Follow the News Bengaluru channel on WhatsApp

ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം പത്ത് 

അലാറം അടിച്ചു കൊണ്ടേയിരുന്നു. മായ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. എപ്പോഴാണാവോ ഉറങ്ങിപ്പോയത്.
ഉറക്കച്ചടവോടെ എഴുന്നേറ്റ് ഇടനാഴിയിലെത്തിയപ്പോൾ മച്ചും പുറത്ത് ഏട്ടന്റെ മുറിയിൽ ലൈറ്റു കണ്ടു. മായക്ക് ധൈര്യമായി.
കുളപ്പുരയിലേക്കിറങ്ങിയപ്പോൾ അടുക്കള പ്പാടത്തെ കളത്തിൽ പെട്രോമാക്സ് വിളക്കിന്റെ അരണ്ട വെളിച്ചം. ജോലിക്കാരും ഉണർന്നിട്ടുണ്ട്.
അഞ്ചു മണിയായിട്ടും, എന്തിരുട്ടാണ്. മായ കുളക്കടവിലിരുന്ന് ഉറക്കം തൂങ്ങി. നിശ്ചലമായ വെള്ളത്തിൽ വെളുക്കാൻ തുടങ്ങിയ ആകാശത്തിന്റെ അതിരുകൾ പ്രതിഫലിച്ചു.
പടവിലെ, തണുത്ത വെള്ളത്തിൽ പതുക്കെ കാല്പ്പാദങ്ങൾ ഇറക്കിയപ്പോൾ സിരകൾ വരെ അരിച്ചു കയറിയ കുളിര്. ശരീരം കോരിത്തരിച്ചു.
മായക്ക് പെട്ടന്നു ഒരുന്മേഷം തോന്നി. ഉറക്കം പൂർണ്ണമായും വിട്ടുമാറിയതു പോലെ. ഒന്നു മുങ്ങി നിവർന്നപ്പോൾ ആരോ പിന്നിലേക്ക് മാറിയതു പോലെ. ഹേയ്.. തോന്നിയതാവും.ഒന്നു കൂടി മുങ്ങി നിവർന്ന് വേഗം നടന്നു കയറിയപ്പോൾ നനഞ്ഞൊട്ടിയ തുണികൾ ഉടക്കി വലിച്ചു.
തൊഴുത്തിൽ നിന്നും അറച്ചറച്ചു ചാണകം തൊട്ടപ്പോൾ പുതിയ ആളെ ക്കണ്ട പൈയ്ക്കൾ കുളമ്പടിച്ചു ശബ്ദമുണ്ടാക്കി.
മായ ഞെട്ടി. അതിയായി ഭയക്കുകയും ചെയ്തു.
ഈ പൈയ്ക്കൾക്കിടയിൽ ,ഒറ്റച്ചെവിയനായ ഒടിയൻ ഒളിഞ്ഞിരുപ്പുണ്ടോ..!

ഒരിക്കൽ ആര്യ ഏട്ത്തിയെ പേടിപ്പിക്കാൻ ഇതു പോലെ ഒടിവെച്ച് കാത്തിരുന്നുവത്രെ പാണൻ എന്നല്ലേ ഉണ്ണൂലി പറഞ്ഞത്..
മുമ്പില്ലാതിരുന്ന ഒരു പൈയ്ക്കിടാവിനെ കണ്ട്, ഏട്ത്തി പരിഭ്രമിച്ചു. ഏട്ടൻ തിരുമേനി ഒരു വടിയെടുത്ത് അതിന്റെ ചെവിക്കുറ്റി നോക്കി ഒറ്റയടി.
അതു ജീവനും കൊണ്ട് ഓടിയത്രെ.  രണ്ട് കാലിൽ.!!

വെളുക്കുന്നതിനു മുമ്പേ ഉണ്ണുലി എത്തിയപ്പോഴാണു മായക്ക് ശ്വാസം നേരെ വീണത്.
ഞാൻ നിരീച്ചില്ല്യാ ട്ടോ. ഉണ്ണൂലി വെളുക്കെ ചിരിച്ചു.
ലോട്ടയിൽ ചൂടു കാപ്പി എടുത്തു  വെച്ചിട്ട്, മായ പോയി ഈറൻ മാറ്റി വന്ന് അടുക്കളയിലെ മേശയിൽ കയറിയിരുന്നു .
ന്റെ കാപ്പി എങ്ങനേണ്ട് ഉണ്ണൂലി.?
