ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നു. ഇതിനകം തന്നെ നഗരത്തിൽ വാഹനങ്ങളുടെ എണ്ണം ഒരു കോടി കവിഞ്ഞിട്ടുണ്ട്. ഇതിനു പുറമെയാണ് പ്രതിദിനം ശരാശരി 2,000 പുതിയ വാഹനങ്ങൾ നഗരത്തിൽ രജിസ്റ്റർ ചെയ്യുന്നത്.
ഈ വർഷം മാർച്ച് അവസാനം വരെ സംസ്ഥാനത്തുടനീളം 3.1 കോടി വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കോടിയിലധികം വാഹനങ്ങൾ ബെംഗളൂരുവിൽ നിന്നുള്ളതാണ്. ഗതാഗത വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 2023-24 വർഷത്തിൽ സംസ്ഥാനത്ത് 1.6 കോടി വാഹനങ്ങളാണ് ഓരോ മാസവും രജിസ്റ്റർ ചെയ്തത്.
പ്രതിദിനം 1,300 ഇരുചക്രവാഹനങ്ങളും 500 കാറുകളും ബെംഗളൂരുവിലെ റോഡുകളിലേക്ക് വരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 78 ലക്ഷം ഇരുചക്ര വാഹനങ്ങളും 23.9 ലക്ഷം കാറുകളും 1.2 ലക്ഷം ബസുകളും 2.9 ലക്ഷം ടാക്സികളും 3.2 ലക്ഷം ഓട്ടോറിക്ഷകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.