ഒരിക്കൽ ഒരിടത്ത്
നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം ഇരുപത്തിമൂന്ന്
വിഷ്ണു ആത്മസംയമനം പാലിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ആരേയും കുറ്റപ്പെടുത്തുകയില്ല. പക്ഷെ മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ശത്രുവാണ് പേടി. എന്നും അതാണ് മായയുടെ ശാപവും.
മകളോടുള്ള സ്നേഹം അച്ഛനെ ക്കൊണ്ട് ഇതു പറയിപ്പിച്ചു എന്നേ ഞാൻ കരുതുന്നുള്ളു. ഞാൻ അന്യനാണെങ്കിലും …എന്റെ കാര്യം ഒരുനിമിഷം ആരെങ്കിലും ആലോചിച്ചോ..?
എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ എന്നാണോ അച്ഛൻ ധരിച്ചു വെച്ചിരിക്കുന്നത്. ജീവിതത്തിൽ..,ഏറ്റവും ഭാഗ്യം ചെയ്തവനാണ് ഞാൻ എന്ന് ഒരു പാട് അഹങ്കരിച്ചു. ഒരു പക്ഷെ അതാവാം ഇതിനൊക്കെ കാരണം.
അങ്ങേയറ്റം പുരോഗമനവാദിയും, എല്ലാം ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ആളാണു അച്ഛനെന്നു മായ അഭിമാനത്തോടെ പറയുമായിരുന്നു.
മരിച്ചു പോയ ആര്യ ഏട്ത്തിയാണോ ഇതിനൊക്കെ കാരണം. ?!!
ഞാൻ ഒരിക്കലും ആരേയും നുണ പറഞ്ഞു കബളിപ്പിച്ചിട്ടില്ല. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും വിശ്വാസങ്ങളുടെ കാര്യത്തിൽ നാം ഇപ്പോഴും ഒരു നൂറു വർഷം പുറകേ ആണ്.
ആര്യ ഏട്ത്തിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ഇവിടെയുണ്ട്. വേണമെങ്കിൽ കാണാം.
ഒരിക്കലും അതൊരു കൊലപാതകമായിരുന്നില്ല.
ഏട്ടന് ജീവനായിരുന്നു ഏട്ത്തിയെ.
പിന്നെ ഇവിടെ താമസിച്ചിരുന്ന വില്ലേജ് ആഫീസറുടെ കാര്യം.
ഏട്ടൻ മരിച്ചതറിഞ്ഞു് വിളിച്ചിരുന്നു. ഡൽഹിയിൽ എവിടെയോ ആണ്. എന്റെ വിവാഹം അറിയിക്കാത്തതിനു ഒരുപാട് പരിഭവം പറഞ്ഞിരുന്നു. അദ്ദേഹം അറിയുന്നു പോലുമുണ്ടാവില്ല ഇത്തരം കെട്ടു കഥകൾ.
ആര്യ ഏട്ത്തി മ്യുസിക് ബി.എ.യ്ക്ക് ചിറ്റൂർ കോളേജിൽ പഠിച്ചിരുന്ന കാലത്ത്… കൂടെ പഠിച്ചിരുന്ന ആളാണെന്നു ഇവിടെ വെച്ച് കണ്ടു മുട്ടിയപ്പോഴാണു അറിഞ്ഞത്.
പഠിക്കുന്ന കാലത്ത് എന്തെല്ലാം സൗഹൃദങ്ങൾ ഉണ്ടാവും.
ഏട്ടനു അതിനൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇടയ്ക്ക് രണ്ടു പരേയും ഇരുത്തി പാട്ടു പാടിച്ചു കേൾക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ തമാശയായി പറഞ്ഞു.
നിങ്ങളായിരുന്നു ചേർച്ച.!
അതിനു ഏട്ത്തി പിണങ്ങിയത് ഇപ്പോഴും ഓർക്കുന്നു.
അങ്ങിനെയുള്ള ഏട്ടനെ പറ്റി അപവാദമൊന്നും പറയരുതെന്ന ഒരു അപേക്ഷയുണ്ട്.
വിഷ്ണൂ… !. അച്ഛൻ വിഷ്ണുവിന്റെ തോളിൽ കൈ വെച്ചു.
ഏട്ത്തിക്ക് അപസ്മാരം ഉള്ള കാര്യം അവർ മറച്ചു വെച്ചിരുന്നു.
പിന്നെ…ഏറെ നാൾ കുട്ടികളില്ലാതെ വിഷമിച്ചപ്പോഴാണ് ഡോകടറെ കണ്ടതും അപസ്മാരത്തിനു മരുന്നു കഴിക്കുന്നത് അറിഞ്ഞതും.
കുട്ടികൾ ഉണ്ടാവാൻ പ്രയാസമണെന്നുള്ള അറിവ് ഏട്ത്തിയെ തളർത്തി. കൂടാതെ അപസ്മാരം ഉള്ളത് എല്ലാവരും അറിഞ്ഞുവെന്നുള്ള വിഷമം.
ഏട്ടനും അമ്മയുമൊക്കെ എന്തെങ്കിലും പറയുന്നുണ്ടോ…ബന്ധുക്കളോട് പറയുന്നുണ്ടൊ..ഇത്തരം ഓരോ ചിന്തകൾ വേട്ടയാടിയിരുന്ന ഏട്ത്തിയെ,… താനും ഗോപനും എത്ര തവണ കുളക്കടവിൽ സ്വയം നഷ്ടപ്പെട്ട് ആലോച്ചിരിക്കുന്നത് കണ്ടിരിക്കണൂ.
അല്ലെങ്കിൽ എപ്പോഴും ഏതെങ്കിലും കീർത്തനങ്ങൾ മൂളിക്കൊണ്ട്..ഇല്ലത്തെ നാദമായി നിറഞ്ഞു നിന്നിരുന്ന അവർ സ്വയം മോഹഭംഗങ്ങളുടെ അകത്തളത്തിലൊതുങ്ങി.

ആയിടക്കാണ് വർഷങ്ങൾക്ക് ശേഷം അപസ്മാരം വരുന്നത്.
അതികഠിനമായിരുന്നു അത്. ഞങ്ങളൊക്കെ പേടിച്ചു പോയി.
രാത്രി തീരെ ഉറക്കമില്ലാതായതാണ് വീണ്ടും അപസ്മാരം കടന്നാക്രമിക്കാൻ കാരണം എന്നാണു ഡോക്ടർ പറഞ്ഞത്. മരുന്ന് കൊടുത്തിരുന്നത് മുറയ്ക്ക് കഴിക്കുന്നുമുണ്ടായിരുന്നില്ലത്
പിന്നെ എന്തോ…എല്ലാറ്റിനോടും ഒരുതരം ഭയമായിരുന്നു. തീ കണ്ടാലും, വെള്ളം കണ്ടാലും ഒക്കെ ഒരു തരം ഭയം.ഒരു പാട് ചികിത്സ നടത്തി. ആയുർവേദം ചെയ്തു നോക്കി. കാരണവന്മാർ പറഞ്ഞു പ്രശ്നം വെപ്പിച്ചു.
സാധാരണ പോലെ അവർ എന്തൊക്കെയോ ദുരൂഹതകളൊക്കെ പറഞ്ഞു പേടിപ്പിച്ചു പണം വാങ്ങി. പല ആചാരങ്ങളും പുതിയതായി വിധിച്ചു.
അമ്മ പാവം എല്ലാം അനുസരിച്ചു പോന്നു. നേർച്ചയും വഴിപാടും സ്ഥിരം നടത്തും.
സർപ്പക്കാവു വീണ്ടും പുനരുദ്ധരിച്ചു. മേയ്ക്കാട്ട് മന ഏട്ടന്റെ പരിചയത്തിലുള്ളതാണ്. അവിടെ നിന്നും ആളുകൾ വന്നു ദോഷങ്ങളൊക്കെ പരിഹരിച്ചു .
ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. വിശ്വാസവുമില്ല. ഡോക്ടർ പറഞ്ഞതിൻ പ്രകാരം ചികിത്സിക്കാനേ ഞാൻ പറയൂ.
ഏട്ത്തി മരുന്നു കഴിക്കില്ല്യായിരുന്നു.
ശാഠ്യം.! ഏട്ടൻ നിഴൽ പോലെ കൂടെയുണ്ടാവും. പൂർവ്വാധികം ശ്രദ്ധയും സ്നേഹവും കൊടുത്താലും എല്ലാറ്റിനും കണ്ണു നീരു തന്നെ.. പരിഭവവും.