മായയെ  അടിമുടി ഒന്നു നോക്കിയിട്ട് ഉണ്ണൂലി ചോദിച്ചു.
കൊഴപ്പൊന്നൂണ്ടായില്ല്യാലോ ?
കൊഴപ്പോ…എന്ത് കൊഴപ്പം.?
മായ ഉണ്ണൂലിയുടെ മുഖത്ത് തറപ്പിച്ചു നോക്കി. അവിടെ എന്തോ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.
ഞാൻ പറയണില്യാ..ആത്തോലു വെറുതെ പേടിക്കും.
അത് മായയെ ഒന്നുകൂടി ഉത്സുകയാക്കി.
കാലത്തെ പലഹാരപ്പണിക്കിടയിലും, ഉച്ചക്കുള്ള ദേഹണ്ണത്തിനിടയിലും ഒക്കെ മായ ചോദിച്ചു.
എന്താ..ദ്..ഉണ്ണൂല്യെ..പറയൂ.
തമ്പുരാട്ടിക്ക് ഇളനീരു കൊടുത്തിട്ട് വരട്ടെ.
ന്നിട്ടും പറഞ്ഞില്ലെങ്കി നിയ്ക്ക് കേക്കണ്ട. ശേഠ.!

വര / ബ്രിജി. കെ.ടി.

 

ഉച്ചക്ക് ഏട്ടൻ തിരുമേനി ഊണു കഴിഞ്ഞു പോയപ്പോൾ ഉണ്ണൂലി മായയ്ക് വിളമ്പി.
മായ പിന്നേയും ചോദിച്ചു.
പറ ഉണ്ണൂലീ. എന്താ ണ്ടായ്യേ..
എപ്പോഴും ഇങ്ങിനെ ഓരോ വിചിത്രമായ കാര്യങ്ങൾ കേൾക്കുന്നതിൽ അരുതാത്തത് ചെയ്യുമ്പോഴുണ്ടാകുന്ന അപകടകരമായ ഒരു ഹരം,… മായ അനുഭവിച്ചു പോന്നു.
ഉണ്ണൂലി ചുറ്റും നോക്കി. ശബ്ദം താഴ്ത്തി.
അതേയ്..ആര്യ തമ്പുരാട്ടി മരിച്ച ദിവസം അടുക്കാറായിരിക്കണൂ. അതാണു അമ്മയ്ക്ക് ദീനം.
അത്യോ. ?
തിരുവാതിര അടുക്കാറായില്ല്യേ. എപ്പഴും ഈ സമയം വരുമ്പോ …ന്തെങ്കിലും മാരണം വന്നു കൂടും. അതൊറപ്പാ..
ഇത്തവണ… ന്നാലും ഇത്തിരി കേമാണേയ്..  ഇല്ലെങ്കി….ഈ കാലത്ത് ദീനം പതിവ് ണ്ടോ ?

ആര്യ തമ്പുരാട്ടി മരിച്ച ദിവസം അടുക്കാറാവുമ്പോ… ള്ളതാ…ദ്
തമ്പുരാട്ടി കാലത്ത് കുളിച്ചു കേറുമ്പോ..ആര്യ തമ്പുരാട്ടീടെ  വിളി കേൾക്കാറൂണ്ടത്രെ.!!
ശ്  …ശ് …. ന്ന് ങനെ.. ഇടനാഴി കടക്ക്വോളം ..കേൾക്കാന്ന്..
മായ ഭയന്ന് ചുറ്റും നോക്കി.
മിണ്ടാതിരിക്കണു ണ്ടോ…. ഉണ്ണൂലീ. പേടിപ്പിക്കാണ്ടേ.
ഉണ്ണൂലി ഒന്നുകൂടി അടുത്തു വന്നു ശബ്ദം താഴ്ത്തി പറഞ്ഞു.
ഗതി കിട്ടാത്ത ആത്മാവാണേയ്…! ഒരു കുഞ്ഞിക്കാലു കാണാൻ കൊതിച്ചിരിക്കുമ്പളല്ലേ .. മരണം.!
തമ്പുരാട്ടിക്ക് എന്തിഷ്ടായിരുന്നൂന്നറിയോ. പൊന്നു പൊലെയാ കൊണ്ടടന്നത്.
ആ ദിവസങ്ങട് വരുമ്പൊ..,തമ്പുരാട്ടിക്ക് എന്തെങ്കിലും അടയാളം കാണും.
