Follow the News Bengaluru channel on WhatsApp

വിധു വിന്‍സെന്റിന്റെ രാജി; ഡബ്ല്യുസിസിയില്‍ സംഭവിക്കുന്നതെന്ത്?

മലയാള സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഘടനായ ഡബ്ല്യുസിസിയില്‍ (WCC) യില്‍ നിന്നും പ്രമുഖ സംവിധായിക വിധു വിന്‍സെന്റ് രാജി വെച്ചു എന്നതാണ് സിനിമ ലോകത്തെ ഏറ്റവും പുതിയ വര്‍ത്തമാനവും വാര്‍ത്തയും. സ്ത്രീ സിനിമ ലോകത്തെ വലിയൊരു മുന്നേറ്റമായി വിശേഷിക്കപെട്ട കൂട്ടായ്മയില്‍ എന്താണ് സംഭവിക്കുന്നത്? ലിംഗ സമത്വത്തിനും സ്വാതന്ത്രത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി ഒത്തു കൂടിയവര്‍  തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളോ? അതോ തൊഴിലും മൂലധനപരവുമായ ആന്തരിക വൈരുധ്യങ്ങള്‍ അവര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ട്ടിച്ചുവോ? ഒരു അന്വേഷണം.

ഡബ്ല്യുസിസി എന്ത്? എന്തിനു വേണ്ടി?

2107 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് ഒരു മലയാള സിനിമ നടി  ലൈംഗികമായി അക്രമിക്കപെട്ടതിനെ തുടര്‍ന്നാണ് ഡബ്ല്യുസിസി ( (WOMEN IN CINEMA COLLECTIVE) എന്ന സംഘടനാ രൂപീകരിക്കപ്പെട്ടത്. മലയാള സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ, ഒപ്പം അവരുടെ തൊഴിലിടങ്ങളിലും, തൊഴില്‍പരമായ പല കാര്യങ്ങളിലു നേരിടുന്ന  വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് സംഘടന മുഖ്യമായും ലക്ഷ്യമിട്ടത്.

ഡബ്ല്യുസിസിയില്‍നിന്ന് ഇപ്പൊള്‍ രാജിവെച്ച പ്രമുഖ സിനിമ സംവിധായിക വിധു വിന്‍സെന്റ്  സംഘടന രൂപീകരണത്തെപറ്റി കുറിച്ചത് ഇപ്രകാരമാണ്. ‘നമ്മുടെ കൂട്ടത്തില്‍ ഒരാള്‍  ആക്രമിക്കപ്പെട്ടപ്പോള്‍ പരാതിക്കാരിക്ക് ധാര്‍മ്മിക പിന്തുണ നല്കുന്നതിനൊപ്പം ഇനി ഒരാള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കത്തക്കവണ്ണം ഒരു കാവലാളായിരിക്കുകയും ഒപ്പം സ്ത്രീകളോടുള്ള എല്ലാ തരത്തിലുമുള്ള വിവേചനം അവസാനിപ്പിച്ച് ഒരു സിസ്റ്റര്‍ ഹുഡ് സാധ്യമാക്കി എടുക്കുകയും ചെയ്യുക എന്ന മനോഹരമായ സ്വപ്നമാണ്  ഡബ്ല്യുസിസിയില്‍ പങ്കാളിയാകുമ്പോള്‍ നിങ്ങളെ ഏവരേയും പോലെ ഞാനും കണ്ടത്.’

മഞ്ജു വാരിയര്‍, റിമ കല്ലിങ്ങല്‍, പാര്‍വതി തിരുവോത്, ദിദി ദാമോദരന്‍, സജിത  മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍. ബീന പോള്‍, രമ്യ നമ്പീശന്‍, രേവതി, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ് തുടങ്ങി മലയാള സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ 18  വനിതകള്‍ ചേര്‍ന്നാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്.

 

പ്രാരംഭ ഘട്ടത്തില്‍ സംഘടന പ്രധാനമായും നാലു  കാര്യങ്ങളില്‍ കേന്ദ്രികരിച്ചു.