ഞാനും ഗോപനും ഏട്ത്തിയെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യും. എന്നാലുമില്ല വിശേഷം.
പടിപ്പുരയിലെ നമ്പൂതിരിയോട് സംഗീതത്തെ പറ്റി എന്തെങ്കിലും പറയാറുള്ളതു കൂടി നിർത്തി. പാട്ട് തീരേയും ഇല്ലാതെയായി.
ഒരിക്കൽ പ്പോലും മുഖം കറുത്ത് ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും വെറുതെ അമ്മയോടും ശുണ്ഠി യെടുക്കും.
ഇടയ്ക്കിടെ.., താൻ ഗർഭിണിയാണെന്നു പെട്ടന്നൊരു തീരുമാനത്തിലെത്തും. എല്ലാവരോടും പറഞ്ഞു സന്തോഷിക്കുകയും ചെയ്യും. പിന്നീട് അത് സത്യമല്ലെന്ന് ബോധ്യപ്പെടുമ്പോൾ, വീണ്ടും പൂർവ്വാധികം തകർന്ന് ഏട്ത്തി ഒന്നുകൂടി തന്നിലേക്കൊതുങ്ങും.
ഏട്ത്തിയുടെ നിരാശകൾ ശ്വാസം മുട്ടിച്ച മനസ്സ്…, വികലമായി മാത്രം ചിന്തിച്ചു.
അതിനിടയിൽ പരമ്പര കാത്തു സൂക്ഷിക്കാൻ,ഏട്ടനെ വേറെ വിവാഹത്തിനു …പ്രേരിപ്പിച്ചിരുന്നു കാരണവന്മാർ. അതറിഞ്ഞ ഏട്ത്തി..പിന്നെ തീരെ അസ്വസ്ഥയായിരുന്നു.
കുറച്ചു നാൾ ഏട്ത്തിയെ അമ്മാത്തേക്ക് അയക്കാൻ ശ്രമിച്ചതിനു ഏട്ത്തി തെറ്റിദ്ധരിച്ചു. അമ്മ എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല.ഏട്ത്തിയെ പറഞ്ഞയച്ച് ഏട്ടന്റെ പുനർവിവാഹം നടത്തുമെന്ന് ഭയന്ന ഏട്ത്തിയുടെ ഉപബോധ മനസ്സിൽ എന്തൊക്കെ തീരുമാനമാണു് ഉണ്ടായത് എന്നറിയില്ല.
പെട്ടന്ന്..,ഏട്ത്തി അമ്മയാവാൻ പോകുന്നു എന്ന വിഭ്രാന്തിയുമായി മല്ലടിക്കാൻ തുടങ്ങി.
മനസ്സിന്റെ ദുരൂഹതകൾ ആർക്കാണു നിശ്ചയമുള്ളത്.?
അന്നത്തെ പ്രശ്നങ്ങളിൽ നിന്നും ചിതറി വീഴുന്ന ഏതെങ്കിലും സംഭാഷണങ്ങൾ ആയിരിക്കണം ഇങ്ങിനെ ഊഹാപോഹങ്ങളുടെ കൂടെ സഞ്ചരിച്ചത്.!
ഇവിടെ പാരമ്പര്യമായി സ്ത്രീകൾ വാഴില്ല എന്നൊക്കെ പറയുന്നത് മനസ്സിലാവുന്നില്ല. ഇവിടെ ആദ്യമായി ഏട്ത്തിയ്ക്കാണു ഇങ്ങിനെ ഒരു അപകടം ഉണ്ടായത് തന്നെ.
ആരോടും പങ്ക് വെക്കാതെ സ്വയം മനസ്സിലിട്ട് നീറ്റി ..ഒടുവിൽ.. ഒരു മുന്നറിയിപ്പുമില്ലാതെ അതികഠിനമായ അപസ്മാരം ഇടയ്ക്കിടെ ഉണ്ടാവാൻ തുടങ്ങി.
അങ്ങിനെ.. കുളത്തിൽ വെച്ചു അസുഖം ഉണ്ടായതാവും കാരണം എന്നാണു ഡോക്ടർ പറഞ്ഞത്. കയറാൻ പറ്റിയിട്ടുണ്ടാവില്ല.
