Follow the News Bengaluru channel on WhatsApp

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ബെംഗളൂരുവില്‍ ഒരാഴ്ചക്കിടെ മരിച്ചത് 500 ലേറെ പേര്‍

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം ബെംഗളൂരുവില്‍ രൂക്ഷമായതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നു. ദിവസേന സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതോടെ നഗരത്തിലെ ചികിത്സാ സംവിധാനങ്ങളും കിതക്കുകയാണ്. ആവശ്യത്തിനുള്ള ഐസിയു വെന്റിലേറ്ററുകളുടെ ലഭ്യത കുറവാണ് ബെംഗളൂരുവില്‍ ഏറെ ആശങ്കയുണ്ടാക്കുന്നത്.

സംസ്ഥാനത്ത് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ബെംഗളൂരുവിലാണ്. ഒരാഴ്ച മുമ്പ്, അതായത് ഏപ്രില്‍ 17ന് ബെംഗളൂരുവില്‍ 124 രോഗികളായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍ ഏഴു ദിവസത്തിന് ശേഷം ഇന്നലെ അത് 246 ആയി ഉയര്‍ന്നു. മരണ നിരക്കിലും കുത്തനെയുള്ള വളര്‍ച്ചയാണ്. 5063 പേരായിരുന്നു ഏപ്രില്‍ 17 വരെ മരിച്ചത്. ഒരാഴ്ചക്കുള്ളില്‍ എപ്രില്‍ 23 ന് ഇത് 5574 ആയി ഉയര്‍ന്നു. 511 മരണങ്ങളുടെ വര്‍ധനയാണ് ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 124 മരണങ്ങളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

മരണ നിരക്ക് ഉയര്‍ന്നതോടെ നഗരത്തിലെ ശ്മശാനങ്ങളിലും തിരക്കേറി. ബെംഗളൂരുവിലുള്ള ഏഴ് കോവിഡ് ശ്മശാനങ്ങളിലും ദിവസേന 20-25 നിടക്ക് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കേണ്ടിവരുന്നുണ്ട്. സാധാരണ അഞ്ചോ – ആറോ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നിടത്താണ് അഞ്ച് മടങ്ങിലേറെ വര്‍ധനവുണ്ടായത്. ഇതേ തുടര്‍ന്ന് ബെംഗളൂരുവില്‍ കോവിഡ് ശ്മശാനങ്ങളുടെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിച്ചു. ബെംഗളൂരു നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ ശ്മശാനത്തിനുള്ള ഭൂമി കണ്ടെത്താനും സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് കേസുകളുടെ വര്‍ധനവും മരണനിരക്കും വര്‍ധിച്ചു വരുന്നതോടെ കോവിഡ് നിയന്ത്രണം പാളിപ്പോകുമോ എന്ന ആശങ്കയും സര്‍ക്കാറിന് ഉണ്ട്. ആദ്യഘട്ടത്തില്‍ രോഗവ്യാപനം ഒരളവുവരെ തടഞ്ഞ് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ പറ്റാതെ പോയതും നിലവിലുണ്ടായിരുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ കാണിച്ച ജാഗ്രത കുറവുമാണ് ജില്ലയിലെ വ്യാപനതോത് വര്‍ധിപ്പിച്ചത്.

ആശുപത്രികളില്‍ മതിയായ ഐസിയു/വെന്റിലേറ്റര്‍ കിടക്കകള്‍ ഇല്ലാത്തതും കോവിഡ് ചികിത്സക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ നേരത്തെ 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും എന്നാല്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ 50 ല്‍ നിന്നും 80 ശതമാനമായി ഉയര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ചെറുപ്പക്കാരടക്കം പതിനഞ്ചിനടുത്ത് മലയാളികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജീവന്‍ നഷ്ടമായത്.

സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിലെ പോരായ്മകള്‍ ആണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഗുണകരമല്ലാതാക്കി തീര്‍ത്തത്. പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും മറ്റ് കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കുമെതിരെ സ്വീകരിക്കുന്ന ശിക്ഷാ നടപടികള്‍ക്കും പലപ്പോഴും തുടര്‍ച്ച ഇല്ലാതായി തീരാറുണ്ട്. അതിലുപരി രണ്ടാം വ്യാപനത്തിന്റെ തീവ്രത / അപകട സാധ്യതയെ കുറിച്ച് ഇനിയും ജനങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം ഉണ്ടായിട്ടില്ലെന്നുള്ളതും യാഥാര്‍ഥ്യമാണ്. രാത്രികാല കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്കിലുണ്ടായേക്കാവുന്ന വര്‍ധന മുന്നില്‍ കണ്ട് 2000 താത്കാലിക ഐസിയു കിടക്കകള്‍ ഒരുക്കാനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 800 എണ്ണം വെന്റിലേറ്റര്‍ കിടക്കകള്‍ ആയിരിക്കും. വിക്ടോറിയ ആശുപത്രിയില്‍ 250 ഐസിയു കിടക്കകളും മറ്റൊരു പുതിയ കെട്ടിടത്തില്‍ 150-200 ഐ സി യു കിടക്കകളും ഒരുക്കുമെന്നും ഇതില്‍ നൂറെണ്ണം വെന്റിലേറ്റര്‍ കിടക്കകളായിരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.