എപ്പഴത്തേയും പോലെ വിഭ്രാന്തി ഒന്നൂല്യാണ്ടിരുന്നാ മത്യാർന്നു. കണ്ടു നില്ക്കില്യാ.. . തമ്പുരാട്ടിയുടെ വെപ്രാളം.
മായക്ക് പേടി തോന്നി.
ഈശ്വരന്മാരേ അമ്മയെ കാത്തോളണേ.
ന്നാലും ആര്യ ഏട്ത്തി എന്തിനാ പാടത്തെ കുളത്തിൽ കുളിക്കാൻ പോയത്.
ശ്   ….പതുക്കെ.
പിന്നീട് ഉണ്ണൂലി പറഞ്ഞത് ശ്വാസത്തിൽ കൂടിയായിരുന്നു. ഒരു പ്രത്യേക ഭാവമായിരുന്നു ഉണ്ണൂലിയ്ക്ക്.
ആരു പറഞ്ഞു പാടത്തെ കൊളത്തിലാ മരിച്ചതെന്ന് ?. അത് ആത്തോലു പേടിക്കാണ്ടിരിക്കാനല്ലേ. ഞാൻ പറഞ്ഞൂന്ന് ആരോടും പറയരുത് ..ട്ടോ. അട്യേന്റെ കഥ കഴിക്കും.
ഈ ഇല്ലക്കുളത്തിലന്യാ മരിച്ചത്.
തമ്പുരാട്ടിയെ വല്യ തിരുമേനി കുളത്തിൽ മുക്കിക്കൊന്നതാണ്.
ഭഗവാനേ..!! മായയുടെ ശബ്ദം അറിയാതെ ഉയർന്നു. ഹൃദയമിടിപ്പ് സ്വന്തം ചെവിയിൽ മുഴങ്ങി. ഉണ്ണൂലിയെ ആട്ടിപ്പായിക്കാൻ തോന്നി.
ശവം.! എന്തൊക്കെയാ പറഞ്ഞതിപ്പോൾ. ഇത്ര സ്നേഹ സമ്പന്നനായ ഏട്ടനു ആരെയെങ്കിലും കൊല്ലാൻ കഴിയുമോ..അതും തന്റെ വേളിയെ.?
പക്ഷെ മായക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഒരു ദുർമന്ത്ര വാദിനിയുടെ കയ്യിലകപ്പെട്ടതു പോലെ ചേതന നശിച്ച മായ വെറുതെ കേട്ടിരുന്നു.!
ആത്തോലിന്നറിയ്യോ.. ഇവിടെ പടിപ്പുര മാളികേലു് ഒരു വില്ലേജ് ആപ്പീസറ്‌ താമസിച്ചീർന്നു. ഇവടത്തെ വല്യ തിരുമേനിയുടെ ഏതോ ചങ്ങാതീടെ അനിയനോ മറ്റോ.
അന്ന് ആ കുട്ടിക്ക് നമ്മടെ വാരരു കുട്ടീല്യേ ..ആ കുട്ടീടെ പ്രായം. കണ്ടാലും ഏതാണ്ട്… അതേ പോലെ തന്നെ.
തൃപ്രയാർ നിന്നും, നല്ല തങ്കപ്പെട്ട ഒരു നമ്പൂതിരി. ഇവടെ അടുത്ത് വേറെ വീടൊന്നും കിട്ടാത്തതു കൊണ്ടാണു ,പടിപ്പുര മാളികേലു ഒരു മുറി കൊടുത്തത്. നല്ല സ്വഭാവം.
എന്തെങ്കിലും  അത്യാവശ്യത്തിനു മാത്രേ.. ഈ മുറ്റത്ത് കയറൂ.
അപ്പോഴാണു ഒരു ദിവസം ആര്യ അന്തർജ്ജനത്തെ കണ്ടത്. അതിശയം കൊണ്ട് രണ്ടു പേരും വായ പൊളിച്ചു. തമ്പുരാട്ടിയും, ഈ നമ്പൂതിരിയും ഒരേ കോളേജിൽ പാട്ട് പഠിച്ചവരാണത്രെ.
ജോലി വില്ലേജ് ആപ്പീസറാണെങ്കിലും, പാട്ടിനോടുള്ള കമ്പം .
ആര്യതമ്പുരാട്ടിയെ കണ്ടാൽ, അവർ സംഗീതത്തെ പറ്റി ഒന്നും രണ്ടും പറഞ്ഞ് നിൽക്കേം ചെയ്യും.  
പക്ഷെ വല്യ തിരുമേനിക്ക് അതത്ര രസിക്കുന്നുണ്ടായിരുന്നില്യാ. അങ്ങുന്ന് ആവശ്യമില്ലാതെ വേളിയുടെ നേരെ ശുണ്ഠിയെടുക്കും.
അങ്ങിനെയിരിക്കെയാണു ആര്യ തമ്പുരാട്ടി ഗർഭിണിയാണെന്നറിഞ്ഞത്.
വേളി കഴിഞ്ഞ്, ശ്ശി…ആയിരിക്ക് ണൂ. ഒരുണ്ണിയെ കാത്ത് കാത്ത് വഴിപാട് കഴിച്ചിരുന്ന വല്യ തമ്പുരാട്ടീടെ സന്തോഷത്തിനു അതിരില്ലായിരുന്നു.
ഇവ്ടത്തെ തിരുമേനിയും ഒരു പാട് സന്തോഷിച്ചു. പക്ഷെ ആര്യതമ്പുരാട്ടിയുടെ തേങ്ങൽ പുറത്തു വരാതെ ഈ തളത്തിൽ വീർപ്പു മുട്ടി.
സന്തോഷിക്കണ്ടോരു സംശയിക്ക്യാന്ന്… ച്ചാലോ.
ആര്യ തമ്പുരാട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു
തമ്പുരാട്ടി അന്തം വിട്ട് നിന്നു.
ന്താ…ഈ കേക്കണേ..പരദേവരേ.. ന്റെ കുട്ടിക്കെന്താ പറ്റീത് ?! ആരേം നോവിക്കണതല്ലാ.. ലോ..
ഇവ്ടത്തെ തിരുമേനി വളരെയധികം കോപിച്ചു. ഏട്ടനു നേരെ നിന്ന് ഒന്നും പറയാൻ ധൈര്യപ്പെടാത്ത അനിയൻ ഏട്ടനെ ഒരുപാട്  ഉപദേശിച്ചു. കുറ്റപ്പെടുത്തി.
തമ്പുരാട്ട്യോട് പറേണ കേട്ടതാ.
ഉണ്ണീകൾ  ..ണ്ടാവില്യാന്ന്..ആരോ ഏട്ടനെ തെറ്റിദ്ധരിപ്പിച്ചതാണ്. അതിനു മാറ്റം വരാലോ.
പക്ഷെ വല്യ തിരുമേനിയെ സംശയം ഇഞ്ചിഞ്ചായി കാർന്നു കൊണ്ടിരുന്നു. സംശയിക്കണോരെ സംശയം കൊല്ലും. നിശ്ശംണ്ടോ ?
ഒടുങ്ങാത്ത പകയുമായി,..തിരുമേനി തക്കം പാർത്തിരുന്നു.
തിരുവാതിരേടെ തലേന്നാൾ, സന്ധ്യക്ക് ,ആത്തോല് മേലു കഴുകാൻ പോയതാണ്. ഇത്തിരി വൈകീർന്നു.
ഞങ്ങളൊക്കെ പലഹാരപ്പണിയിൽ ..ആരു മത്ര ശ്രദ്ധിച്ചില്ല.
കുറേ കഴിഞ്ഞ് അന്തർജ്ജനത്തിനെ കാണാതായപ്പോൾ വല്യ തമ്പുരാട്ടി ..ന്നെ ശകാരിച്ചു.
ഉണ്ണൂലി ,നീ വ് ടെ നിക്ക്വാ.. ആര്യ പോയിട്ട് നേരം..ത്രയായീന്ന് വല്ല നിശ്ച്യം ണ്ടോ.. ഒന്നു പോയി നോക്കി വായോ..ന്ത് കുളിയാ …ദ്.
വയറ്റിലുള്ളതാണ്. വല്ല പക്ഷീം പറക്കും തലക്ക് മുകളിൽ.
ഞാൻ ഓടി. പക്ഷെ അന്തർജ്ജനത്തിനെ അവിടെയൊന്നും കണ്ടില്ല്യാ…
കുളിച്ച് പോന്നിരിക്ക് ണൂ..
മുറീലുണ്ടോന്നു നോക്ക്വാ….പക്ഷെ അവടെ ലൈറ്റിട്ടിട്ടില്യാലോ.
