപ്പെട്ടേക്കാം.പക്ഷേ നിലവിലുള്ള സമൂഹത്തിലേക്ക് സ്വാഭാവികമായ കം ഔട്ട് ഒരു ക്വിയർ വ്യക്തിക്ക് വലിയൊരു പ്രതിസന്ധിയാണ്.കൗൺസിലിംഗുകളിലൂടെയും ചുറ്റുമുള്ളവരുടെ പിന്തുണ കൊണ്ടും ആണ് ഒരു കം ഔട്ട്‌ സാധ്യമാവുക എന്നൊരു യാഥാർത്ഥ്യം ഇവിടെ നിലനിൽക്കുമ്പോൾ മാത്യുവിനോട് കാണിക്കുന്നത് നീതി തന്നെയാണെന്ന് ഉൾക്കൊള്ളാൻ സാധിക്കും.എൺപത് ശതമാനം ഹോമോസെക്ഷ്വൽ മനുഷ്യരും സ്വന്തം ലൈംഗിക താൽപര്യങ്ങൾ ഒതുക്കി വച്ചുകൊണ്ട് വിവാഹിതരായി കഴിയുന്നുണ്ട് എന്ന സത്യത്തിൽ നിന്ന് തന്നെ എളുപ്പത്തിൽ ഒരു കം ഔട്ട് നിലവിലുള്ള സമൂഹം അവർക്ക് അനുവദിച്ചു കൊടുക്കുന്നില്ല എന്നത് വ്യക്തമാണ്.നിലവിലുള്ള തങ്ങളുടെ ചുറ്റുപാടുകൾ ഇല്ലാതാകുമോ എന്നുള്ള ഭയം എപ്പോഴും അവർക്കുള്ളിൽ ഉണ്ടാകും.അതിന് കാരണം നമ്മുടെ സാമൂഹിക അവസ്ഥയാണ്. ഇവിടെ കാതൽ എന്ന സിനിമയിൽ മാത്യുവിനെ സ്വന്തം ഐഡന്റിറ്റി സുതാര്യമായി അംഗീകരിക്കുന്നതിനായി ഓമന സഹായിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളായി രണ്ടുപേർക്കും അംഗീകരിക്കാനാവാത്ത ഒരു വിവാഹബന്ധത്തിന്റെ ഇരയായി ഇനിയും തുടരുക എന്നതിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനൊപ്പം മാത്യുവിനും കൂടി വേണ്ടിയാണ് താൻ ഇത് ചെയ്യുന്നത് എന്ന വ്യക്തമായ പ്രസ്താവന നടത്തുന്നുണ്ട് ഓമന”

കണ്ടവരെല്ലാം ഇന്നും കാതൽ ഉണ്ടാക്കിയ പുതിയ പ്രതീക്ഷകളും വേദനകളും ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ടാവണം.ഏറ്റവും ഒടുവിൽ കാതലിലെ പ്രധാന കഥാപത്രങ്ങളുടെ മതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആണ് നമ്മൾ കേട്ടത്.സിനിമ ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും അത് മനുഷ്യന്റെ മനസ്സിൽ ഉണ്ടാക്കിയ തിരുത്തലുകൾ മായാതെ കിടക്കുന്നു എങ്കിൽ, ആ സിനിമ എറിഞ്ഞുടച്ച കപടമായ പൊതുബോധ്യങ്ങൾ ചിലരെയൊക്കെ ഇന്നും അസ്വസ്ഥരാക്കുന്നുണ്ട് എങ്കിൽ അതിനെ ഒരു സിനിമ എന്നതിലുപരി സാമൂഹിക വിപ്ലവം എന്ന് തന്നെ പറയാം.സഭയുടെ അത്തരം വിവാദങ്ങളോട് പ്രതികരിക്കുന്നില്ല എന്നാണ് സംവിധായകൻ ജിയോ ബേബി പറഞ്ഞത്.”മനപ്പൂർവമായി സിനിമയിൽ ഒന്നും ചെയ്തിട്ടില്ല, കഥ നടക്കാൻ ഒരു സ്ഥലം വേണം,എന്റെ നാടിനു അടുത്തുള്ള എനിക്കറിയാവുന്ന മനുഷ്യരുള്ള സ്ഥലമാണ് തീക്കോയി,കഥയ്ക്കായി ഒരു വീടും തിരഞ്ഞെടുത്തു.ഇതൊക്കെ സ്വഭാവികമായി സംഭവിച്ചതാണ്.ക്വിയർ മനുഷ്യരോട് അനുഭാവപൂർവ്വം സമീപിക്കുന്ന പുരോഹിതനെ സിനിമയിൽ കാണിച്ചിരിക്കുന്നതൊക്കെ പോസിറ്റീവ് ആയി എടുക്കേണ്ട കാര്യമാണ് എന്ന് മാത്രമേ തോന്നിയിട്ടുള്ളൂ “

കാതൽ എന്നുള്ള പേര് ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമാണ് എന്ന് തോന്നിയിട്ടുണ്ട്. അതിൽ പ്രണയത്തിന്റെ നനവുണ്ട്.’ദി കോർ’ എന്ന കൂട്ടിച്ചേർക്കൽ കൂടിയാകുമ്പോൾ അത് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെയും വൈകാരികതകളുടെയും ആഴം അനുഭവപ്പെടുത്തുന്ന വിശാലമായ ലോകം കാണിച്ചുതരുന്നു. കാതൽ സൃഷ്ടിച്ചവരും ആ പേരിനു പിന്നിൽ ഇതു തന്നെയെന്ന് പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.