58-ാം വയസില്‍ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

മുന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് ഇന്ത്യൻ വംശജയായ സുനിത വില്യംസ്. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പ്രഥമ മനുഷ്യ ദൗത്യത്തിലാണ് സുനിത വില്യംസ് ഇടം നേടിയിരിക്കുന്നത്. പതിനെട്ട് വർഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര.
നാല്‍പതാം വയസ്സിലായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ 58-ാം വയസ്സില്‍ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് സുനിത. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണയാത്രയിലാണ് സുനിത ഇടം നേടിയിരിക്കുന്നു. അടുത്ത മാസം മേയ് ആറിന് ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ വിക്ഷേപണത്തറയില്‍ നിന്ന് സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശയാത്ര ആരംഭിക്കും.
ബോയിങ്ങിന്റെ സിഎസ്ടി-100 സ്റ്റാർലൈനർ ബഹിരാകാശവാഹനം യാത്രയ്ക്കായി തയാറെടുപ്പ് തുടങ്ങി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് പേടകം ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയിലെ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മോറും സുനിതയ്‌ക്കൊപ്പമുണ്ട്.