1)  സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

2) ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന നിയമ വ്യവസ്ഥകളെക്കുറിച്ച് ഗവേഷണവും പഠനവും നടത്തുന്നു.

3) സിനിമയുമായി ബന്ധപ്പെട്ട വ്യവസ്ഥാപിത സ്ഥാപനങ്ങളുമായി പ്രശ്‌നധിഷ്ഠിതമായി ഇടപെടുക ,വിജയിക്കുക

4) സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ പ്രശ്‌നങ്ങള്‍ മീഡിയ വഴി സജീവമായി നിലനിറുത്തുക.

നവംബര്‍ 1, 2017 ന് വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്, ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍, ഡബ്ല്യുസിസി സിനിമ വ്യവസായത്തിനുള്ളിലെ ലൈംഗിക പീഡനങ്ങളെ നേരിടുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.

വിധു വിന്‍സെന്റ് എന്ന പ്രതിഭ

ഏഷ്യാനെറ്റിലൂടെ പത്രപ്രവര്‍ത്തക രംഗത്ത് തുടക്കം, തുടര്‍ന്ന് വിവിധങ്ങളായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, നാടക പ്രവര്‍ത്തനം. തുടര്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഒരു ചെറിയ ഇടവേളക്കു ശേഷം 2010 ല്‍, അവര്‍ അസംഘടിത മേഖലയിലെ വനിതാ ജീവനക്കാരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടുന്ന ഒരു സംഘടനയായ ‘ പെണ്‍കൂട്ട് ‘ ന്റെ  ആദ്യ ഭാരവാഹിയായി പൊതുമണ്ഡലത്തില്‍ സജീവമായി.

2016 ല്‍ ആദ്യ സിനിമ പുറത്തിറക്കി. മലയാള ചലചിത്രം ‘ മാന്‍ഹോള്‍ ‘ .ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. കേരള സിനിമ ചരിത്രത്തില്‍  ആദ്യമായാണ് ഒരു വനിതാ സംവിധായിക ഈ പുരസ്‌കാരം നേടുന്നത്.

കേരളത്തില്‍ നടന്ന 21-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രം മികച്ച അരങ്ങേറ്റ സംവിധായകനുള്ള പുരസ്‌കാരം ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ ഈ ചിത്രം നേടി. കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളസംവിധായിക എന്ന ക്രെഡിറ്റ് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് നേടിയിരുന്നു. നിയമം മൂലം മാനുവല്‍ സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) നിരോധിക്കപ്പെട്ട ഇന്ത്യാരാജ്യത്ത് അതേ ജോലിചെയ്ത് ജീവിക്കുന്ന 9 ലക്ഷം ആളുകളുണ്ടെന്നതിലെ വൈരുദ്ധ്യവും അവര്‍ ദൈനംദിന ജീവിതത്തില്‍ പരിഷ്‌കൃതരെന്ന് നടിക്കുന്ന സമൂഹത്തില്‍ നേരിടുന്ന തൊട്ടുകൂടായ്മകളും, വേര്‍തിരുവുകളും മറ്റുമാണ് മാന്‍ഹോള്‍ ചര്‍ച്ച ചെയ്യുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊന്നുമല്ല നമ്മുടെ പ്രബുദ്ധകേരളത്തില്‍ പോലും പതിമൂവായിരത്തിലധികം സ്‌കാവഞ്ചിംഗ് കുടുംബങ്ങള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്, കൊല്ലം നഗരസഭയിലെ തോട്ടിപണിക്കരുടെ ജീവിതത്തിന്റെ  കഥ പറഞ്ഞാണ്  മാന്‍ഹോളിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. സാങ്കേതികമായും രചനാപരമായും വളരെയേറെ പ്രശ്നങ്ങളും കുറവുകളും ഉണ്ടെങ്കിലും മാന്‍ഹോള്‍ എന്ന സിനിമ ശ്രദ്ധേയമാകുന്നത് അത് കൈകാര്യം ചെയ്യുന്ന പൊള്ളുന്ന പ്രമേയത്തിന്റെ പ്രസക്തി കൊണ്ടുതന്നെയായിരുന്നു.

2017 ല്‍ മലയാളം ചലച്ചിത്രമേഖലയിലെ വനിതാ കലാകാരന്മാര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കുള്ള പ്രതികരണമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ അവര്‍ നേതൃത്വപരമായ പങ്കു വഹിച്ചു.

2018 -19 കാലയളവില്‍ തന്റെ രണ്ടാമത്തെ സിനിമയായ ‘ സ്റ്റാന്‍ഡ്  അപ്പ് ‘ ന്റെ നിര്‍മാണവുമായി  ബന്ധപെട്ടു അവര്‍ക്കു നേരിടേണ്ടി വന്ന വിഷമതകളാണ് ഇപ്പൊള്‍ ഡബ്ല്യുസിസിയില്‍ നിന്നും  രാജിവെക്കുന്ന സംഭവ വികാസങ്ങളില്‍ എത്തിച്ചേര്‍ന്നത്. സിനിമയുടെ കഥയും തിരക്കഥയും  തയ്യാറായതിനു ശേഷം ചിത്രത്തിന്റെ നിര്‍മ്മാണത്തിനുള്ള മൂലധനത്തിന് വേണ്ടി ധാരളം അലയേണ്ടിവന്നു. ഡബ്ല്യുസിസിയിലെ സഹപ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫല പ്രാപ്തിയില്‍ എത്തിയില്ല. പിന്നീട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്റെ സഹായത്തോടെയാണ് സിനിമ നിര്‍മിച്ചു റിലീസ് ചെയ്തത്.

2019 ല്‍ പുറത്തിറങ്ങിയ സിനിമയും ശക്തമായ പ്രമേയവും അവതരണ രീതിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പ്രധാന വേഷത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച കഥപാത്രം നായികയായ സ്റ്റാന്‍ഡ് അപ്പ് സംസാരിക്കുന്നത് സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്. സമൂഹത്തിലെ സ്ത്രീസമൂഹം നേരിടുന്ന വലിയ പ്രശ്‌നം തന്നെ ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

കീര്‍ത്തി മരിയ തോമസ്, ദിയ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കീര്‍ത്തി എന്ന കഥാപാത്രമായി നിമിഷ സജയന്‍ എത്തുമ്പോള്‍ ദിയ എന്ന കഥാപാത്രമായി രജിഷ വിജയനാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. കീര്‍ത്തി സ്റ്റാന്‍ഡ് അപ് കൊമേഡിയനായി തിളങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ദിയ എപ്പോഴും കീര്‍ത്തിക്കൊപ്പമുള്ളതിനാല്‍ തന്നെ കീര്‍ത്തിയുടെ സുഹൃത്തുക്കളുമായി ദിയയും പരിചയത്തിലാവുകയാണ്. കീര്‍ത്തിയുടെ സഹോദരനായ അമലും അവന്റെ സുഹൃത്തുക്കളായ ജീവനും സുജിത്തുമായും ദിയയ്ക്ക് സൌഹൃദമുണ്ട്. തുടര്‍ന്ന് ദിയയും അമലും പ്രണയത്തിലാകുന്നതും ഇത് ഒരു സുഹൃദ് വലയത്തില്‍ തീര്‍ക്കുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദ സംഘവും അതിലെ തമാശകളും സംഘര്‍ഷങ്ങളും ആണ് ചിത്രത്തിന് പ്രമേയമാകുന്നത്.

‘സ്ത്രീയെ കൈയ്യേറ്റം ചെയ്യുന്നത് അപ്പനായാലും ആങ്ങളയായാലും ഇരയ്ക്കൊപ്പമാണെന്ന നിലപാട് അറിയിക്കുന്ന കീര്‍ത്തി പുതിയ കാല പെണ്‍കുട്ടികളുടെ പ്രതിരൂപമാണ്’. സമകാലിക സ്ത്രീ സ്വത്വം വിളിച്ചു പറയാനും, സമൂഹത്തില്‍ ലിംഗ നീതിക്കുവേണ്ടിയുള്ള  നിലപാട് ഉറക്കെ പറയാനും  സിനിമക്ക്  കഴിയുന്നുണ്ട്.

