കുഞ്ഞിക്കണ്ണന്‍ മാഷും ഒരു രൂപാനോട്ടും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ആറ്   
🔵

വീട്ടില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് പയന്തോങ്ങിലെ കുറ്റിപ്രം യു. പി. സ്‌കൂള്‍. അതിന്റെ മുന്നില്‍ നിന്നും ചുറ്റി വളഞ്ഞു പോകുന്ന കയറ്റം കയറണം അത്യോറക്കുന്നിന്റെ നെറുകയിലുള്ള ഹൈസ്‌കൂളില്‍ എത്താന്‍. വീട്ടില്‍ നിന്നും എട്ടരയോടെ ഇറങ്ങും. കല്ലാച്ചി അങ്ങാടി വഴി പോയാല്‍ ദൂരം കൂടുതലാണ്. അമ്മയുടെയും അച്ഛന്റെയും വീടുകളില്‍ മാറിമാറിയാണ് ഞാന്‍ താമസിച്ചു കൊണ്ടിരുന്നത്. അമ്മയുടെ വീട്ടില്‍ നിന്ന് വയലില്‍ ഇറങ്ങി തോട്ടുവരമ്പിലൂടെ നടന്ന് അത്യോട്ടെ ഇടവഴിയില്‍ കയറും.

വാണിമേല്‍ റോഡ് മുറിച്ചു കടന്ന് കൈതാക്കൊട്ടയില്‍ താഴെ ഇടവഴിയിലൂടെ പയന്തോങ്ങില്‍ എത്തും. അഛന്റെ വീട്ടിലാണെങ്കില്‍ ചാമപ്പറമ്പത്തെ മുക്കില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കൈതാക്കൊട്ടയില്‍ താഴെ ചെന്നു കേറും. ആറാം ക്ലാസ് ഡി ആയിരുന്നു ഡിവിഷന്‍. വിഷ്ണുമംഗലം സ്കൂളില്‍ നിന്ന് അഞ്ചാംക്ലാസ് പാസ്സായ സഹപാഠികള്‍ ആരും ആ ഡിവിഷനില്‍ ഇല്ല. ക്ലാസ് ടീച്ചറായ ശ്രീധരന്‍ മാസ്റ്റര്‍ ഉഗ്രപ്രതാപിയായിരുന്നു. അദ്ദേഹത്തിന്റെ വീരകഥകള്‍ കേട്ട് ആദ്യ ദിവസം തന്നെ പേടിച്ചു. അച്ഛന്റെ പ്രിയ ചങ്ങാതി കുറുവയില്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പിക്കുന്നുണ്ട് എന്നതു മാത്രമായിരുന്നു ആശ്വാസം. മാസ്റ്ററെ പേടിയായിരുന്നെങ്കിലും അദ്ദേഹം സ്നേഹത്തോടെയാണ് പെരുമാറിയത്. മാസ്റ്റര്‍ വാണിമേല്‍പുഴയുടെ തീരത്തുള്ള കുറുവയില്‍ പറമ്പില്‍ പുതിയ വീട് വെക്കുന്നുണ്ട്. അച്ഛന്‍ അവിടെ താമസിച്ച് അതിന്റെ മേല്‍നോട്ടം വഹിക്കുകയാണ്.

കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍

തിങ്കളാഴ്ചകളില്‍ സ്‌കൂളില്‍ പോകാന്‍ എനിക്ക് അത്യുല്‍സാഹമാണ്. കാരണം എല്ലാ തിങ്കളാഴ്ചയും കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ടീച്ചേര്‍സ് റൂമിലേക്ക് വിളിച്ച് പേഴ്സില്‍ നിന്ന് പുതു പുത്തന്‍ ഒരു രുപ നോട്ട് എടുത്തു തരും. അച്ഛന്‍ കൊടുത്തയക്കുന്നതാണ്. എനിക്ക് ഒരാഴ്ച്ച ഉച്ചക്ക് ചായ കുടിക്കാനുള്ള കാശ് ആണത്. ഉച്ചക്ക് ചായയാണ്. ഊണ് വൈകീട്ട് വീട്ടില്‍ നിന്ന് കഴിക്കും. ചായകുടി എന്നാല്‍ ചായയല്ല!. കപ്പ, പരിപ്പു വട, പൊറാട്ട കറി,പുട്ട് കടല എന്നിവയാണ്. പയന്തോങ്ങ് അങ്ങാടിയില്‍ നാലു ചായക്കടയും രണ്ട് ഹോട്ടലുമുണ്ട്. ആല്യോട്ടെ കുമാരേട്ടന്റെ ചായക്കടയാണ് ഭേദം.