മച്ചും പടിഞ്ഞാറ്റയും ,എല്ലയിടവും തപ്പി.
എനി പടിപ്പുരേലെങ്ങാനും…
ഛെ….,എന്നാലും നോക്കിവരാന്ന്വച്ചു. പടിപ്പുര മാളികേലെ മുറി ഒഴിഞ്ഞു കിടന്നിരുന്നു.
അപ്പോ.. വല്യതിരുമേനി തെക്കേവശത്തു കൂടി വന്നു കയറി..  
ന്താ…  വടെ.. പട! ? വല്യ തിരുമേനി ഒന്നും അറിയാത്തതു പോലെ  ചുറ്റും നോക്കി.
ആര്യ കുളിക്കാൻ പോയിട്ട് ….
പിന്നെ ഒറ്റ സംശയം ബാക്കിയായി. കൊളത്തെലെങ്ങാനും കാൽ വഴുതി…
തമ്പുരാട്ടി..കരഞ്ഞു തളർന്നു വരാന്തയിൽ വീണു.
പിന്നെ രണ്ടു വാല്യക്കാരെ വിളിച്ച് ..ആരോടും പറയരുതെന്ന താക്കീത് കൊടുത്ത് കൊളത്തിൽ മുങ്ങി ത്തപ്പിച്ചു.
ഇവ്ടത്തെ തിരുമേനിക്ക് പാലക്കാട് കോൾജിൽ താമസിക്കണോട്ത്തക്ക് ആളു പോയി.
രാത്രി മുഴുവനും മുങ്ങി തപ്പി….ഒടുവിൽ നേരം വെളുക്കാറായപ്പോൾ,കയറാൻ തുടങ്ങിയ ചെല്ലന്റെ കാലിൽ തടഞ്ഞു.!
താഴത്തെ പടവിന്റെ കീഴെ ത്തന്നെ ണ്ടാർന്നു. വെള്ളത്തിൽ നിന്നും പൊക്കി പടവിൽ കിടത്തിയപ്പോൾ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല്യാ..
ഈ ഉണ്ണൂലിക്ക് ഒന്നു മാറത്തടിച്ച് നിലവിളിക്ക്യാൻ പോലും പറ്റീല്യാ..ആത്തോലേയ്..
ഉണ്ണൂലി കണ്ണു തുടച്ച്…മൂക്ക് ചീറ്റി.
മായ സ്തംഭിച്ചിരുന്നു.!
തിരുവാതിരയുടെ പാലൊഴുകുന്ന നിലാവിൽ, സമാന്യത്തിലധികം വെളുത്ത ആ ശരീരം ചലനമറ്റ്, പടവിൽ കിടക്കുന്നത് ..മായ കണ്ടു.
സ്ഥാനം തെറ്റിയ തുണി, നിഷ്കളങ്കനായ ആ ഉണ്ണിയുറങ്ങുന്ന വയറ്‌, എടുത്ത് കാണിച്ചു.! പുറം ലോകം കാണാൻ കഴിയാതെ, ധന്യമായ പൊക്കിൾ ക്കൊടിയിലൂടെ മാത്രം അമ്മയുടെ സ്നേഹം ഉണ്ടുറങ്ങിയ ആ ഉണ്ണിയ്ക്ക് എല്ലാം നിഷേധിച്ച ഏട്ടനെ മായ മനസ്സാൽ ശപിച്ചു.

പക്ഷെ…, വിഷ്ണു  തന്നോടിങ്ങനെയല്ലല്ലോ പറഞ്ഞത്.
ഏട്ടനു ഏട്ത്തിയെ ജീവനായിരുന്നൂ എന്നാണ്. ഒരു പാട് വർഷം കുട്ടികളുണ്ടാവാതിരുന്നിട്ടും ഡോക്ടറെ കാണാൻ കൂട്ടാക്കിയിരുന്നില്ല രണ്ടാളും.
ഒടുവിൽ എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി. അങ്ങിനെയാണു ഏട്ത്തിക്ക് അപസ്മാരമുണ്ടായിരുന്നൂ എന്നും മരുന്നു കഴിച്ചു കൊണ്ടിരുന്നുവെന്നും ഒക്കെ അറിയുന്നത്.