ഏട്ത്തിയുടെ അമ്മാത്ത് നിന്ന് പോലും ആരും ഏട്ടനെ പഴിച്ചില്ലല്ലൊ.അവർക്കറിയാം ഏട്ടനെ.
പിന്നെ, ഒരു ദുർമരണമാവുമ്പോൾ ജനങ്ങൾക്ക് കഥയുണ്ടാക്കാനാണോ വിഷമം.
ഏട്ത്തിയുടെ മരണം അമ്മയെ വല്ലാതെ ബാധിച്ചു. അമ്മ ശ്രദ്ധിച്ചിരുന്നെങ്കിൽ ഏട്ത്തി ഒറ്റക്ക് കുളത്തിലേക്ക് പോകുമായിരുന്നില്ല എന്ന കുറ്റ ബോധം.
ആ ഷോക്ക് അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. കുറേ നാൾ അമ്മയും ചികിത്സയിലായിരുന്നു.
ഇതെല്ലാം എത്ര തവണ ഞാൻ ആവർത്തിച്ചു പറഞ്ഞതാണ്…മായയോടും പറഞ്ഞിട്ടുണ്ട്.
ദുരൂഹതകൾ നിറഞ്ഞ കഥകൾ കെട്ടിച്ചമയ്ക്കുന്നതിലും പറഞ്ഞു നടക്കുന്നതിലും ഒരു പ്രത്യേക കഴിവാണീ ജനങ്ങൾക്ക്.
ഉണ്ണൂലി പറയുന്ന പഴംകഥകൾ ചിലത് മായ പറഞ്ഞപ്പോഴൊക്കെ അതൊരു തമാശയായിട്ടാണു കാണൂന്നതെന്നാണു ഞാൻ കരുതിയത്.
പക്ഷെ…, ഇവിടെ അകത്തും പെരുമാറുന്ന ഉണ്ണൂലി, ഏട്ത്തിയെ പറ്റി ഇത്തരം അപവാദം പറഞ്ഞു കൊടുക്കാൻ എങ്ങിനെ ധൈര്യമുണ്ടായി എന്നറീയില്ല.
മായയുമതെ ..ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും അച്ഛന്റെ ശിക്ഷണത്തിൽ വളർന്നിട്ടും…!
എന്തിനാണു അങ്ങിനെയൊരു ആചാരം കാക്കാൻ മുതിർന്നതെന്നാണു അറിയാത്തത്? ആദ്യത്തെ ദിവസം തന്നെ പേടിയാണിതെല്ലാം ചെയ്യാൻ എന്നു മായയ്ക്ക് പറയാമായിരുന്നല്ലോ…
എന്നിട്ട്…,ഞാൻ ഓടിയെത്തുമ്പോഴേക്കും, ഒന്നും തിരിച്ചു പിടിക്കാൻ കഴിയാത്തത്ര അകലെ..!
വിളിച്ചാൽ വിളി കേൾക്കാത്ത ദൂരത്ത് മായയും.!!
വിഷ്ണു…നിയന്ത്രണം വിട്ട്, തേങ്ങിക്കരഞ്ഞു.
അച്ഛൻ വിഷ്ണുവിനെ ചേർത്തു പിടിച്ചു.
പൊറുക്കണം മോനെ. ഈ വയസ്സൻ …സങ്കടം കൊണ്ട്…
എങ്ങിനെയെങ്കിലും മായയെ തിരിച്ചു പിടിക്കണം.
നിയന്ത്രണം വിട്ട ഒരു പട്ടം പോലെ ..കാറ്റിന്റെ കുസൃതി യാണിപ്പോൾ. പൊങ്ങിയും താഴ്ന്നും കുട്ടിക്കരണം മറിഞ്ഞും ഒടുവിൽ എവിടെയെങ്കിലും കുരുങ്ങാതിരിക്കില്ലല്ലൊ എന്നാ
മനസ്സിന്റെ കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞാൽ ..
