ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വന്‍ മുന്നേറ്റം. മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 100 സീറ്റുകളില്‍ ടിവികെ ലീഡ് ചെയ്യുന്നുണ്ട്.
നിലവിലെ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 71 സീറ്റുകളില്‍ ലീഡുണ്ട്. ഭരണകക്ഷിയായ ഡിഎംകെ 52 സീറ്റില്‍ ലീഡുമായി മൂന്നാം സ്ഥാനത്താണ്.
ഇതോടെ എംജിആര്‍, ജയലളിത എന്നിവരെപ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം വിജയ്യും പിന്തുടരും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്‍ഗണന നല്കുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരുന്നത്. വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും വിജയ്ക്ക് പ്രതിസന്ധിയായില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.
75,064 പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വോട്ടുകളും തപാല്‍ വോട്ടുകളുമാണ് എണ്ണിയത്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ് .തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2,52,59,596 പേര് സ്ത്രീ വോട്ടര്‍മാരും 2,35,34,720 പേര് പുരുഷ വോട്ടര്‍മാരുമാണ്. 4,517 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് കരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (93.41 ശതമാനം). തൊട്ടുപിന്നില്‍ സേലം ജില്ലയിലെ വീരപാണ്ടി മണ്ഡലമാണ് (93.36 ശതമാനം). കന്യാകുമാരി ജില്ലയിലെ കിള്ളിയൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം).
SUMMARY: TVK ahead in Tamil Nadu; DMK falls behind