പിന്നീട് അസുഖം വന്നതുമില്ല. എങ്കിലും ..,എല്ലാവരും അറിഞ്ഞല്ലൊ എന്ന ഒരു വിഷമം ഏട്ത്തിയെ അലട്ടിയിരുന്നു. പിന്നെ.., ഏട്ടനു പുത്ര സൗഭാഗ്യം ഇല്ല എന്നു ആരോ തെറ്റിദ്ധരിപ്പിക്കേം ചെയ്തു.
ഏട്ത്തി ആകെ തളർന്നു. പിന്നീട് എപ്പോഴും ഒരു മൂകതയായിരുന്നു. ഇടയ്ക്കിടെ ..ഒരു മൂഡ് സ്വിംഗ്. ഒരു വിഭ്രംശം പോലെ. ഡിപ്രഷൻ .! ചിലപ്പോൾ ഗർഭിണിയായീ എന്ന് സങ്കല്പ്പിച്ച് പിന്നീട് അതല്ലെന്നു അറിയുമ്പോഴുള്ള ആഘാതം..ഒക്കെ ഏട്ത്തിയെ ബാധിച്ചു.
മായ അതിശയിച്ചു. എതാണു് ശരി. ?
ഉണ്ണൂലി പറഞ്ഞതോ ? അതൊ   ! വിഷ്ണു എല്ലാം മറച്ചു പിടിക്കുന്നതാണോ
ഉണ്ണൂലി നുണ പറയുമോ. ഇവടത്തെ എല്ലാ കാര്യങ്ങളും അറിയുന്നവളല്ലേ.?
മായക്ക് ഇത്രനാളും ഏട്ടനോട് തോന്നിയിരുന്ന സഹതാപവും, സ്നെഹവുമൊക്കെ സാവധാനം മുങ്ങിമരിച്ചു.
കുളക്കടവിൽ വിറങ്ങലിച്ച് കിടന്ന ഒരു സ്വപ്നത്തിന്റെ ജഢം. പാവം ഏട്ത്തി.
മായ ഉണ്ണൂലിയെ തറപ്പിച്ചു നോക്കി. വെറുപ്പോടെ.!
ന്താ …ആത്തോലേ ങനെ നോക്കണേ. ഒന്നും ആരും അറിയരുത്… ന്നാ..ശട്ടം. ന്റെ കഥ കഴിക്കും തമ്പുരാട്ടി.
ഇല്ല്യാന്ന്  പറഞ്ഞില്ലേ. ..
ന്ന്ട്ട്..കേസൊന്നും ഇണ്ടാർന്നില്ലേ.?
അമ്മാത്ത് നിന്നും കുറെ പ്രമാണിമാർ വന്നീർന്നു., പിന്നെ മാനം കളയാണ്ടെ..ഒക്കെ മൂടിവെച്ച തന്നെ.
തമ്പുരാട്ടീടെ കണ്ണീരു കണ്ട് ആര്യതമ്പുരാട്ടീടെ അമ്മാത്ത് നിന്നും ഒക്കെങ്ങട് ക്ഷിമിച്ചിട്ടുണ്ടാവും.
ഉണ്ണൂലി പിന്നേയും കരയാൻ തുടങ്ങി.
തമ്പുരാട്ടി കെടന്ന കെടപ്പിൽ  നിന്നും എണീക്കാൻ തന്നെ മാസങ്ങളെടുത്തു. ന്റെ…ആത്തോലേയ്..കണ്ടാലറീല്യാ…ദാ..ഈർക്കിലി വണ്ണായി.!
…ഹെ..ത്ര…കിഴീം ,സേവേം ഒക്കെ കഴിഞ്ഞിട്ടാന്നറിയ്യൊ…തമ്പുരാട്ടിക്ക്  ഒന്നു എണീറ്റ് നടക്കാറായത്.
ന്തിനാ …ന്റെ കുട്ടി ങനെ ചെയ്തത്….ന്തിനാ…ന്റെ കുട്ടീ.
ഇതന്നെ ജപം.
പിന്നെ.., കൊളം വറ്റിച്ച്,…ഒരു പാട് കർമ്മങ്ങളും,..ദോഷ നിവൃത്തികളും ഒക്കെ ചെയ്ത് ശുദ്ധം ചെയ്തു.!!
അപ്പോ ..ങനെ ..കുളിച്ച് ഈറനുടുത്ത്,…..ചാണകം മെഴുകി..അടുപ്പ് കൂട്ടണതും ഏട്ത്തിയെ പേടിച്ചിട്ടാ ?
ഹേയ്…ശിവ..ശിവ.. അതു വേറെ പുരാണം.!!

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.