Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ കോവിഡ് കേസുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഗ്രാമങ്ങളില്‍

ബെംഗളൂരു: കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ വകുപ്പ്  അധികൃതര്‍. ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് ലക്ഷം കേസുകളില്‍ ഒരു ലക്ഷത്തോളം കേസുകള്‍ ഗ്രാമീണ മേഖലകളില്‍ നിന്നാണെന്ന് കോവിഡ് 19 സംസ്ഥാന നോഡല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാലിനി രജനീഷ് പറഞ്ഞു. ഇതില്‍ ജില്ല തിരിച്ചുള്ള കണക്കുകളും, നഗരങ്ങളും ഗ്രാമങ്ങളും തിരിച്ചുള്ള കണക്കുകളും ലഭ്യമല്ലെങ്കിലും, ഗ്രാമീണ മേഖലയില്‍ കേസുകളുടെ എണ്ണം കൂടുന്നു എന്ന് തന്നെയാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ നിരന്തരം യാത്ര ചെയ്യുന്നതും, പരിശോധനകള്‍ക്ക് തയ്യാറാകാത്തതും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ മാറി നില്‍ക്കാന്‍ ശ്രമിക്കാത്തതുമെല്ലാം അവിടങ്ങളില്‍ രോഗം അതിവേഗം പടരാന്‍ കാരണമാകുന്നതായും വിദഗ്ധര്‍ പറയുന്നു.

നിരവധി ആളുകളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും, ബെംഗളൂരുവില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഇതില്‍ പലരും രോഗ വാഹകരുമാണ്. എന്നാല്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ പ്രദേശങ്ങളില്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ചികിത്സകളും വളരെ കുറവാണ് എന്നുള്ളത് ഉത്‌ക്കണ്‌ഠ ഉളവാക്കുന്നതാണെന്ന് കോവിഡ് 19 എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ സി.എന്‍. മഞ്ജുനാഥ് പറഞ്ഞു.

എന്നാല്‍ ഗ്രാമീണ മേഖലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് നഗരങ്ങളിലേതിനോട് സമാനമല്ല എന്നാണ് എപ്പിഡെമോളജിസ്റ്റും, കോവിഡ് 19 സാങ്കേതിക വിദഗ്ദ സമിതി അംഗവുമായ ഡോക്ടര്‍ ഗിരിധര്‍ ആര്‍ ബാബു പറയുന്നത്. പരിശോധനകളുടെ കുറവും, മുതിര്‍ന്നവരിലും, പ്രായമേറിയവരിലും കണ്ട് വരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രികളില്‍ ഇപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉണ്ടെങ്കിലും, ആവശ്യമായ ശ്വാസകോശ രോഗ വിദഗ്ധരുടേയും, അനസ്‌തേഷ്യ ഡോക്ടര്‍മാരുടേയും, മറ്റ് സാങ്കേതിക വിദഗ്ധരുടേയും കുറവുകള്‍ പരിഹരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളില്‍ രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതുമായുള്ള ബുദ്ധിമുട്ടുകളെ പറ്റി ഡോക്ടര്‍മാര്‍ക്ക് രസകരമായ കാര്യങ്ങളാണ് പറയാനുള്ളത്. കോവിഡ് പോസിറ്റീവ് രോഗികളായ ആയ പല ഗ്രാമീണരും ഹോം ഐസൊലേഷന്‍ ഒഴിവാക്കാനും മറ്റും കളവ് പറയുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അവര്‍ നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണിത്. പരിശോധനയില്‍ പോസിറ്റീവ് ആയവരുടെ കൂടെ താമസിക്കുന്നവര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഒരാഴ്ച ഐസോലഷനില്‍ കഴിയേണ്ടതുണ്ട്. പക്ഷെ, നെഗറ്റീവ് ആയതിനാല്‍ അവര്‍ ഒരു ഗ്രാമം വിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നു. ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് രോഗം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഗ്രാമീണ ജനതയെ ബോധിപ്പിക്കുക എന്നത് വലിയ സാഹസമാണെന്ന് ശിവമോഗയില്‍ ഗ്രാമീണ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ പറയുന്നു.

മഹാമാരിയെ കുറിച്ച് ഗ്രാമീണ മേഖലയില്‍ ഉള്ളവരുടെ അറിവില്ലായ്മ ഉത്കണ്ഠാജനകവും, അപകടകരവുമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പറയുന്നു. ഗ്രാമീണ ജനതയെ ഇക്കാര്യത്തില്‍ ഇനിയും ബോധവത്കരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാതല വിദഗ്ധ സമിതി തയ്യാറെടുക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 6018 ഗ്രാമ പഞ്ചായത്തുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉണ്ട്. വീടുവീടാന്തരം സഞ്ചരിച്ച് ഗുരുതരമായ രോഗങ്ങളുള്ളവരെ കണ്ടെത്തുകയും ബോധവത്കരണ പ്രക്രിയകള്‍ നടത്തുകയും ചെയ്യുന്നതായി റൂറല്‍ ഡവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് സെക്രട്ടറി എല്‍.കെ. അതീഖ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.