കുമാരേട്ടന്‍ കപ്പ ജാസ്തി വിളമ്പും. പൊറാട്ടക്കു നല്ല കനമുണ്ടാവും. പരിപ്പുവട അടിപൊളിയാണ്. ഞാനും സുഹൃത്തുക്കളും സ്ഥിരമായി അവിടെ നിന്നാണ് കഴിക്കുക (സ്‌കൂള്‍ വിട്ടശേഷം കുമാരേട്ടനെ കണ്ടിട്ടില്ല. നാല്പത്തഞ്ചു കൊല്ലം കഴിഞ്ഞു). ഒരു പ്ലേറ്റ് കപ്പക്കും ഒരു വടക്കും പതിനഞ്ചു പൈസയാണ്. അര പ്ലേറ്റ് കപ്പ കൂടി വാങ്ങിയാല്‍ വയറു നിറയും. ഒരു രൂപയുടെ പുത്തന്‍ നോട്ട് കൈയിലുള്ള തിങ്കളാഴ്ച ഒരു വടയും കൂടി വാങ്ങിപ്പോകും!. പിന്നെ കുഞ്ഞിക്കണ്ണന്റെ പീട്യേന്നു രണ്ടു കടല മുട്ടായിയും.(കടല മുട്ടായിയോടുള്ള ഇഷ്ടം ഇപ്പോഴും മാറിയിട്ടില്ല. ബെംഗളൂരുവിലെ കടകളില്‍ നിന്ന് വാങ്ങിക്കഴിക്കും. കാലത്തെ അതിജീവിച്ച അത്ഭുത മുട്ടായി ആണത്). വ്യാഴാഴ്ച വരെ ഒരു രുപ കൊണ്ട് തട്ടി മുട്ടിപ്പോകും.

വെള്ളിയാഴ്ച അമ്മ വേറെ കാശ് തന്നില്ലെങ്കില്‍ അന്ന് സകൂളില്‍ പോകില്ല!. വലിയച്ഛന്റെ മകന്‍ കൃഷ്ണേട്ടനാണ് ലീവ് ലെറ്റര്‍ എഴുതി തരിക. കല്ലാച്ചി സുന്ദര്‍ ടാക്കീസില്‍ ജോലി ചെയ്തിരുന്ന കൃഷ്ണേട്ടന്‍ നല്ല കമ്പനിയായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. സിനിമാപ്പാട്ട് പുസ്തകങ്ങളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു കൃഷ്ണേട്ടന്. പാട്ടുകള്‍ പഠിച്ചതും സിനിമകളുടെ കഥാസാരം വായിച്ചതും ആ പുസ്തക ശേഖരത്തില്‍ നിന്നാണ്. ലീവ് എടുക്കുന്ന ദിവസം കൃഷ്ണേട്ടന്റെ കൂടെ മീത്തലെപറമ്പില്‍ ഉടുമ്പ് പിടിക്കാനോ ഒറ്റപ്പുരക്കലെ കുളത്തില്‍ മീന്‍പിടിക്കാനോ പോകും. വലിയ കൊമ്പന്‍ മീശയുള്ള വെളുത്തു തടിച്ച കൃഷ്ണേട്ടനെ നാട്ടുകാര്‍ക്ക് എന്തുകൊണ്ടൊ ഭയമായിരുന്നു. അസുഖബാധിതനായ കൃഷ്ണേട്ടന്‍ ഏതാനും വര്‍ഷം മുമ്പ് മരണമടഞ്ഞു. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ കണ്ണു വെട്ടിച്ച് അധികം ലീവ് എടുക്കുക ബുദ്ധിമുട്ടായിരുന്നു. പൈസ ഇല്ലാത്ത ദിവസം കുമാരേട്ടനോട് കടംപറയും. പഠിപ്പിനെക്കാള്‍ കപ്പയും പരിപ്പുവടയും തന്നെ ആയിരുന്നു മുഖ്യം!. അതിദൃഡമായ സൌഹൃദമാണ് അച്ഛനും കുഞ്ഞിക്കണ്ണന്‍മാസ്റ്ററും തമ്മില്‍ നിലനിന്നിരുന്നത്. അച്ഛനെ കുറിച്ചുളള സ്മരണികയില്‍ മാസ്റ്റര്‍ എഴുതി .’ കുട്ടിക്കാലത്ത് എന്റെ കൂട്ടുകാരന്‍ എന്നതിലുപരി എല്ലാറ്റിലും എന്റെ പക്ഷക്കാരന്‍ ആയിരുന്നു കണ്ണന്‍. അവന്റെ വേര്‍പാടില്‍ ഒരു അനാഥത്വം തോന്നുകയാണ് എനിക്ക്’. മൂന്നു നാല് വര്‍ഷത്തിന് ശേഷം മാസ്റ്ററും മരണമടഞ്ഞു. കുറ്റിപ്രം സ്‌കൂളിലെ ടീച്ചേര്‍സ് റൂമിന്റെ മുന്‍പില്‍ നില്‍ക്കുന്ന കുഞ്ഞിക്കണ്ണന്‍മാസ്റ്ററുടെ ഇസ്ത്രിയിട്ട തൂവെള്ള ഷര്‍ട്ടിന്റെയും പേഴ്സിലെ പുതിയ ഒറ്റ രൂപാനോട്ടിന്റെയും ഗന്ധം നാസാദ്വാരങ്ങളില്‍ വന്നടിക്കുന്നു.
(തുടരും)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy