ഒരിക്കൽ ഒരിടത്ത്
നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം ഇരുപത്തിനാല്
മാനസിക രോഗാശുപത്രിയുടെ തിരിവിൽ നാട്ടിയ വഴികാട്ടിയുടെ മുന്നിൽ അബദ്ധത്തിൽ വന്നു പെട്ടതു പോലെ വിഷ്ണു നിന്നു.!
അപ്രതീക്ഷിതമായുണ്ടാകുന്ന ഓരോ തിരിവുകൾ.
അവിടെ നമ്മെ പരിഹസിക്കുന്ന ഓരോ വഴികാട്ടികൾ നാട്ടിയിരിക്കുന്നതാരാണ് ?!
പാതക്കരികിൽ നാട്ടിയ വഴികാട്ടിയുടെ ഒരു പുറത്ത് നിന്ന് നോക്കിയാൽ ഇടത്തോട്ടുള്ള കറുത്ത അമ്പ് ചിത്തരോഗാശുപത്രി വലത്തോട്ടുള്ളത്. ഗവണ്മെന്റ് കോളേജ്. നേരെയുള്ള കറുത്ത അമ്പ് നാഷണൽ ഹൈവേ.
പക്ഷെ വഴിക്കാട്ടിയുടെ മറു വശത്ത് നിന്ന് നോക്കിയാൽ ഒരേയൊരു പേര്. ഒറ്റപ്പാലം. ഇരുപത് കിലോമീറ്റർ. അവിടെ പാതയോരത്ത് നിന്നും തുടങ്ങുന്ന പാടശേഖരം.
വലിയ നടവരമ്പ് ചെന്നു മുട്ടുന്നത് തന്റെ ഇല്ലം.
അവിടെ ഇടത്തോട്ടോ വലത്തോട്ടോ ചിത്തരോഗാശുപത്രിയുടെ കൂരമ്പ് വരച്ചു വെച്ചിട്ടില്ല.
എത്ര വിചിത്രം.! ഒരേ വഴികാട്ടിയിൽ ത്തന്നെ..,ഇപ്പോൾ..,താൻ മറുപുറത്ത് നിന്നും നോക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.
സ്പെഷ്യലിസ്റ്റ് ഡോക്ടറാണ് പറഞ്ഞത്.
മായ ഈ അന്തരീക്ഷത്തിൽ നിന്ന് മാറി നിന്നാലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. മായ അകപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ എട്ടുകാലി വലയിൽ നിന്നും ഒരു മാറ്റം അനിവാര്യമാണ്.
പക്ഷെ ഭ്രാന്തന്മാരുടെ ഇടയിൽ കിടക്കണമെന്നില്ല. ഡോക്ടർമാരുടെ ക്വാർട്ടേഴ്സിനടുത്ത്, കോട്ടേജുകളുണ്ട്.
ഇതുപോലെ സ്വയം നഷ്ടപ്പെട്ട നിശ്ശബ്ദജീവികളെ പാർപ്പിച്ച് ചികിത്സിക്കുന്ന വീടുകൾ. കുറച്ചു വാടക കൂടുമെന്ന് മാത്രം.
ഒന്നോ രണ്ടോ പേർക്ക് കൂടെ നില്‍ക്കുകയും ചെയ്യാം.
രോഗി ഭയക്കുന്നവരേയും ദേഷ്യപ്പെടുന്നവരേയും എല്ലാം ഒഴിവാക്കി, തീർത്തും ശാന്തമായൊരു അന്തരീക്ഷം.

എന്നാലും…ഡോക്ടറേ..ന്റെ കുട്ടിയെ ഭ്രാന്താശുപത്രിയിൽ….അച്ഛന്റെ നെഞ്ചു വിറകൊണ്ടു.
എന്തു ചെയ്യാം .തിരുമേനി വിഷമിക്കാതിരിക്കൂ. അസുഖം ഭേദമാവുമെന്ന് ഉറപ്പു തരുന്നു ഞാൻ.
തിരുമേനി ഓർത്തു.
മുമ്പ്…അരുന്ധതിയെ ഇവിടെ കൊണ്ടു വരാൻ തീരുമാനിച്ചപ്പോൾ എല്ലാവരും എതിർത്തു.
ഒരിക്കൽ ആ പടി കടന്നാൽ..,പിന്നെ എത്ര സുഖമായാലും ‘ഭ്രാന്ത്“ എന്ന മുദ്ര കല്ലിൽ കൊത്തിയതു പോലെ ഒരിക്കലും മായില്ല.
പക്ഷെ ആശുപത്രിയിലേക്ക് വരാനൊന്നും അരുന്ധതി കാത്തു നിന്നില്ല.
ഇതാ…ഇപ്പോ…ന്റെ കുട്ടീ..!
ആശുപത്രി കോട്ടേജിലെ എല്ലാ സൗകര്യങ്ങളും കണ്ട് വിഷ്ണു മടങ്ങി. കുളി കഴിഞ്ഞു മുറിയിൽ ചെന്നപ്പോൾ മായയുടെ അമ്മ ഒന്നും മിണ്ടാതെ മുറിക്ക് പുറത്തിറങ്ങി.
മായ ഉറങ്ങുകയാണ്.
വിധിയുടെ കയ്യിലെ ചരടു പാവയെപ്പോലെ മായ അറിയാതെ ചെയ്ത മഹാപാതകം പക്ഷെ തന്റെ ജീവിതത്തിലെ എറ്റവും വലിയ ദുരന്തമാണ്. !
എസ്ഐ വീണ്ടും വന്നപ്പോൾ വാസ്തവത്തിൽ വിറച്ചു പോയി. വല്യമ്മാവനോ മറ്റുള്ള ആരെങ്കിലുമോ ഒരു സംശയം പറഞ്ഞിരുന്നെങ്കിൽ മായയെ ഈ അവസ്ഥയിൽ എവിടെക്കൊക്കെ വലിച്ചിഴക്കണമായിരുന്നു.
എസ്ഐ കുളപ്പുരയിലേക്ക് കടന്നില്ല, മരണ ദിവസം എടുത്ത ഫോട്ടോകൾ നോക്കി അതു കോൺസ്റ്റബിളിന്റെ കയ്യിൽ കൊടുത്തു കൊണ്ടു പറഞ്ഞു.
ആർക്കും പരാതി ഇല്ലാത്ത സ്ഥിതിക്ക് സംഗതി ക്ളോസ്സ് ചെയ്യാം. പക്ഷെ മിക്ക കേസുകളിലും സംഭവിക്കുന്നതു പോലെ പിന്നീട് ഓരോ സംശയം കൊണ്ടു വരാതിരുന്നാൽ മതി.
വാസ്തവത്തിൽ ജോലിക്കാരേയും വീട്ടുകാരേയും ചോദ്യം ചെയ്യേണ്ടതാണ്. എത്ര ജോലിക്കാരുണ്ട് ഇവിടെ..
എത്ര ജോലിക്കാരുണ്ടെങ്കിലും ഞങ്ങൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞല്ലോ. പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർടിലും മുങ്ങിമരണം തന്നെ എന്നല്ലേ !
അതങ്ങിനെ നിങ്ങൾ തീരുമാനിച്ചാൽ പോരല്ലോ. ആർക്ക് കമ്പ്ളെയിന്റില്ലെങ്കിലും സ്വമേധയാ അന്വേഷിക്കാനൊക്കെ വകുപ്പുണ്ട്.
അദ്ദേഹം കുളിക്കാൻ പോകുന്നത് ആരും കണ്ടില്ല എന്നല്ലേ പറഞ്ഞത്.?
അതെ. സാധാരണ കുളത്തിൽ പോകാത്ത ആളായതു കൊണ്ട് ആരും ശ്രദ്ധിച്ചില്ല. പിന്നെ അമ്മയൊക്കെ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു.
തിരുമേനി വലിയ ജനസമ്മതനായിരുന്നു സർ. കോൺസ്റ്റബിൾ പറഞ്ഞു.
ശരി …ശരി.. എസ് ഐ എഴുന്നേറ്റു …!
കോൺസ്റ്റബിളിനോട് എല്ലാം എഴുതിവാങ്ങാൻ പറഞ്ഞു എസ്.ഐ പോയപ്പോഴാണ് ശ്വാസം നേരേ വീണത്.

വിഷ്ണു …മായയെ നോക്കി ഏറെ നേരം ഇരുന്നു.
കുറേ കഴിഞ്ഞ് മേശപ്പുറത്ത് ചിതറിക്കിടക്കുന്ന പേപ്പറുകൾ എടുത്ത് മേശവലിപ്പ് തുറന്നു അതിൽ വെക്കാൻ നോക്കിയപ്പോൾ..തന്റെ കത്തുകൾ..!ചിലത് തുറന്നിട്ടു പോലുമില്ല.!
പിന്നെ…,..മായ ..കുത്തിക്കുറിച്ച കവിതകൾ..!ഒരു പഴയ ഡയറി…അതിൽ കോളെജിൽ വെച്ച് എഴുതിയ കവിതകളും കുറിപ്പുകളും. ഒരു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനുള്ളിൽ വെച്ച കടലാസ്സിൽ മായ എഴുതിത്തുടങ്ങിയ കത്ത്.
പ്രിയപ്പെട്ട വിണ്ണൂ…
പെട്ടന്നു വിഷ്ണുവിന് കരച്ചിൽ വന്നു.
“അമേരിക്കയിലേക്ക് വരാൻ തിടുക്കമായി. ഇവിടെ ഇരുന്നാൽ ഞാൻ പേടിച്ചു ചത്തു പോകും എന്നാലും ഇവരെയൊക്കെ വിട്ടു പോരണ്ടേ എന്നാലോചിക്കുമ്പോഴാണ്..ഇം
അതിരിക്കട്ടെ കൂടെ വല്ല സായ്പ്പത്തികളും ഉണ്ടെങ്കിൽ ഞാൻ വരുമ്പോഴേക്കും പറഞ്ഞയക്കണം ട്ടോ….”
വായാടിയായ പഴയ മായ. !
വിഷ്ണു വിശ്വസിക്കാനാവാതെ കണ്ണുകളടച്ച് കിടക്കുന്ന മായയെ നോക്കി. മരുന്നിന്റെ മയക്കത്തിൽ എന്തൊക്കെയൊ പുലമ്പിക്കൊണ്ടിരുന്ന മായയുടെ ചുണ്ടുകൾ വികൃതമായി കോടി.
ചുളിഞ്ഞു വികൃതമായ മുഖം പെട്ടന്നു ഒരു പാട് പ്രായമേറിയതുപോലെ തോന്നിച്ചു.
അങ്ങിനെ നോക്കിയിരുന്നപ്പോൾ…വെറുപ്പോ ,ദേഷ്യമോ..,സങ്കടമോ..പറഞ്ഞറിയി
അപരിചിതയായ ഈ സ്ത്രീ …തന്റെ എല്ലാമായ ഏട്ടനെ കൊന്നുവോ…?
കരുതിക്കൂട്ടി…ചതിയിൽ തള്ളിയിട്ട് ..മരണവെപ്രാളം കണ്ട് …മായക്കെങ്ങിനെ കഴിഞ്ഞു ഇതെല്ലാം…?
തിരിച്ചെടുക്കാൻ കഴിയാത്ത ഏട്ടന്റെ ജീവൻ…,ജീവിച്ചിരിക്കെ മരിച്ചു പോയ മായ…!
ഇന്നുവരെ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത …,അതിസുന്ദരവും..എന്നാൽ അതി നിഗൂഢവുമായ ഒരു പ്രതിഭാസമാണ് മനസ്സ്. ഒരു ബിന്ദുവിൽ നിന്നും ..വിരിഞ്ഞു വിടരുന്ന അവസാനമില്ലാത്ത ചുറ്റുകൾ. അതിൽ എവിടെയെങ്കിലും ഒരു ചുറ്റ് സ്ഥാനം തെറ്റിയാൽ അറ്റു പോകുന്ന ഒരു കണ്ണി. കയറൂരി വിടുന്ന ഒരു ഭ്രാന്തൻ കുതിരയെ പ്പോലെ…ദിക്കു കെട്ടലയുന്ന മനസ്സ്..
ഏറ്റവും നിഷ്ക്കളങ്കയായ മായയുടെ ഏറ്റവും ഭയപ്പെടുത്തുന്ന അസ്തിത്വം.
ഇനി…, ഈശ്വരന്മാർക്ക് തെറ്റിപ്പോയി എന്നു തിരുത്താൻ വരുന്ന ഏതെങ്കിലും നാളെയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പ്. പക്ഷെ തിരിച്ചു വന്നാൽ ത്തന്നെ…ചെയ്തുപോയ തെറ്റിനെ ഓർത്ത് സ്വയം ശിക്ഷിക്കുകയും നിന്ദിക്കുകയും ചെയ്ത് ശിഷ്ടം ജീവിതവും നഷ്ടമാകും.
മുത്തച്ഛൻ എന്നും പറയുമായിരുന്നു. ഭഗവാന്റെ പരീക്ഷണങ്ങളാണെല്ലാം.
മുത്തച്ഛനുണ്ടെങ്കിൽ ചോദിക്കാമായിരുന്നു.
ഒരു തെറ്റും ചെയ്യാത്തവരായാലും, വാൾ മുനയിൽ കുത്തിയുയർത്തി അവസാനത്തെ തുള്ളി ചോരയും വാർന്ന് വീഴുന്നത് കാണുമ്പോഴും ,സദാ പുഞ്ചിരിക്കുന്ന ദൈവങ്ങൾ.!
മായയുടെ അമ്മ നിശ്ശബ്ദമായി മായയുടെ തുണികളും മറ്റും പെട്ടിയിലൊതുക്കി.മകളെ ആദ്യ പ്രസവത്തിനു കൂട്ടിക്കൊണ്ടു പോകുന്നത് സ്വപ്നം കണ്ടിരുന്നതായിരുന്നു.നിഷ്ക്
മായ പിറന്ന നാളുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത താണ്.
രണ്ടു മൂന്നു തലമുറകളിലെ കാരണവന്മാരും ഉറ്റവരുമുണ്ടായിരുന്നു ചുറ്റും.
ഒരു കുഞ്ഞുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്തായിരുന്നു താൻ ഗർഭിണിയാകുന്നത്. തറവാട്ടിലെ ഏക മകനായിരുന്ന അദ്ദേഹത്തിന്റെ ഇല്ലത്ത് ഉത്സവമായിരുന്നു.
കുഞ്ഞ്..ആണോ പെണ്ണോ എന്ന വാതുകെട്ടലും പേരു നിശ്ചയിക്കലും ഒക്കെ ഒരു ഭാഗത്ത്.
ഉണ്ണിക്ക് കട്ടിലും തൊട്ടിലും ഊഞ്ഞാലും മറ്റും പണിയുന്ന ആശാരിമാർ ..മറ്റൊരു ഭാഗത്ത്. എന്നും ഉത്സവം.
അഫൻ കളിയാക്കി. ഉണ്ണിയാണെന്നങ്ങട് തീർച്യായ്ക്യോ. ..ന്താ…കഥ.!വിശേഷദിവസങ്ങളിൽ തന്നെ മഹാറാണിയെ പ്പോലെ എഴുന്നള്ളിച്ചിരുത്തും.
ഒന്നും ചെയ്യാനിങ്ങട് വരണ്ട. അവിടിരുന്നാൽ മതി. ദേഹം എളകീട്ട് എനി വല്ലതും വരുത്തിവെക്കണ്ട.
അങ്ങിനെ കാണാതെ ത്തന്നെ സ്നേഹവും ലാളനയും അനുഭവിച്ചു തുടങ്ങിയ കുഞ്ഞ് ഇപ്പോൾ തൊട്ടു മുമ്പിലിരുന്നിട്ടും കാണാപ്പുറത്ത്.!.കേൾക്കാപ്പുറത്ത്..!.
അമ്മ വിങ്ങിപ്പൊട്ടി.
പിറ്റേന്ന് എല്ലാം ഏടുത്തു വെച്ച്…,മായയേയും കൊണ്ട് പോകാനൊരുങ്ങി എല്ലാവരും വരാന്തയിലെത്തി.വിഷ്ണു ഗോപനൊപ്പം ആദ്യമിറങ്ങി.
ചിറ്റ വെറുതേ നോക്കി നിന്നു.
അന്തർജ്ജനം …? മായയുടെ അച്ഛൻ ചോദിച്ചു.
ഏട്ത്തി കെടക്കാണ്. വയ്യാ. ഒന്നും കഴിക്കാൻ കൂട്ടാക്ക് ണില്യാ.
ഞാൻ വിളിക്കാം.
മുറിയിൽ ..വാരസ്യാരും ..ഉണ്ണൂലിയും കൂടി കഞ്ഞികുടിപ്പിക്കാൻ ശ്രമിക്കുന്നു.
ഏട്ത്തീ ..ങനെ പട്ടിണി കെടന്നാലോ..
എന്തിനാ ഈ ശാപജന്മം. ? ഒടുങ്ങട്ടെ…ന്റെ അപ്പൂനേം കളഞ്ഞില്ല്യേ…
ഒക്കെ വരാനുള്ളതായിരുന്നു. ഈശ്വരേഛ..!.
അനുഭവിക്കന്നെ…
ഏട്ത്തീ…,ഇതാ മായക്കുട്ട്യേ…യാത്രയാക്കണ്ടേ
അതിനു മറുപടി ഒരു ഏങ്ങലടിയായിരുന്നു.
എങ്ങടാ ഞാൻ യാത്രയാക്കണ്ടേ….ന്റെ കുട്ട്യേ .. ..?!എന്തിനാ ഈശ്വരന്മാരേ …ങനെ ശിക്ഷിക്കണേ…
അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ കൈപിടിച്ചു നടത്തുന്നതു പോലെ മായയുടെ കൈ പിടിച്ച് അമ്മ അന്തർജ്ജനത്തിന്റെ മുറിക്ക് പുറത്തു നിന്നു.
യാത്രയില്ല..!
നിയ്ക്ക് വയ്യല്ലോ..ഭഗവതീ…!
നെഞ്ചത്തടിക്കുന്ന തമ്പുരാട്ടിയുടെ കൈകൾ വാർസ്യാർ ബലമായി പിടിച്ചു മാറ്റി.
വരാന്തയിലെ ചാരുകസേരയിൽ നിന്നും , ഇനി നിർദ്ദേശങ്ങളൊന്നും വരില്ല.
“ഒന്നു നോക്കിച്ചാലോ …എന്തൊക്കെയോ ദോഷങ്ങളുണ്ട്…” എന്നു പറയാനുള്ള കസേര ഒഴിഞ്ഞു കിടന്നു.!
ആരോടോ യാത്ര പറയാനുണ്ടല്ലോ എന്ന ഒരു തോന്നൽ….ഇല്ല.! ആരോടാ..?
ഇല്ലപ്പറമ്പിലെ മരങ്ങളും കിളികളും ശ്വാസമടക്കി .
മായ വന്നു കയറിയപ്പോൾ ..തലയറഞ്ഞു പേടിപ്പിച്ചതിൽ വിഷാദിച്ച് തെങ്ങുകളും കവുങ്ങുകളും ഒക്കെ ഇലയനക്കാതെ സ്തംഭിച്ച് നിന്നു.
വിഷ്ണു എവിടെ.?
വിഷ്ണു പടിപ്പുരയിൽ നിന്നും തിരിഞ്ഞു നോക്കി.
തന്റെ ജീവൻ പടിയിറങ്ങുന്നു. മായക്ക് തന്നെ മനസ്സിലാകുന്നതു പോലുമില്ല . വിഷ്ണുവിന്റെ നിറഞ്ഞകണ്ണുകളുടെ ആഴക്കടലിൽ …മായ ഏതോ അഗാധതയിലേക്ക് ഇറങ്ങിപ്പോകുന്ന പോലെ..
ഒരു വശത്ത് മാറി നിന്ന് ഉണ്ണൂലി കരയുന്നുണ്ടായിരുന്നു.
പൊറുക്കണം. ദൊന്നും നിരീച്ചതല്ല. ആത്തോലു് ഓരോന്ന് ചോദിച്ചപ്പോ ഓരോ ന്ന് പറഞ്ഞത് ഭയപ്പെടുത്താനായിരുന്നില്ല്യാ.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും,… ഇങ്ങനെ തലമുറകളിലൂടെ ഉരുണ്ടുരുണ്ട്…ശേഖരിക്കുന്ന കെട്ടുകഥകളും..സത്യങ്ങളും കൊണ്ട് രൂപമാറ്റം സംഭവിച്ച് ഭീമകാരനായി…ഉരുണ്ട് നീങ്ങിക്കൊണ്ടേയിരിക്കും.
ഗോപൻ നിശ്ശബ്ദനായി കാറിന്റെ ഡോർ തുറന്നു പിടിച്ചു. മായ ഗോപന്റെ മുഖത്ത് നോക്കിയപ്പോൾ ഗോപൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ എപ്പോഴും വിരിഞ്ഞു മായുന്ന നുണക്കുഴികളുടെ ഇന്ദ്രജാലം അന്യമായിരിക്കുന്നു. ഏതോ കുട്ടി കോറി വരച്ചൊരു വികൃത ചിത്രം പോലെ മായ മാറിയിരിക്കുന്നു.
മായ ,ഒരു കൈ കൊണ്ട് വയറ് താങ്ങിപ്പിടിച്ചു കുനിഞ്ഞ് കാറിൽ കയറി.
അമ്മ നിശ്ശബ്ദമായി ഗോപനോട് യാത്ര പറഞ്ഞു.
ഇല്ലാ.. ഞാൻ പിന്നാലെ എത്തിക്കോളാം.
എത്ര രഹസ്യമായി …തീരുമാനിച്ചിട്ടും,ഒരു നാലഞ്ചു വാല്യക്കാരും..പെണ്ണുങ്ങളും അവിടന്നും ,ഇവിടന്നും ഒക്കെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ചെറ്യമ്പ്രാട്ടിക്ക് ഭ്രാന്താത്രെ..!!
ശ് ….കേക്കും.
പക്ഷെ ഭ്രാന്തിന്റെ ഒരു ലക്ഷ്ണോം…ല്യാ..ബാധ കൂടിതാവും
എന്തോ…
വല്യമ്പ്രാന്റെ തമ്പുരാട്ടിക്കും ഭ്രാന്തായിട്ടല്ലേ മരിച്ചേ…
അതിനെ മുക്കിക്കൊന്നതല്ലേ…
ഇപ്പൊ..ന്തായി…തമ്പ്രാനേം കൊണ്ടോയില്ല്യേ..?
വല്യ… വല്യ.. ആളോൾക്ക് എന്തുമാവാം.
കഷ്ടം..!
ഒരു വിലാപ യാത്രയായി കാറ് രണ്ടും നീങ്ങി.
അച്ഛന്റേയും അമ്മയുടേയും ഇടയിൽ മായകണ്ണുകളടച്ച് ചാരിയിരുന്നു.
നിറഞ്ഞ കണ്ണുകൾ മറയ്ക്കാനായി നമ്പൂതിരി പുറത്തേക്ക് നോക്കിയിരുന്ന് കണ്ണുകൾ നീറാൻ തുടങ്ങിയപ്പോൾ കണ്ണുകളടച്ചു ചാരിയിരുന്നു.
പെട്ടന്നു കാർനിർത്തിയപ്പോൾ നമ്പൂതിരി കണ്ണു തുറന്നു.
ഒരു ആംബുലൻസ് കടന്നു പോകാൻ നിർത്തിയതാണ്.
നാഷണൽ ഹൈ വേയിൽ നിന്നുള്ള തിരിവ്.
തിരുമേനിയുടെ വയറ്റിൽ നിന്നും തീയാളി.
ഓ…ഇവിടെയെത്തിയോ..
ഇടത്തോട്ട് മാനസിക രോഗാശുപത്രി. വലത്തോട്ട് …മായ പഠിച്ച കോളേജ്.
മിക്കവാറും ഉച്ചക്ക് വീട്ടിലിരുന്ന് മുഷിയുമ്പോൾ ..മായയെ കൂട്ടാൻ ബസ്സു കയറിപ്പോരും. അഛൻ കൂട്ടാൻ വരുന്ന ദിവസങ്ങളിൽ മായക്കും ഇഷ്ടമാണ്.