വിദഗ്ദനായ ഒരു മന:ശ്ശാസ്ത്രജ്ഞന്റെ കാര്യം പറഞ്ഞു ഏല്പ്പിച്ചിട്ടുണ്ട്. ഈ ആഴ്ച വരും. അദ്ദേഹം നോക്കട്ടെ. ആവശ്യമാണെങ്കിൽ ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും ഞാനെന്റെ കുട്ടിയെ കൊണ്ടുപോകും. ഒരു തെറ്റും ചെയ്യാത്ത എന്റെ കുട്ടിയെ ഇങ്ങനെ കളിപ്പന്താടുന്ന വിധി.!
മായ ഉണർന്നൂ ട്ട്വൊ…അമ്മ വന്നു വിളിച്ചു
വിഷ്ണൂ…പൊയ്ക്കോളൂ..തന്നെയെങ്
അച്ഛന്റെ ശബ്ദം ഇടറി.
വിഷ്ണുവിന്റെ ഹൃദയം ശക്തിയായി മിടിച്ചു.
തന്റെ മുറിയിൽ താനും മായയും ഒന്നിച്ചുറങ്ങിയ തന്നെ മറ്റൊരു പുരുഷനാക്കിയ ..അതേ പട്ടുമെത്തയിൽ കിടക്കുന്ന വിളറിയ ഈ മുഖം…ആരാണിവൾ..?
അറബിക്കഥകളിലെ പ്പോലെ ,രാജകുമാരിയെ തട്ടിയെടുത്തുകൊണ്ടു പോയി ആ സ്ഥാനത്ത് വേഷം മാറിയ രാക്ഷസി ഉറക്കം നടിച്ചു കിടക്കുകയാണോ?
വിഷ്ണു കുറച്ചു നേരം അങ്ങിനെ നോക്കിയിരുന്നു. മായ പതുക്കെ ഒന്നു ഞരങ്ങി. വിഷ്ണു സാവധാനം ,മായയുടെ തളർന്ന കൈകൾ എടുത്ത് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
മായേ…!
ഗദ്ഗദത്താൽ തടസ്സപ്പെട്ട ആ ശബ്ദം..കൊട്ടിയടച്ച പല വാതിലുകളും മുട്ടിത്തുറക്കാനായി കേണു.
മായ സാവധാനം കണ്ണുകൾ തുറന്നു.കൺപോളകൾ കനത്തും ചുവന്നും ഇരുന്നു. കണ്ണുകൾ തുറക്കുന്നതു തന്നെ ഒരു ഭാരപ്പെട്ട ജോലി പോലെ.
മായ വിഷ്ണുവിനെ തറപ്പിച്ചു നോക്കി.
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് വിഷ്ണു പുഞ്ചിരിക്കാൻ പണിപ്പെട്ടു.
ഇതാ…മായേ..നോക്കൂ..ഞാൻ വന്നു.! മായേ..
മായ ..ഒന്നും മിണ്ടാതെ കണ്ണുകൾ തിരിച്ചു. വിഷ്ണുവിനെ തിരിച്ചറിഞ്ഞോ എന്നു പോലും നിശ്ചയമില്ലാതെ മായ പറഞ്ഞു.
എനിക്ക് ഇഞ്ചക്ഷൻ വേണ്ടാ ട്ടോ..വേദനയാവ്ണുണ്ട്.
വിഷ്ണുവിനു സഹിച്ചില്ല.
മാപ്പ്…മായയെ ഇവിടെ ഇങ്ങിനെ …വിട്ടു പോയതിനു…
വിഷ്ണു പൊട്ടിക്കരഞ്ഞു.
മായയുടെ അച്ഛനും അമ്മയും ഓടിവന്നു. വിഷ്ണുവിന്റെ സങ്കടം കണ്ട് അവർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല.
വരസ്യാരുടെയും, ചിറ്റയുടേയും സഹായത്തോടെ വാതില്ക്കലേക്ക് വന്ന അന്തർജ്ജനം എല്ലാവരും കരയുന്നത് കണ്ട് അവിടെ ത്തന്നെ നിന്നു.
ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ചവുട്ടി മെതിച്ച് ജീവഛവമാക്കിയ തമ്പുരാട്ടിയുടെ കണ്ണീരു വറ്റിയ വരണ്ട കണ്ണുകൾ.
എല്ലാവരുടേയും കരച്ചിൽ കണ്ട മായ സാവധാനം വാതില്ക്കലേക്ക് നോക്കി പുഞ്ചിരിച്ചു.

ചടച്ചൊട്ടിയ മുഖത്ത് സാമാന്യത്തിലധികം തുറിച്ച കണ്ണുകൾ കണ്ടാൽ ഭയം തോന്നും. നിഗൂഢമായ പുഞ്ചിരി.
മായ പതുക്കെ എഴുന്നേറ്റ് ചാരിയിരുന്നു. എന്നിട്ട് വാതിക്കലേക്ക് നോക്കി …ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു. കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം.ആരുടേയോ സാന്നിദ്ധ്യം അറിയുന്നതുപോലെ മായ പറഞ്ഞു.
ഇവടെ …പ്പോ..ആരൂല്യാ.. ങട് പോരൂ..
എല്ലാവരും മായ പറയുന്നതു കേട്ട് പകച്ചു.
എന്താ ..അവടെ ത്തന്നെ നിന്നതേയ്.. നിയ്ക്ക് വയ്യാ ട്ടോ.. വടെ …,വന്നിരിക്കൂ.
മായ ശബ്ദം താഴ്ത്തി..ശ്വാസത്തിലൂടെ പറഞ്ഞു.
ഏട്ത്തി പറഞ്ഞപോലെ ഞാനതു സാധിച്ചൂട്ടോ.. പടവിലിരുന്ന് സോപ്പ് തേയ്ക്കാർന്നൂ. ഞാൻ പതുങ്ങിച്ചെന്ന് ..പിന്നീന്ന് ഒറ്റ ഉന്ത്. നീന്തലറീല്യാന്ന് ഏട്ത്തി പറഞ്ഞില്ല്യേ..
ഉന്തിയിട്ട ആയത്തിൽ ഞാനും വീണൂട്ട്വോ…പക്ഷെ ഞാൻ നീന്തിക്കേറി.
എന്തോ തമാശ പറഞ്ഞ മട്ടിൽ മായ ചിരിച്ചു.!
ചടച്ച മുഖത്തെ വികൃതമായ ചിരി. പല്ലുകൾക്ക് ഒരു പാട് നീളം വെച്ചതു പോലെ.
കൊറേ തല്ലിപ്പെടച്ചു …ഏട്ടൻ. പിടിച്ചു കേറ്റാൻ പോയില്ല്യാ… പിന്നെ… എനിക്ക് പേട്യായി… ഞാനിങ്ങട് ഓടിപ്പോന്നൂ.
ഏട്ത്തീനേം ഇങ്ങനെ അല്ലേ കൊന്നേന്ന് ചോയ്ക്കണം ന്ന് ണ്ടാർന്നൂ..
മായ കിതച്ചു.
ഏട്ത്തീ..ന്താ..ഒന്നും മിണ്ടാത്തേ…എനി ന്റെ ഉണ്ണിയെ ആരും ഒന്നും ചെയ്യില്ല്യാ…
മായയുടെ അമ്മ ഓടി വന്നു മായയുടെ വായ പൊത്തി കുലുക്കി വിളിച്ചു.
മായേ…കുട്ടീ…മതീ..
ഈശ്വരാ ……എന്തൊക്ക്യാ ഇപ്പറേണേന്ന് നിശ്ശംണ്ടോ…
വല്ലാതെ കിതച്ച മായ പെട്ടന്നു ബോധമറ്റതു പോലെ പിന്നോട്ട് മലച്ചു. അബോധാവസ്ഥയിൽ ഒരു ഞരക്കത്തിലൂടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു…
മായ പറഞ്ഞതിന്റെ ഞെട്ടലിൽ നിന്നു ആരും മുക്തരായിരുന്നില്ല. സമയം പോലും സ്തംഭിച്ച്തു പോലെ.!
ഭഗവതീ…..!
വാതില്ക്കൽ നിന്നും കേട്ട ആർത്തനാദത്തിൽ എല്ലാവരും ഞെട്ടിത്തിരിഞ്ഞു.
തമ്പുരാട്ടീ..
പരിസര ബോധം വീണ്ടെടുക്കാൻ ശ്രമിച്ചു മായയുടെ അച്ഛൻ വിക്കി.
ഹേയ്….കുട്ടി എന്തോ പിച്ചും പേയും പറയ്യാണ്. അയാൾ ചുറ്റും നോക്കി. സ്തംഭിച്ച മുഖഭാവങ്ങൾ..!