മലയാളികള്‍ക്കത്ര പരിചയമില്ലാത്ത സ്റ്റാന്‍ഡപ് കോമഡിയുും അതിലെ ഫ്‌ളാഷ്ബാക്ക് കഥപറച്ചിലിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. സ്റ്റാന്‍ഡപ് കൊമേഡിയനായി വന്ന നിമിഷയുടെ പ്രകടനം വേറിട്ടതും  പ്രസക്തവുമാണ് .’പ്രേമിക്കാന്‍ കാരണമുണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാനും കാരണമുണ്ടാവും.തന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കാത്ത ഒരാളുടെ കൂടെ താനെങ്ങനെ ഭാവി ചിലവഴിക്കും എന്ന് വിധു വിന്‍സെന്റിന്റെ നായികാ കഥപാത്രം ചോദിക്കുന്നുണ്ട്.

 

വിധു വിന്‍സെന്റിന്റെ ഡബ്ല്യുസിസിയില്‍ നിന്നുള്ള രാജിയും അത് ഉയര്‍ത്തുന്ന  ചോദ്യങ്ങളും

പുരുഷ കേന്ദ്രികൃതവും പുരുഷാധിപത്യ സംവിധാനത്തില്‍ നയിക്കപ്പെടുന്നതുമായ മലയാള സിനിമ വ്യവസായത്തില്‍ പൊടുന്നനെയുള്ള ഒരു സ്ത്രീപക്ഷ ഇടപെടലായിട്ടാണ് ഡബ്ല്യുസിസി രൂപീകരണം വിലയിരുത്തപ്പെട്ടത്. പക്ഷെ, ഈ മുന്നേറ്റവും കൂട്ടായ്മയും എത്രത്തോളം ഫലപ്രദമാകും എന്ന ചോദ്യവും സംഘടനയുടെ ഉത്ഭവകാലം  തൊട്ടേ സിനിമയുമായി ബന്ധപ്പെട്ട  കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു.

വിധു വിന്‍സെന്റ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സ്ഥാനത്തുള്ള നടനുമായുള്ള പ്രശ്നം, ഇരയാക്കപ്പെട്ട വ്യക്തിക്കുള്ള പിന്തുണ, സിനിമ വ്യവസായത്തില്‍ സ്ത്രീ എന്ന നിലക്കും തൊഴിലിടങ്ങളില്‍  നേരിടേണ്ടി വരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യുക എന്ന പൊതുവായ ലക്ഷ്യങ്ങളെ  മുന്‍നിറുത്തി ഒരു പ്ലാറ്റുഫോമില്‍ എല്ലാവരും ഒത്തു ചേര്‍ന്നെങ്കിലും അതിനകത്തുള്ള ആന്തരിക  വൈരുധ്യങ്ങള്‍ വിവിധ രൂപകങ്ങളില്‍ പരോക്ഷമായും പ്രക്ത്യക്ഷമായും പുറത്തുവരുന്നത്തിന്റെ  സൂചനകളാണ് വിധു വിന്‍സെന്റിന്റെ രാജിയിലൂടെ പ്രകടമാകുന്നത്.

സൂക്ഷ്മ തലങ്ങളില്‍ പരിശോധിക്കുമ്പോള്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പ്രസക്തമായി വരും .

1. സിനിമ മേഖലയിലെ മൂലധനരാഷ്ട്രീയം :-

സ്ത്രീ ശാക്തീകരണത്തിന്റെ വലിയ ആശയവും മുദ്രാവാക്യവും ഉയര്‍ത്തിപിടിക്കുമ്പോള്‍ തന്നെ, സിനിമ എന്ന തൊഴില്‍ ഇടങ്ങളില്‍ മുന്നേറാന്‍ ഓരോരുത്തരം ബാധ്യസ്ഥമാണ്. നിരന്തരമായി സിനിമകള്‍ ചെയ്ത് ഉണ്ടാക്കി എടുക്കേണ്ട ഇടം തന്നെയാണത്. മത്സരാധിഷ്ഠിതം അല്ലെങ്കില്‍ പോലും പലപ്പോഴും നിലനില്പിന്റേതായ പ്രശ്‌നം ഉയര്‍ന്നുവരും. മൂലധനശക്തികളുടെ സഹായം  അത്യന്താപേക്ഷിതമായ സമയത്തു ആദര്‍ശപരവും വര്‍ഗ്ഗപരവുമായ ആന്തരിക സംഘര്‍ഷം  ഉണ്ടാവുക സ്വാഭാവികം മാത്രം. സമരസപ്പെടലിന്റെ പുതിയ പ്രത്യയശാസ്ത്രം രൂപപ്പെടുകയും, തന്റേതായ വഴികളിലൂടെ  സഞ്ചരിക്കേണ്ട  സാഹചര്യങ്ങള്‍ വരുമ്പോള്‍ അനുയോജ്യമായതു  കണ്ടെത്തി ലക്ഷ്യപ്രാപ്തിയിലേക്ക് മുന്നോട്ടു പോകാന്‍ നിര്‍ബന്ധിക്കപെടുന്ന അവസ്ഥ ഉണ്ടായെന്നു വരാം. മൂലധനത്തിന്റെ  ‘അസര്‍പര്‍ശ്യത’ അല്ലെങ്കില്‍ വര്‍ഗസ്വഭാവം ഈ വേളയില്‍ ചര്‍ച്ച ആയേക്കാം. .

2. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ അവകാശ രാഷ്ടിയവും, ലിംഗ സമത്വം അഥവാ  സ്വാതന്ത്ര്യവും:-

സിനിമ ചെയ്യുന്നതിലൂടെ, അവരുടെ രാഷ്ട്രീയത്തെ ഏറ്റവും ശക്തമായും വ്യക്തമായും പ്രതിഫലിപ്പിക്കാന്‍ പറ്റുക എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണെങ്കിലും, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുമ്പോള്‍ സൃഷ്ടിക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളില്‍ നിന്ന്  ഒരു പൊതുബോധം രൂപപെടണമെന്നും അവയെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ മാറിയ ഭാവുകത്വത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ കഴിയണമെന്ന ആശയത്തെ പ്രായോഗിക മാക്കുന്നതില്‍ വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നു. വരേണ്യവും എലീറ്റിസവും തുടങ്ങിയ  പദപ്രയോഗങ്ങള്‍ അവിടെ നിന്നാണ് ഉത്ഭവിക്കുന്നത്.

3. സ്ത്രീ സംഘടനകളിലെ  ജനാധിപത്യം

യോജിപ്പുകള്‍, വിയോജിപ്പുകള്‍, അഭിപ്രായ സ്വാതന്ത്ര്യം ഇവയൊക്കെ ഒരു സംഘടനയുടെ  ജനാധിപത്യത്തെ പ്രതിനിധികരിക്കുന്നു എന്നാണല്ലോ. ഈ ജൈവ പ്രക്രിയയുടെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്താതെ തന്നെ വിയോജിപ്പുകള്‍ക്കു  ഒരിടം സൃഷ്ടിക്കാന്‍ ആര്‍ക്കും  അവകാശമുണ്ട്. ആ അര്‍ത്ഥത്തില്‍  സംഘടനാ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയം തീര്‍ക്കാന്‍ കഴിയുമെന്ന് കാണേണ്ടതുണ്ട്. വിധു വിന്‍സെന്റിന്റെ വരികള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഡബ്ല്യുസിസിയില്‍ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണ്. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മില്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്ല്യൂസിസിയെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാന്‍ കെല്പുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടവര്‍ അത് ചെയ്യാതെ വിധുവിന്‍സന്റിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നസ് അളക്കാന്‍  നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ലാ എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.’എന്തായാലും തെരുവ് വിചാരണകള്‍ക്ക് ഞാന്‍ എതിരാണ്; തൊട്ടുകൂടായ്മകള്‍ക്കും സാമൂഹിക, തൊഴില്‍ ബഹിഷ്‌കരണത്തിനും എതിരാണ്. ആ പാത പിന്‍തുടരണം എന്നുള്ളവര്‍ക്ക് അത് ആകാം എന്ന് മാത്രമേ അതിനെ കുറിച്ച് പറയാന്‍ ഉള്ളു. എന്തായാലും വര്‍ഗ്ഗവും ജാതിയും നമുക്കിടയില്‍ വെറും വാക്കുകളല്ല എന്ന് ഉറപ്പാണ്.’

സമകാലിക മലയാള സിനിമ ലോകത്ത് ഡബ്ല്യുസിസിയുടെ പ്രസക്തിയും ഭാവിയും    

വനിതകള്‍ക്ക് കാര്യമായ പങ്കു നിര്‍വഹിക്കാനില്ലാത്ത സിനിമ ലോകത്ത് പുതു പ്രതീക്ഷയുടെ കിരണങ്ങള്‍ പാകിയ  കൂട്ടയ്മയാണ് ഡബ്ല്യുസിസി. ചരിത്രപരമായ പല കാരണങ്ങളുടെ തുടര്‍ച്ച എന്ന്  വേണമെങ്കില്‍ വിശേഷിപ്പിക്കാം. പി.കെ  റോസി മുതലിങ്ങോട്ടുള്ള സിനിമയിലെ സ്ത്രീകളുടെ കണ്ണീരും വിയര്‍പ്പും അതിന് പിന്നിലുണ്ട്. ഒപ്പം പൊതുസമുഹം നേടിയെടുത്ത സ്ത്രീമുന്നേറ്റത്തിന്റെ ബലവും. ഡബ്ല്യുസിസിയുടെ കൂടെയുള്ള എല്ലാവരും ഇത്തരം രാഷ്ട്രീയം ഉള്‍ക്കൊണ്ടവരാകില്ല. എന്നാല്‍ ചിലരെങ്കിലും ഈ രാഷ്ട്രീയം വ്യക്തമായി അറിയുന്നവരും അതിന്റെ പിന്മുറക്കാരുമാണ്.അത്യന്തം ദുഷ്‌ക്കരമായ ഒരു തുടക്കവും പ്രയാണവുമായിരുന്നു, ആയതിനാല്‍  തന്നെ നിലനില്‍പ് പലപ്പോഴും ഒരു ചോദ്യ ചിഹ്നമായി വന്നേക്കാം. പക്ഷേ സംഘടന മുന്നോട്ടു പോകേണ്ടതിന്റെ പ്രസക്തി വളരെ വലുതാണ്. ആയതുകൊണ്ട്  ഈ കൂട്ടായ്മ  കുറെക്കൂടി സ്തീപക്ഷ തൊഴിലാളി നിലപാടുള്ള ഒന്നായി വളരേണ്ടതാണ്. എന്നാല്‍  ആ കാഴ്ചപ്പാടിലേക്കു  വളരാന്‍ ഡബ്ല്യുസിസിക്കു ഇതുവരെ കഴിഞ്ഞുവോ എന്ന്  സംശയമുണ്ട് .പ്രത്യേകിച്ച്  കഴിഞ്ഞ ഒരു വര്ഷം സംഘടന നിര്‍ജീവമെന്നുതന്നെ പറയാം. കാര്യമായ ചര്‍ച്ചകളോ ഇടപെടലുകളോ നടക്കുന്നില്ല. ഈയ്യിടെ ഷംന കാസിമുമായി ബന്ധപെട്ടുള്ള വിഷയങ്ങളില്‍ ഡബ്ല്യൂസിസിയുടെ പ്രതികരണം  കേവലം ഒരു ഫേസ് പോസ്റ്റില്‍ ഒതുങ്ങി.

ബി. ഉണ്ണികൃഷ്ണന്‍

 

സിനിമ രംഗത്തെ വനിതകള്‍ ഇരയാക്കപ്പെടുന്ന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ട്രൈബ്യൂണലും നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുന്നു എന്ന ഒറ്റവരി പ്രസ്താവന കൊണ്ട്  സംഘടന തൃപ്തിയടഞ്ഞു. ഈ സാഹചര്യത്തില്‍ വിധു വിന്‍സെന്റിന്റെ രാജിയുമായി നേരിട്ട് പരാമര്‍ശ വിധേയനായ ആളും, മലയാള സിനിമ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയുമായ ബി. ഉണ്ണികൃഷ്ണന്റെ  വാക്കുകള്‍  ശ്രദ്ധേയമാകുന്നത്.

ഡബ്ല്യുസിസിയെ പറ്റി തുടക്കം മുതല്‍ ഇപ്പോള്‍ വരെ ഞാന്‍ സൂക്ഷിക്കുന്ന ഒരു വിമര്‍ശനമുണ്ട്. അതിനകത്ത് ഒരു വര്‍ഗ്ഗ സ്വഭാവത്തിന്റെ പ്രശ്നമുണ്ട്. കൃത്യമായ എലീറ്റിസിസമുണ്ട്. കാരണം ഒരു ജന്റര്‍ മൂവ്മെന്റ് എന്ന നിലയില്‍ അനിവാര്യമായ ഒന്നാണ്. മലയാള സിനിമയെ വിപ്ലവകരമായി കറക്റ്റ് ചെയ്യാനുള്ള ഒരു ഫോഴ്സാണ് ഡബ്ല്യൂസിസി. സ്ത്രീകളുടെ ഒരു ഉണര്‍വ് എന്ന് പറയുന്നത് അത് എല്ലാ അര്‍ത്ഥത്തിലും ശക്തമായിത്തന്നെ തുടരേണ്ടതാണ്. പക്ഷേ, കാരവനകത്തിരിക്കുന്ന ഒരു നടി, പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു ഡിറക്ടര്‍, പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു എഡിറ്റര്‍, അധികാരസ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ, അവരുടെ പ്രശ്നം എന്ന് പറയുന്നത്, താഴെ തട്ടിലുള്ള ഒരു സ്ത്രീയുടെ പ്രശ്‌നത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അത് എത്രത്തോളം ഡബ്ല്യുസിസി അഡ്രസ് ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച്, അവരുടെ ഇത്രയും നാളത്തെ പ്രവര്‍ത്തനത്തില്‍ നിന്ന് എനിക്ക് വ്യക്തത വന്നിട്ടില്ല.’  ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു വെക്കുന്നു.

കേവലം  ഉപരിവിപ്ലവമായ കാഴ്ചപോടെ പ്രശ്‌നങ്ങളെ സമീപിക്കുക എന്നതിലുപരി, ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കു  ഉണ്ടാകണം. സ്ത്രീകള്‍ക്ക് സ്വന്ത്രമായി സിനിമ ചെയ്യാനും, തൊഴിലിടങ്ങളിലില്‍ നിര്‍ഭയമായി തങ്ങള്‍ക്കു ജോലി ചെയ്യാനും, സ്ത്രീസൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും കഴിയേണ്ടതുണ്ട്.

വരും ദിനങ്ങളില്‍ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തങ്ങളിലൂടെ തെളിയിക്കേണ്ടതും അത് തന്നെയാണ് . കേരളീയ സിനിമ ലോകവും അതിനകത്തെ സ്ത്രീ സമൂഹവും ഒറ്റുനോക്കുന്നതും അതിലേക്കു തെന്നയാണ്. പ്രതീകഷയുടെ നാളങ്ങള്‍ അണഞ്ഞു പോയിട്ടില്ല എന്ന് സിനിമ ലോകത്തോട്, ചുരുങ്ങിയ പക്ഷം അതിനത്തെ വനിതാ പ്രവര്‍ത്തകരോട് വിളിച്ചു പറയാനുള്ള ബാധ്യതയും  ആത്മാര്‍ത്ഥതയും സംഘടന പുലര്‍ത്തുമെന്നു കരുതാം.

ജോമോന്‍ സ്റ്റീഫന്‍

jomonks2004@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.