കോളേജിൽ നിന്നും ഹൈ വേ സ്റ്റോപ്പ് വരെ നടക്കും . അവിടന്ന് ഇല്ല ത്തേക്കുള്ള ബസ്സ് കിട്ടുകയും ചെയ്യും.
അപ്പോഴാണു വഴികാട്ടിയുടെ പുറത്തിരിക്കുന്ന ഒറ്റക്കാക്കയെ ,മായ കല്ലെടുത്തെറിഞ്ഞ് ഓടിക്കാൻ നോക്കിയത്.
അയ്യാ..യീ ..എന്താ കുട്ടീ ദ്.. അതവിടെ ഇരുന്നാ ലെന്താ..?
അതിന്റെ നോട്ടം കണ്ടോ…. എന്റെ കണ്ണു കുത്തിപ്പൊട്ടിക്കാൻ നോക്ക്വാണേയ്..
ബലിക്കാക്ക്യാണു്. ! അച്ഛൻ നെടുവീർപ്പിട്ടു.
അരുന്ധതിയെ ഇങ്ങട് കൊണ്ട് വരണം ന്നാ വിചാരിച്ചേ…പക്ഷെ അവൾ ഒരു ചികിത്സക്കും പിടി തന്നില്ല.
അല്ലാ…ആത്മാക്കൾക്ക് കയറിക്കൂടാൻ വേറെ എത്ര ഭംഗിയുള്ള കിളികളുണ്ട്.
അഛൻ കേക്കണുണ്ടോ..?
അസ്സത്തിന്റെ മൊഖത്ത് പാകമാകാത്ത ഒരു കൊക്കും…ഛീ അശ്രീകരം..
ഞാൻ മരിക്കുമ്പോ…നല്ല വെള്ളരിപ്രാവായിട്ടേ വരൂ..
എനിക്ക് ബലിയിടുമ്പോ…പ്രാവിനെ നോക്ക്യാൽ മതീട്ടോ.
അശുഭം പറയാതെ…കുട്ടീ…
കറുപ്പ് അഴകല്ലേ..?
അല്ലാ…നിയ്ക്കിഷ്ടല്ല്യാ….
നമ്പൂതിരി തിരിഞ്ഞു മായയെ നോക്കി.അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ഒന്നു രണ്ടു കാറുകളുടെ അകമ്പടിയോടെ , ഒരു ആംബുലൻസ് മാനസിക രോഗാശുപത്രിയുടെ തിരിവിൽ നിന്നും ഹൈ വേയിലേക്ക് കയറി,..കടന്നു പോയി.
ആംബുലൻസിൽ…വെളുത്ത തുണി കൊണ്ട് മൂടിയ നിശ്ചലത,. ഇരു ഭാഗത്തും നോക്കിയിരിക്കുന്ന നിശ്ചലമായ മുഖങ്ങൾ. തങ്ങൾക്ക് മുമ്പേ കടന്നു പോകുന്നവർ.
കാർ ..,ദേശീയ പാതയിൽ നിന്നും ഇടത്തോട്ട് തിരിയുകയാണ്.
വഴികാട്ടിയുടെ മേലെ ഒരൊറ്റ കാക്ക.!
നമ്പൂതിരി ഞെട്ടി.
കാക്ക തുറിച്ച കണ്ണുകളോടെ കാറിനകത്തേക്ക് പാളി നോക്കിയോ..?
അച്ഛൻ തിരിഞ്ഞു മായയെ നോക്കി.
മായ .. എന്തിനോ ആ കാക്കയെ ത്തന്നെ നോക്കുന്നുണ്ടായിരുന്നു. കാറ് കടന്നു പോകുന്നത് വരേയും.
ഈ സ്ഥലം …കുട്ടിക്ക് ഓർമ്മ വന്ന്വോ ആവോ…
അയാൾ തിരിഞ്ഞു നോക്കിയപ്പോൾ കാക്ക അവിടെയുണ്ടായിരുന്നില്ല.
റിസപ്ഷണടുത്ത് കാറ് നിർത്തി യപ്പോൾ നമ്പൂതിരി ഇറങ്ങി.
ചരൽ വിരിച്ച ആശുപത്രി മുറ്റത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ കാലുകൾ വേദനിച്ചു.
ചെരിപ്പിടാൻ മറന്നു പോയിരിക്ക്ണൂ.
അച്ഛൻ കയറൂ.. കോട്ടേജിലേക്ക് പൊയ്ക്കോളൂ.. ഞാൻ താക്കോലു വാങ്ങി വരാം.
വിഷ്ണു വരാന്തയിലേക്ക് കയറി.
തലങ്ങും വിലങ്ങും …നടന്നിരുന്ന മനുഷ്യ ക്കോലങ്ങൾ.!
എവിടെയാണ് താൻ വന്ന് പെട്ടിരിക്കുന്നത്..? വിഷ്ണുവിന് ഒന്നും മനസ്സിലായില്ല.
ഏതോ അത്യന്താധുനിക പെയിന്റിംഗിലെ പോലെ,.. സ്ഥാനം തെറ്റിയ അവയവങ്ങളുള്ള മുഖങ്ങൾ.
പെട്ടന്ന് ..,തന്റെ കയ്യിലുള്ള ഏറ്റവും ശുഭ്രമായ കടലാസ്സും കവർന്നെടുത്ത് ,അസ്ഥാനത്ത് അവയവങ്ങളുള്ള ഒരു മനുഷ്യ ക്കോലത്തെ കോറിവരച്ച് വികൃതമാക്കിയിരിക്കുന്നു.
സ്ഥനത്തല്ലാത്ത വലിയ വായകൾ പിളർത്തി അട്ടഹസിച്ച് ചിരിക്കുന്ന ഇവർ ഒക്കെ ആരാണ്.!
വിഷ്ണു പെട്ടന്നു തന്നെ അവിടന്നിറങ്ങി.
കോട്ടേജിലേക്ക് നടന്നപ്പോൾ ഈ ചിത്തരോഗാശുപത്രിയല്ലാതെ മറ്റൊരിടവും പരിചയമില്ലാത്തതു പോലെ തോന്നി വിഷ്ണുവിന്.
ഒന്നുകിൽ ..മയങ്ങിക്കിടക്കുകയൊ,അ ല്ലെങ്കി
വിഷ്ണു വല്ലാതെ തളർന്നു.
എന്തെങ്കിലും നല്ല ഭക്ഷണം കഴിച്ചിട്ടൊ..,ശരിക്കൊന്നു ഉറങ്ങിയിട്ടോ എത്ര ദിവസങ്ങളായി.?
ഗോപൻ ഒരു പാട് നിർബന്ധിക്കുമ്പോഴാണു വല്ലതും കഴിക്കാൻ ശ്രമിക്കുന്നത്. പക്ഷെ തൊണ്ടയിൽ കുരുങ്ങുന്ന അന്നം.
ലീവ് നീട്ടിക്കിട്ടാനുള്ള അപേക്ഷ തള്ളി. പ്രോജക്ടിൽ നിന്നും ഒഴിയേണ്ടി വരും. അല്ലെങ്കിൽ രാജി വെക്കണം.
ഗോപൻ കൊണ്ടുവന്ന കത്തും കയ്യിൽപ്പിടിച്ചു വിഷ്ണു ഇരുന്നു.
ഉണ്ണി പൊക്കോളൂ …എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്ന് പറയാൻ ഏട്ടൻ ഇല്ല.എല്ലാറ്റിനും ഓടിച്ചെല്ലാറുള്ള ആ കസേര ശൂന്യം. വിഷ്ണുവിനു അടക്കാനായില്ല.
വിഷ്ണുവേട്ടാ..?
എന്താ വിഷ്ണുവേട്ടാ ഇത്..
എനിക്കെന്താ ചെയ്യേണ്ടത് എന്ന് അറിയില്യാ…
സത്യമായിട്ടും…., എനിക്കൊന്നും തോന്നണൂല്യാ….!!
🔳
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം
TAGS : MALAYALAM NOVEL | BRIJI K T



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.