മായയുടെ അച്ഛൻ ഓർത്തു. മരണമറിഞ്ഞു അവർ ഓടിയെത്തിയപ്പോൾ വാതിൽ തുറക്കാൻ വിസമ്മതിച്ച മായ…ആകെ നനഞ്ഞിരിക്കുകയായിരുന്നു. !!
അച്ഛനു ഭയം വർദ്ധിച്ചു. അവൾ പറഞ്ഞത് ശരിയായിരിക്കുമോ.
പെട്ടന്നു ധൃതിയിൽ അമർത്തിച്ചവുട്ടി വല്യമ്മാവനും,അഫനും ഒക്കെ ഓടിയെത്തി.
എന്താ വിഷ്ണൂ…ഈ കേക്കണേ…
വിഷ്ണു ഞെട്ടിത്തിരിഞ്ഞു.
അവരുടെ പുറകിൽ ജനാല്യ്ക്കൽ നിന്നിരുന്ന ഉണ്ണൂലിയെ ആണു വിഷ്ണു കണ്ടത്.
കടന്നു പോണുണ്ടോ…അശ്രീകരം. ഇനി ഇത് വേറൊരു കഥയാക്കാൻ.
ഉണ്ണൂലിയോടാ പറഞ്ഞേ….വിഷ്ണു അലറി.
നീ …അതിനോടല്ല ശുണ്ഠിയെടുക്കേണ്ടത്…!
ഭ്രാന്തുണ്ടെങ്കിൽ വല്ല ആസ്പത്രീലും കൊണ്ടോയാക്ക്വാ… ഇനി ബാക്ക്യൊള്ളേരേം കൊന്നു കൊല വിളിക്കണേനു മുമ്പേ…
വല്യമ്മാമ നിന്നു വിറച്ചു.
മായയുടെ അച്ഛൻ തളർന്നിരുന്നു. അമ്മ പൊട്ടിക്കരഞ്ഞു.
കൊണ്ടോക്കോളാം…..പേട്യൊള്ളാരാ
നീ വെഷമിക്ക്യാനല്ല ഉണ്ണീ…കുട്ടിക്ക് ചികിത്സ ആവശ്യല്ലെ.. ..? സുഭദ്ര ച്ചിറ്റ ഇടപെട്ടു.
അപ്പു എന്തു പിഴച്ചിട്ടാ.. ?നെന്റെ അച്ഛനെ പ്പോല്യായിരുന്നില്ല്യേ..ഏട്ത്
എത്ര കണ്ണീരു കുടിക്കണം പാവം.
ഞാനെന്താ…ചെയ്യണ്ടേ…ചിറ്റ പറയൂ.. ഞാനെന്താ…
വിഷ്ണു കുട്ടികളെ പ്പോലെ കരഞ്ഞു.
ആരും ഒന്നും ചെയ്യണ്ട…ഞങ്ങൾ കുട്ടിയെ കൊണ്ട്വോവാണ്.
വേളി കഴിച്ചയച്ചതാ.. ന്റെ കുട്ട്യേ… ഇത്രടം കൊണ്ടെത്തിച്ചില്യേ….
മായയുടെ അച്ഛൻ ദേഷ്യത്തിൽ എഴുന്നേറ്റു.
അങ്ങിനെ അങ്ങട് പോയാലോ….വല്യമ്മാമ വിട്ടില്ല.
മായയുടെ അച്ഛന്റെ ശബ്ദമുയർന്നു.
പിന്നെന്താ വേണ്ടേ….ഇങ്ങനെള്ള കുട്ട്യേ ജയിലിലേക്കയക്കണോ…?! ആവാം.!
അതിനു മുമ്പേ….എന്താ വേണ്ടേന്ന് എനിക്കറിയാം. മരിക്കണേന് ആരടേം അനുവാദം വേണ്ടല്ലോ…
ഗോപൻ ഓടിവന്നു.
നിങ്ങളൊന്നു നിർത്തുന്നുണ്ടോ..
വിഷ്ണുവേട്ടാ,ആ എസ്.ഐ വന്നിട്ടുണ്ട്.!! ~🔳
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം
TAGS : MALAYALAM NOVEL | BRIJI K T



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.